രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതി കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം: സാദിഖലി തങ്ങള്‍
മുസ്‌ലിം ലീഗ് സംസ്ഥാന പരിസ്ഥിതി വാരാചരണം സമാപിച്ചു
കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികള്‍ പൊതു കാര്യങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന പരിസ്ഥിതി കാര്യങ്ങള്‍ക്കും നല്‍കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണുള്ളത്. അത് കൊണ്ട് തന്നെ പരിസ്ഥിതി കാര്യങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മ ഉയര്‍ന്നു വരണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ .കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായി.
എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയോടുള്ള സമീപനത്തില്‍ മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ആര്‍ നീലകണ്ഠന്‍, സിവിക് ചന്ദ്രന്‍, പരിസ്ഥിതി സംരക്ഷണ സമിതി അംഗങ്ങളായ അബു യൂസുഫ് കുരിക്കള്‍, ടി.കെ അബ്ദുല്‍ ഗഫൂര്‍, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, കുറുക്കോളി മൊയ്തീന്‍, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, സാജിദ് നടുവണ്ണൂര്‍, കെ മൊയ്തീന്‍ കോയ സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സ്വാഗതവും സി.ടി സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."