ലഹരി മാഫിയയെ ജനകീയമായി നേരിടും: മുഖ്യമന്ത്രി
തൃശൂര്‍: ഭാവിതലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലഹരി മാഫിയയെ ജനകീയമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പ്രവേശനോത്സവം തൃശൂരിലെ ചെമ്പൂച്ചിറ ഗവ. എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഊര്‍ജസ്വലമായ ഒരു യുവതയെ ഇല്ലാതാക്കാനുളള ശ്രമമാണ് ലഹരി മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നത്. വലിയ വേരുകളാണ് ഇവര്‍ക്കുള്ളത്. ഇത്തരക്കാരെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ പ്രചാരണം നടത്തി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. എന്നാല്‍ ഈ മാറ്റം എയ്ഡഡ് മേഖലയില്‍ ഉണ്ടായിട്ടില്ല. എയ്ഡഡ് മേഖലയുടെ അഭിവൃദ്ധിക്കായി ചെലവാകുന്ന തുകയില്‍ ഒരു കോടി രൂപ വരെ നല്‍കാന്‍ തയാറാണെന്ന സര്‍ക്കാറിന്റെ വാഗ്ദാനം എത്ര എയ്ഡഡ് വിദ്യാലയങ്ങള്‍ പാലിച്ചു എന്നതു പരിശോധിക്കണം. അഭിവൃദ്ധിപ്പെടാത്ത തുരുത്തുകളായി മാറാന്‍ ഒരു എയ്ഡഡ് വിദ്യാലയത്തേയും അനുവദിക്കരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തോടു മുഖംതിരിച്ചു നില്‍ക്കുന്നത് സമൂഹത്തോട് ചെയ്യുന്ന നീതികേടാവും.
നാടിന്റെ വിഭവശേഷി കൂടി ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തണം. കുട്ടികളെ പ്രതികരണ ശേഷിയുളളവരാക്കി മാറ്റാന്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍കുളങ്ങള്‍ നിര്‍മിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
രണ്ടുവര്‍ഷത്തിനുളളില്‍ ഉത്തര, ദക്ഷിണ, മധ്യ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള മൂന്ന് നീന്തല്‍കുളങ്ങള്‍ നിര്‍മിക്കും. ഒന്നാംതരം മുതല്‍ 12ാം തരം വരെ ഒറ്റ യൂനിറ്റ് എന്ന സങ്കല്‍പം വിദ്യാലയങ്ങളില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്നും അക്കാദമിക മികവ് കൈവരിക്കാര്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് അക്കാദമിക ആസൂത്രണം സാധ്യമായതാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഓണാവധിക്ക് മുന്‍പ് സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസുകള്‍ ഹൈടെക് ആയി മാറും. ഇന്ത്യയിലെ ആദ്യ ഹൈടെക് സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ഒന്നാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പ്രവേശനം നേടിയ കുട്ടികളെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വരവേറ്റതോടെയാണ് പ്രവേശനോത്സവ പരിപാടികള്‍ക്ക് തുടക്കമായത്.
എം.എല്‍.എമാരായ ഇ.ടി ടൈസണ്‍മാസ്റ്റര്‍, പ്രൊഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കലക്ടര്‍ ടി വി അനുപമ, എസ്‌സിഇആര്‍ടി ഡയരക്ടര്‍ ഡോ. ജെ പ്രസാദ്, സീമാറ്റ് ഡയരക്ടര്‍ ഡോ. എം എ ലാല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ ജെസി ജോസഫ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ ജീവന്‍ ബാബു സ്വാഗതവും സമഗ്ര ശിക്ഷാ പ്രോജക്ട് ഡയരക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."