വ്യാജ സിദ്ധന് സ്വര്‍ണാഭരണവുമായി മുങ്ങി; പൊലിസ് അന്വേഷണം പുരോഗമിക്കുന്നു
കട്ടാങ്ങല്‍: മകന്റെ അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് വ്യാജ സിദ്ധന് ഒന്‍പത് പവനും പന്ത്രണ്ടായിരം രൂപയും കവര്‍ന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുന്നു. ചാത്തമംഗലം മലയമ്മ, പുള്ളന്നൂര്‍ സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലിസില്‍ പരാതി നല്‍കിയത്.
തന്റെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇയാളെ സമീപിച്ച യുവതിക്ക് ആദ്യം ഇയാള്‍ ജപിച്ച ഒരു കിഴി നല്‍കുകയും വീട്ടില്‍ വച്ചാല്‍ മകന്റെ അസുഖം മാറുമെന്നും കിഴി തുറന്ന് നോക്കരുതെന്നും പറഞ്ഞു. ആദ്യ സമയത്ത് കുട്ടിയില്‍ ചെറിയ മാറ്റം കണ്ടതോടെ യുവതി വീണ്ടും ഇദ്ദേഹത്തെ സമീപിച്ചപ്പോള്‍ കൈയിലുള്ള ഒന്‍പത് പവനും പന്ത്രണ്ടായിരം രൂപയും നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ഇയാള്‍ മുങ്ങിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പോയി അന്വേഷിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും ഇയാളെ കണ്ടെത്താന്‍ സാധിക്കാതെയായതോടെയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്.
ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വീട്ടിലെത്തുന്ന ഇയാള്‍ നാട്ടുകാരുമായി കൂടുതല്‍ അടുപ്പം കാണിക്കാറില്ല. മലപ്പുറം തിരൂര്‍ സ്വദേശിയാണെന്നും അബ്ദുല്‍ ഹക്കീം എന്നാണ് പേരെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇയാളെ കുറിച്ച് കുന്ദമംഗലം പൊലിസ് അന്വേഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."