സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കോറോം സ്വദേശിയും മമ്പലത്ത് താമസക്കാരനുമായ പുതിയ പുരയില്‍ ഷിനു(30), രാമന്തളി വടക്കുമ്പാട്ടെ സനീഷ് എന്ന കുട്ടന്‍(28) എന്നിവരെയാണ് എസ്.ഐ കെ.പി ഷൈന്‍ അറസ്റ്റ് ചെയ്തത്. 2017 ഒക്ടോബര്‍ 20ന് രാത്രിയാണ് മലബാര്‍ ഫഌഷ് സായാഹ്ന പത്രത്തിന്റെ പത്രാധിപരായ ബി. സന്തോഷ് കുമാറും കുടുംബവും താമസിക്കുന്ന വീടിന് പുറത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവച്ച് നശിപ്പിച്ചത്. സന്തോഷിന്റെ സഹോദരനും പയ്യന്നൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി തായിനേരി ബ്രാഞ്ച് മാനേജരുമായ ബി. മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് നശിപ്പിച്ചത്. സംഭവസ്ഥലത്ത് നിന്ന് പൊലിസിന് പ്രതികളുടേതെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരിപ്പും പെട്രോള്‍ കൊണ്ടുവന്നെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുമുണ്ടായിരുന്നു. ടവര്‍ ലൊക്കേഷനില്‍ നിന്ന് അന്നേ ദിവസത്തെ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."