വളഞ്ഞിട്ട് ആക്രമിക്കുന്ന ഇ.ഡി
സോവിയറ്റ് യൂണിയന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ശേഷം ഇന്ത്യയിലെ ഭരണവര്‍ഗ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സോഷ്യലിസ്റ്റ് സ്വര്‍ഗമായി ചൂണ്ടിക്കാണിക്കാന്‍ ലോകത്ത് പ്രധാനമായുള്ള ഒരിടമാണ് ചൈന. ക്യൂബ പോലെ ചില ലൊട്ടുലൊടുക്ക് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ വേറെയുമുണ്ടെങ്കിലും അവയ്‌ക്കൊന്നും അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ മാത്രമുള്ള ഗമയില്ല. അതുകൊണ്ടു തന്നെ ചൈനയ്ക്കു നേരെ ആരെങ്കിലും കണ്ണുരുട്ടിയാല്‍ പോലും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് മനസു നോവും. അതുകൊണ്ടാണ് ഇന്ത്യയടക്കമുള്ള ചില ബൂര്‍ഷ്വാ രാഷ്ട്രങ്ങളുടെ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടുത്തകാലത്ത് സങ്കടപ്പെട്ടത്.
ഇത് ചൈനയുടെ മാത്രം കാര്യമല്ല. ലോകത്ത് എവിടെയുമുള്ള കമ്യൂണിസ്റ്റുകാരെ ബൂര്‍ഷ്വാ രാഷ്ട്രങ്ങളും അവയുടെ മര്‍ദനോപാധികളും വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു ആക്രമണമാണ് ഇപ്പോള്‍ കോടിയേരിയുടെ പാര്‍ട്ടിയും നേരിടുന്നത്. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ വിപ്ലവപ്രസ്ഥാനമായ സി.പി.എമ്മിനെ വളഞ്ഞിട്ട് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) എന്ന അറുപിന്തിരിപ്പന്‍ അന്വേഷണ ഏജന്‍സിക്ക് നെഗളിപ്പ് ഇത്തിരി കൂടുതലാണ്. അവര്‍ വിപ്ലവപ്രസ്ഥാനത്തെ കണ്ണില്‍ ചോരയില്ലാത്ത വിധത്തിലാണ് ആക്രമിക്കുന്നത്. കോണ്‍ഗ്രസും ലീഗുമടക്കമുള്ള നാട്ടിലെ സകല ബൂര്‍ഷ്വാ പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളും അതിനു പിന്തുണ നല്‍കുകയും ചെയ്യുന്നു.
ചൈനയ്ക്കു പോലും മാതൃകയായൊരു ഭരണമാണ് കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി നടത്തുന്നതെന്ന് ആര്‍ക്കാണറിയാത്തത്. ബൂര്‍ഷ്വാ ശക്തികള്‍ക്ക് ആ ഭരണമാതൃക ഒട്ടും സഹിക്കാത്തതുകൊണ്ടാണ് ഈ ആക്രമണം. യു.എ.ഇ കോണ്‍സുലേറ്റ് വഴി ആരോ ഇത്തിരി സ്വര്‍ണം കടത്തിക്കൊണ്ടു വന്നെന്ന പേരില്‍ അവരുണ്ടാക്കുന്ന പുകില് ചില്ലറയല്ല. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്നും അവരോടൊപ്പം മദ്യപിച്ചെന്നുമൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അവര്‍ അറസ്റ്റ് ചെയ്ത് അകത്തിട്ടിരിക്കുകയാണ്. ശിവശങ്കറിന്റെ മൊഴിയുടെ പേരു പറഞ്ഞ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിക്കളിക്കാനുള്ള ഒരുക്കത്തിലുമാണ് ഇ.ഡി.
അതുകൊണ്ടും അരിശം തീരാതെ അവര്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഓമനപ്പുത്രനും സിനിമാനടനും അതുവഴി സാംസ്‌കാരിക നായകനുമൊക്കെയായ ബിനീഷ് കോടിയേരിയെയും ഒരു മയക്കുരുന്ന് കച്ചവടക്കേസില്‍ പിടികൂടിയിരിക്കുകയാണിപ്പോള്‍. ശിവശങ്കറിനെയും ബിനീഷിനെയുമൊക്കെ ന്യായീകരിച്ച് വിപ്ലവപ്രസ്ഥാനത്തെ രക്ഷിക്കാന്‍ കൈയിലുള്ള സകല കാപ്‌സ്യൂളുകളും ഉപയോഗിക്കുകയാണ് നാട്ടിലെ വിപ്ലവകാരികള്‍.
ഈ നാട്ടില്‍ ഇതൊക്കെ അത്ര വലിയ കുറ്റമാണോ? കള്ളക്കടത്തുകാരുടെ കൂടെ കള്ളുകുടിക്കരുതെന്ന വല്ല നിയമവും ഈ രാജ്യത്തുണ്ടോ? യു.ഡി.എഫ് ഭരിച്ച കാലത്തും ഇതുപോലെ ഉദ്യോഗസ്ഥര്‍ കള്ളക്കടത്തുകാരുടെ കൂടെ കള്ളുകുടിച്ചിട്ടുണ്ടാവില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് വിപ്ലവഭരണത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രം അതിന്റെ പേരില്‍ പ്രതിയാകുന്നത്?
ഇനി ബിനീഷിന്റെ കാര്യവുമെടുക്കാം. ഒരു മയക്കുമരുന്ന് കച്ചവടക്കാരന് കുറച്ചു കാശ് കടമായി നല്‍കി എന്ന പേരിലാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. അതും അത്ര വലിയൊരു കുറ്റമാണോ? ചാരായക്കച്ചവടക്കാരെയും മയക്കുമരുന്ന് കച്ചവടക്കാരെയുമൊക്കെ കണ്ടാല്‍ മിണ്ടരുതെന്നും അവര്‍ക്ക് കാശ് കടം കൊടുക്കരുതെന്നുമൊക്കെ ഈ രാജ്യത്തു നിയമമുണ്ടോ? ചില യു.ഡി.എഫ് നേതാക്കളുടെ മക്കളും ഇതുപോലുള്ളവര്‍ക്ക് പണം കടം കൊടുത്തിട്ടുണ്ടാവില്ലേ? എന്നിട്ടെന്താണ് അവരെയൊന്നും അറസ്റ്റ് ചെയ്യാത്തത്?
ഇക്കാര്യത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ പാലിക്കുന്ന മൗനമാണ് അതിലേറെ സങ്കടം. ഒരു സിനിമാനടനെ അറസ്റ്റ് ചെയ്തിട്ട് അവരാരും മിണ്ടുന്നില്ല. പു.ക.സയുടെ നേതൃത്വത്തിന്റെ ചരുവില്‍ നില്‍ക്കുന്ന സാംസ്‌കാരിക നായകര്‍ പോലും പ്രതിഷേധിക്കുന്നില്ല. വിപ്ലവപ്രസ്ഥാനം ഇത്തരം നിര്‍ണായക പ്രതിസന്ധികള്‍ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പെറ്റിബൂര്‍ഷ്വാ ബുദ്ധിജീവികളും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് കമ്യൂണിസ്റ്റ് ആചാര്യര്‍ പണ്ടു തന്നെ പറഞ്ഞിട്ടുണ്ട്. അതാണിപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്. ഇതുകൊണ്ടൊന്നും വിപ്ലവപ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് അവരൊന്നും അറിയുന്നില്ല.
ഗതികേടിന്റെ വിശാല മതേതരത്വം
പലരും നേരിടുന്ന വലിയൊരു പ്രതിസന്ധിയുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പരസ്യമായി നാട്ടുകാരോട് പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും. അവരതു തുറന്നുപറഞ്ഞില്ലെങ്കിലും നാട്ടുകാരൊക്കെ അതറിയുന്നുണ്ടാകും. വഴിയില്‍ കാണുമ്പോള്‍ ആരെങ്കിലും അതു ചോദിച്ചെന്നും വരും. അപ്പോള്‍ അതങ്ങനെയല്ല ഇങ്ങനെയെന്നൊക്കെ പറഞ്ഞ് ഒഴിയേണ്ടിവരും. മനുഷ്യജീവിതത്തിന്റെ വലിയൊരു ഗതികേടാണിത്.
കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കുറച്ചു വര്‍ഷങ്ങളായി അങ്ങനെയൊരു ഗതികേടിലാണ് സി.പി.എം. ഒരുകാലത്ത് സി.പി.എമ്മിന്റെ വിപരീതപദം എന്തെന്നു ചോദിച്ചാല്‍ ഇത്തിരിയെങ്കിലും രാഷ്ട്രീയമറിയുന്ന ഏതൊരു കൊച്ചുകുട്ടിയും കണ്ണുംപൂട്ടി പറയുമായിരുന്നു കോണ്‍ഗ്രസെന്ന്. പണ്ട് രണ്ടു പാര്‍ട്ടികളുടെയും ഇരിപ്പുവശം അങ്ങനെയായിരുന്നു. സി.പി.എമ്മിന്റെ പ്രഖ്യാപിത മുഖ്യശത്രുവായിരുന്നു പാര്‍ട്ടിക്കാരുടെ ഭാഷയില്‍ ബൂര്‍ഷ്വാ, ഭൂപ്രഭു ഭരണവര്‍ഗ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് തിരിച്ച് അങ്ങനെയായിരുന്നോ എന്ന് അറിയില്ല. ശത്രുവാര്, മിത്രമാര് എന്നൊക്കെ ഒരു വ്യക്തതയുമില്ലാത്ത അവസ്ഥയിലാണ് പണ്ടേ അവര്‍. പിന്നെ സി.പി.എമ്മുകാര്‍ പറയുന്ന മാതിരിയുള്ള ചില വാക്കുകള്‍ കോണ്‍ഗ്രസുകാരുടെ നാവിനു വഴങ്ങാത്തതിനാല്‍ അവര്‍ ശത്രുക്കളെക്കുറിച്ച് വലിയതോതില്‍ താത്ത്വികമായ അവലോകനമൊന്നും നടത്താന്‍ പോകാറുമില്ല. അതെന്തൊക്കെയായാലും സ്വാതന്ത്ര്യാനന്തരമുള്ള കുറെ പതിറ്റാണ്ടുകളില്‍ പരസ്പരം മുറുകിയ പോരിലായിരുന്നു ഇരുകൂട്ടരും.
കാലം ഏറെ മാറി. വോള്‍ഗയിലൂടെ മാത്രമല്ല ഹൂഗ്ലി നദിയിലൂടെയും വെള്ളം ഒരുപാട് ഒഴുകിപ്പോയി. ഇരുകൂട്ടരും പണ്ടത്തെ മാതിരിയുള്ള പോരിന് പ്രാപ്തിയില്ലാത്ത അവസ്ഥയിലായി. ഗതികെട്ടാല്‍ പുലി ആരുടെ തോളിലും കൈയിടും എന്നോ മറ്റോ ഒരു പഴഞ്ചൊല്ലുണ്ടല്ലോ. ഏതാണ്ട് ഒന്നര പതിറ്റാണ്ടിനപ്പുറം അതു സംഭവിച്ചു തുടങ്ങി. 2004ല്‍ കേന്ദ്രത്തില്‍ സി.പി.എമ്മിന്റെ പിന്തുണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. തുടര്‍ന്ന് പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനത്തും ഒത്തുകൂടി ഭായിഭായിയായി പലതവണ തെരഞ്ഞടുപ്പിനെ നേരിട്ടു. ആ സമയത്തു പോലും സി.പി.എമ്മിനത് രഹസ്യവേഴ്ചയായിരുന്നു. അങ്ങോട്ടൊക്കെ കൈചൂണ്ടി ചോദിച്ചവരോട് സഖ്യമില്ല, ധാരണയാണ്, നീക്കുപോക്കാണ് എന്നൊക്കെ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടു പെട്ടു. ജാള്യത മറച്ചുവയ്ക്കാന്‍ ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനെതിരേ യമണ്ടന്‍ വാചകങ്ങള്‍ നിറച്ച രേഖകളും പ്രമേയങ്ങളുമൊക്കെ വായിച്ചു കൈയടിച്ചു പാസാക്കിക്കൊണ്ടിരുന്നു. എന്നാല്‍ രഹസ്യവേഴ്ചയുടെ കാര്യത്തില്‍ നാണവും മാനവുമില്ലാത്തതുകൊണ്ടാവാം, കോണ്‍ഗ്രസുകാര്‍ അതു പരസ്യമായി പാടിനടന്നു.
പറയാതിനി വയ്യ, പറയാനും വയ്യ എന്നൊരവസ്ഥയിലെത്തിയപ്പോള്‍ നാട്ടുകാരോട് ഇക്കാര്യം അടക്കിപ്പിടിച്ചെങ്കിലും പറയാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ ഒടുവില്‍ തീരുമാനിച്ചെന്നും തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി അതിന് അംഗീകാരം നല്‍കിയെന്നുമൊക്കെ ഡല്‍ഹിയില്‍ നിന്നൊരു വാര്‍ത്ത വന്നിട്ടുണ്ട്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്ത. ഇതിന് മതേതരകക്ഷികളുടെ വിശാല ഐക്യം എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ വന്നുതുടങ്ങിയിട്ടുമുണ്ട്. ഗതികേടിന്റെ അങ്ങേയറ്റത്തെത്തിയതുകൊണ്ടാണ് ഈ വിശാല ഐക്യബോധമുണ്ടാകുന്നതെന്നത് വേറെ കാര്യം.
അല്ലെങ്കിലും ഗതികേടു തന്നെല്ലേ നമ്മുടെ നാട്ടിലെ രാഷ്ട്രീയനേതാക്കളെ മതേതര ചേരിക്കാരും അല്ലാത്ത ചേരിക്കാരുമൊക്കെയാക്കുന്നത്. ബി.ജെ.പിയുടെ മുന്നണിയിയില്‍ നിന്ന പി.സി തോമസും സി.കെ ജാനുവുമൊക്കെ ഇപ്പോള്‍ കടുത്ത മതേതരക്കാരാണ്. ജാനു എല്‍.ഡി.എഫിനോടൊപ്പമാണിപ്പോള്‍. തോമസ് യു.ഡി.എഫില്‍ ചേരാന്‍ ഒരുങ്ങിനില്‍ക്കുന്നു. ശരിയായ കാരണം ഇവരില്‍ നിന്നൊക്കെ നേരത്തെ പരിഭവമായി പുറത്തുവന്നിട്ടുണ്ട്. കേന്ദ്രത്തില്‍ കൊടുക്കാമെന്നു പറഞ്ഞ ചില സ്ഥാനമാനങ്ങള്‍ ബി.ജെ.പി കൊടുത്തില്ല. എങ്കില്‍ പിന്നെ മതേതരരാവണമെങ്കില്‍ അങ്ങനെ. അത്രതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."