പൂശാലി
തെങ്ങ് കയറാന്‍ വരുന്ന വേലായുധേട്ടന് ഇളനിരുപോലത്തെ ചിരിയാണ്. തളപ്പിട്ട് തഴമ്പേറിയ ദേഹത്തിനുളളില്‍ കാമ്പ് മൂക്കാത്ത വെളുത്ത ഇളനീരിന്റെ മനസാണ്. വേലായുധേട്ടന്റെ അനുജനാണ് കോമരംതുള്ളുന്ന പ്രഭാകരേട്ടന്‍.
അരനൂറ്റാണ്ടിനിപ്പുറം പൂശാലിപ്രഭാകരനെ മറന്നുതുടങ്ങിയ മണ്ണിലേക്കാണ് ഞാന്‍ വണ്ടിയോടിച്ച് ചെന്നെത്തിയത്. പൂശാലി പ്രഭാകരന്റെ 'കലങ്കരി' ഉത്സവത്തെ കൊണ്ടാടിയ ഒരു ഗ്രാമം ഞരമ്പുകളിലൂടെ തലമുറകളിലേക്ക് പകര്‍ന്ന വിശ്വാസത്തിന്റെ വേരുകളാവാം ആ വഴികളിലെന്നെ ആര്‍ദ്രമായ് പിടിച്ചുനിര്‍ത്തിയത്.
പ്രഭാകരേട്ടനെ ഓര്‍ക്കുമ്പോള്‍ ഇന്നും ഉള്ളില്‍ ഭയത്തിന്റെ ഒരാരവം മുഴങ്ങുന്നുണ്ട്. കലംകരിയുത്സവത്തിന്റെയന്ന് അന്നോളം ആരും കാണാതെ കെട്ടിവച്ച നീണ്ട മുഴിയഴിച്ചിട്ട് കാലില്‍ ചിലമ്പിട്ട് അരയില്‍ ചുവന്ന പട്ടുചുറ്റി തിളങ്ങുന്ന വാളോങ്ങിനില്‍ക്കുന്ന പ്രഭാകരേട്ടന്‍. കാല്‍ത്തളക്കൊപ്പം വാള്‍പ്പിടിയിലെ ചിലക്കുന്ന ചിലമ്പുമണികള്‍ കിലുക്കി പ്രഭാകരേട്ടന്‍ ഉറഞ്ഞുതുള്ളുമ്പോള്‍ അഴിച്ചിട്ട മുടി പ്രഭാകരേട്ടന്റെ അരയും കവിഞ്ഞ് മുട്ടോളമെത്തും. രണ്ടുകാലില്‍ പെരുവിരല്‍കുത്തി പ്രഭാകരേട്ടന്‍ തുള്ളും. നെറ്റിയിലൂടൊഴുകുന്ന ചോരച്ചാലുകളിലേക്ക് വിറച്ചുകൊണ്ട് ചിരുതേയി മഞ്ഞള്‍പ്പൊടി വിതറും.
ഇരുട്ട്കീറി ആകാശത്തുമുട്ടി അമിട്ടുകള്‍ പൊട്ടുമ്പോള്‍ കൊട്ടും കുഴലൂത്തും മുറുകും. ചെണ്ടമേളക്കാരുടെ കുപ്പായമിടാത്ത മേനിയിലൂടെ വിയര്‍പ്പ് പെയ്‌തൊഴുകും. കുഴലൂത്തുകാരന്റെ കവിളുകള്‍ വീര്‍ത്ത് വിങ്ങും. തൊണ്ടയിലെ നീലഞരമ്പുകള്‍ ചിര്‍ത്ത് പൊട്ടാറാവും. ഇരുട്ട് പ്രഭാകരേട്ടനെ ചുവപ്പിക്കും. പ്രഭാകരേട്ടന്‍ ഉടല്‍ മറന്ന് ഉറഞ്ഞുതുള്ളും.
മരക്കൊമ്പുകളില്‍ ഞാത്തിയിട്ട ഗ്യാസിന്റെ വിളക്കുകള്‍ ഇളിച്ചു കാണിച്ച വെളിച്ചംകൊണ്ട് അത്താണിക്കുന്ന് ആകാശംപോലെ വെളുത്തിട്ടുണ്ടാവും. താലങ്ങളേന്തിയ പെണ്‍കുട്ടികളുടെ കരിമഷിയിട്ട കണ്ണുകളില്‍ നിലവിളക്കുകള്‍ നിഴലിക്കും. ശാന്തനായ പ്രഭാകരേട്ടന്റെ മുഖമപ്പോള്‍ തീര്‍ത്തും അപരിചിതമായിത്തോന്നും. ഉറഞ്ഞുതുള്ളുന്ന പ്രഭാകരേട്ടനില്‍നിന്ന് കുടിയേറിയ ദേവിയുടെ വെളിപാടുകള്‍ കല്‍വിളക്കുകളിലേക്ക് ചിതറിത്തെറിക്കും.
അപ്പോള്‍ മണ്ഡപത്തിനു ചുറ്റും ആ ഗ്രാമം മുഴുവന്‍ ഒരേഭാവം പുതച്ച് തിങ്ങിനിറഞ്ഞിട്ടുണ്ടാവും. ഭക്തിയുടെ നേര്‍ത്തചരടില്‍ അവിടം ഉത്സവചരായയണിയും. തെക്കേലെ അവറുമാപ്ല കരിങ്കുട്ടിച്ചാത്തനും കോരന്റെ കെട്ട്യോള് നങ്ങേലി ചേക്കുട്ടിപ്പാപ്പാക്കും ഉഴിഞ്ഞിട്ട പൂവന്‍കോഴികളെ ഒറ്റവെട്ടിന് കുരുതികഴിച്ച് മണ്ഡപത്തിനു പുറത്തേക്ക് ബദ്ധപ്പാടോടെ മാറ്റുന്നുണ്ടാവും. അന്ന് നേര്‍ച്ചക്കോഴികളൊരുപാട് ചോരയിറ്റിച്ച് നീട്ടിക്കൂവും. പ്രഭാകരേട്ടന്റെ നെറ്റിയില്‍ നിന്നെന്നപോലെ കോഴിച്ചോരയും മണ്ഡപത്തിന്റെ മുറ്റത്ത് ചുവന്ന ചിത്രങ്ങള്‍ കോറി വരയ്ക്കും.
ഉമ്മുമ്മയും ഉമ്മാച്ചുത്താത്തയും കുട്ടിച്ചാത്തന് ഉഴിഞ്ഞിട്ട ചേക്കോഴികള്‍ ബാലേട്ടന്റെ കയ്യിലാണ് കൊടുത്തയക്കുന്നത്. ആദ്യമായി ബാലേട്ടന്റെ തോളത്തിരുന്നാണ് ഞാനീ കാഴ്ചകളെല്ലാം കാണുന്നത്. അന്ന് ഭയന്ന് വിറച്ച് കണ്ണുകള്‍ ഇറുക്കെച്ചിമ്മി. അന്ന് മുഴുവന്‍ കരഞ്ഞു കെഞ്ചിയിട്ടാണ് ഉമ്മുമ്മ സമ്മതം തന്നത്. ആരുംകാണാതെ കോണിച്ചോട്ടിലിട്ട് കാശിത്തൊണ്ട് പൊട്ടിച്ചു.
അറ്റത്ത് ബലൂണുള്ള പീപ്പി ബാലേട്ടന്‍വാങ്ങിത്തന്നു. അത് നീട്ടി വിളിച്ചപ്പോള്‍ബാലേട്ടന്‍ ചിരിച്ചു. ബാലേട്ടന്റെ കോങ്കണ്ണുള്ള മുഖത്തിനും ചന്തമുണ്ടെന്ന് എനിക്കപ്പോള്‍ തോന്നി. നിരന്നിരിക്കുന്ന വഴിവാണിഭക്കാരുടെ കുട്ടകളില്‍ കളിപ്പാട്ടങ്ങളും കുപ്പിവളകളും ബഹളം വെച്ചു. ഉമ്മുമ്മ എണ്ണിക്കെടുത്ത കാശുകൊണ്ട് ഹലുവയും പൊരിയും വാങ്ങി ബാലേട്ടന്‍. സതീശന്റെ അച്ഛനാണ് ബാപ്പയില്ലാത്ത മൈമൂനാന്റെ മെലിഞ്ഞകയ്യില്‍ ചുവന്ന കുപ്പിവള ഇട്ടു കൊടുത്തത്.
വലിയകണ്ണുകളില്‍ കണ്‍മഷി വരച്ച് പച്ച നിറത്തിലുള്ള വലിയ പാവക്കുട്ടികള്‍ നീളത്തില്‍ തൂങ്ങിക്കിടക്കും. തൊട്ടുനോക്കാന്‍ കൊതിതോന്നും ബാലേട്ടന്‍ കൈപിടിച്ച് വലിക്കുമ്പോഴും. എന്റെ കണ്ണ് അവരുടെ ഇളകാത്ത കൈകാലുകളെ നോക്കി സങ്കടപ്പെടുകയാവും. ഒരു കമ്പിന്റെ അറ്റത്ത് വിടര്‍ത്തിയാല്‍ വിരിയുന്ന വയലറ്റ് കടലാസ്പൂവ് മാളൂന്റെ ഉപ്പയാണ് വാങ്ങിത്തന്നത്. മാളൂന്റെ ഉപ്പ അവളുടെ ഉമ്മാക്ക് കടുംപച്ച കുപ്പിവള വാങ്ങുന്നത് ഞാന്‍ കൊതിയോടെ നോക്കി നിന്നു. ഉമ്മച്ചിയുടെ വെളുത്തുതുടുത്ത കൈത്തണ്ടയില്‍ സ്വര്‍ണ്ണവളക്ക് പകരം കിലുങ്ങുന്ന കുപ്പിവളകള്‍ ഇട്ടാല്‍ നല്ല ചേലുണ്ടാവുമെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ബാലേട്ടന്‍ കോങ്കണ്ണുരുട്ടി. ഉപ്പ ഓഫീസില്‍ നിന്നു വീട്ടിലെത്തും മുമ്പേ തിരിച്ചെത്തണം. ഇല്ലെങ്കില്‍ വഴക്കും ബഹളവുമാവും. ഉപ്പ ഒന്നിനും സമ്മതിക്കില്ല. കരിങ്കുട്ടിയെപറഞ്ഞ് ബാലേട്ടന്‍ ബേജാറാക്കി.
പണിക്കര് ചേക്കുട്ടിപ്പാപ്പാക്ക് നേര്‍ച്ചയിട്ട അങ്കവാലന്‍ കുരുതിക്കളത്തില്‍നിന്ന് കൂവിപ്പറന്ന് എങ്ങോട്ടോ പാഞ്ഞു. രാവേറെക്കഴിയുമ്പോള്‍ ചെണ്ടമേളക്കാരും പ്രഭാകരേട്ടനും ഒരുപോലെ തളര്‍ന്നിട്ടുണ്ടാവും. ഒന്നൂടെ മുറുക്കിക്കൊട്ടി മണ്ഡപം വലംവച്ച് പ്രഭാകരേട്ടനെ ഉള്ളിലേക്ക് ആനയിക്കും.
അപ്പോഴൊക്കെയും തികഞ്ഞ നിസ്സംഗതയോടെ അത്രമേല്‍ നിഷ്‌കളങ്കതയോടെ ക്ഷീണിച്ച മുഖവുമായി ഓരംപറ്റി നില്‍പ്പുണ്ടാവും വേലായുധേട്ടന്‍. തേങ്ങാച്ചകിരിയുടെ, പച്ചോലയുടെ മണമാണ് വേലായുധേട്ടന്. മിത ഭാഷിയായിരുന്നു പണ്ടേ. പതുക്കെപ്പറയുന്ന ഇത്തിരി വാക്കുകളില്‍ ഒരു ആയുസിന്റെ ദൈന്യത അപ്പാടെ പതിഞ്ഞു കിടപ്പുണ്ടാവും.
വിറച്ചുപിറച്ച് ഒടുവില്‍ കുരുതിക്കളത്തില്‍ ബോധംകെട്ട് മറിഞ്ഞുവീഴുന്ന ചിരുതേയിയെ ഓലക്കുടിലിനുള്ളില്‍ വിരിച്ച തഴപ്പായിലേക്ക് താങ്ങിയെടുത്ത് കിടത്തുമ്പോള്‍ വേലായുധേട്ടന്‍ നിസ്സംഗതയോടെ തലതാഴ്ത്തി ഭാര്യയെ നോക്കിയിരിക്കും. ഋതുക്കള്‍ ചവിട്ടിമെതിച്ച് കടന്നുപോയ അവരുടെ മെലിഞ്ഞ ഉടലില്‍ ഞരമ്പുകള്‍ തളര്‍ന്നു മയങ്ങും, ബാധകേറിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടക്കിടെ അവര്‍ മരിച്ചുപോയ ഏകമകളുടെ പേര് ചൊല്ലിവിളിച്ച് ആര്‍ത്തുകരയും. ബോധമണ്ഡലത്തെ മാനസിക വിഭ്രാന്തിയുടെ കടുംചായങ്ങളിലേക്ക് ചേര്‍ത്ത് വരയ്ക്കും. വേദനയുടെ നിലയില്ലാക്കയങ്ങളില്‍ മുങ്ങിമുങ്ങി ഭൂമിയുടെ അറ്റങ്ങളോളം അവര്‍ മകളെ തിരയും.
ആ കഥ കളിയമ്മയാണ് പണ്ട് പറഞ്ഞുതന്നത്. ദേവകി അതീവ സുന്ദരിയായിരുന്നുവെത്രെ. പ്രായത്തേക്കാള്‍ കവിഞ്ഞ വളര്‍ച്ച. ഏറെയൊന്നും പഠിക്കാന്‍ വിട്ടില്ല. വീട്ടുപണിക്ക് അയച്ചു ചിരുതേയി അവളെ. വേലായുധേട്ടനെപ്പോലെ പഞ്ചപാവമായിരുന്നുവെത്രെ അവളും. വര്‍ഷങ്ങള്‍ ചിലത് കഴിഞ്ഞു. പൂശാലി പ്രഭാകരന്റെ കലംകരിയുത്സവം കൂടുതല്‍ ആഘോഷങ്ങളോടെ നാട് കൊണ്ടാടി. അങ്ങനെയൊരു ഉത്സവ നാളിലെ നിറകൊണ്ട പാതിരാക്കാണ് ദേവകിയെ കാണാതായത്.
വെളിച്ചങ്ങളുടെയും ശബ്ദഘോഷങ്ങളുടേയും മേളത്തിനിടയില്‍ ഒരു പാവം പെണ്ണിന്റെ തൊണ്ട ചിതറിയ കരച്ചില്‍ മുങ്ങിപ്പോയ ദിവസം. നാടോടികളായ വഴിവാണിഭക്കാരുടെ ഉറക്കമിളച്ച് ചുവന്ന കണ്ണുകളെ മറച്ച്... ദേവീമാഹാത്മ്യം പാടിയ കോളാമ്പിയുടെ ശബ്ദഘോഷങ്ങളെ മറച്ച്.... വാശിയേറിയ ലേലംവിളിയുടെ ആക്കത്തൂക്കങ്ങളെ മറച്ച്... വെടിവരുന്നിന്റെ ആയിരം കണ്ണുള്ള വര്‍ണ്ണ വെളിച്ചങ്ങളെ മറച്ച്... ഇരുട്ടിന്റെ ചുരുളുകളിലേക്ക് ആരോ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ട് പോയതായിരുന്നുവോ അവളെ?
ഊഹാപോഹങ്ങള്‍ ഒരുപാടുണ്ടായി. പല നിറങ്ങളിലുള്ള കഥകളും ഉപകഥകളും പിറന്നു. ഉത്സവത്തിനു വന്ന നാടോടിക്കച്ചവടക്കാരന്റെ കൂടെ ദേവകി ഒളിച്ചോടിയെന്നും ഇടയ്ക്കിടെ അയാള്‍ ചാന്തും കുപ്പിവളകളുമായി അവളെ കാണാന്‍ വരാരുണ്ടെന്നും ആരൊക്കെയോ ഊഹംവച്ചു വിളമ്പി. എല്ലാം കേട്ട് ചെമ്പകച്ചുവട്ടില്‍ നെഞ്ചകം തകര്‍ന്ന് വേലായുധേട്ടന്‍ കണ്ണീരില്ലാതെ കരഞ്ഞു.
മൂന്നാം ദിവസം സന്ധ്യക്ക് ചോലക്കാട്ടിലെ പാറക്കുഴിക്കരികെ ഇടുങ്ങി ഒഴുകിയ ഒരു നീര്‍ച്ചാലില്‍ കാറ്റില്‍വീണ ഒരിലപേലെ ദേവകി കിടന്നു. വെളുത്ത കൈകാലുകളില്‍ വരിഞ്ഞു മുറുക്കി നീലിച്ച അടയാളങ്ങള്‍ മാത്രം ബാക്കിയാക്കി. ....!
മുറിവുകളിലെ ചോരപ്പാടുകളത്രയും നീര്‍ച്ചാലിലെ നേര്‍ത്ത ഒഴുക്കിലേക്ക് അലിഞ്ഞു ചേര്‍ന്നിരുന്നു. കുറെ നാള്‍ പൊലിസ് ജീപ്പുകള്‍ അത്താണിക്കുന്നിലേക്ക് ഇരമ്പിപാഞ്ഞു. ആരെയൊക്കെയോ ചോദ്യം ചെയ്തു. ആരൊക്കെയോ കനത്ത ബൂട്ടിന്റെ ചവിട്ടുകൊണ്ടു. കുറെ കഴിഞ്ഞപ്പോള്‍ അതും നിറംകെട്ട് തേഞ്ഞുമാഞ്ഞു.
കാലങ്ങളോളം കലംകരിയുത്സവത്തിന്റെ തണുത്ത പാതിരക്ക് ചോലക്കാട്ടിലെ പൊന്തക്കാടുകളില്‍നിന്ന് ഒരു പെണ്ണിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നുവെത്രെ. അന്ന് പാറക്കുഴിയിലെ ഒഴുകുന്ന വെള്ളത്തിന് നേരിയ ചുവപ്പുനിറം പടരാറുണ്ടായിരുന്നുവെത്രെ.
മടക്കയാത്രയില്‍ കൂടെ വന്ന പയ്യന്‍ കാണിച്ചുതന്നു പൊളിഞ്ഞടര്‍ന്ന കുരുതിത്തറയും മണ്ഡപത്തിനെ ചാരി നിന്നിരുന്ന ഇലഞ്ഞി മരവും മാത്രം ബാക്കിയായ ചിത്രം.
'പ്രഭാകരേട്ടന് സുഖല്ലാണ്ടായപ്പോ നോക്കാന്‍ ആളില്ലാതായി. ഉത്സവം നടത്തി കടം കയറി വീട് ബാങ്കുകാര് കൊണ്ടുപോയപ്പോള്‍ കിടപ്പ് ഹൈദരിക്കാന്റെ പീടികച്ചായ്പ്പിലേക്കു മാറ്റി. ഒടുക്കം തൊണ്ടയിലെ മുഴപൊട്ടി ചോരയിറ്റിച്ച് ബോധല്ല്യാണ്ടെ കെടന്നപ്പോ ഹൈദരിക്കാന്റെ കെട്ട്യോള് കുല്‍സുത്തയാണ് കഞ്ഞീന്റെ ബെളളം കൊട്ത്ത് നോക്ക്യേത്.'
കവലയില്‍ അവനെ ഇറക്കി ഓരോ ഇളനീര് വാങ്ങികുടിച്ചപ്പോ ഓര്‍ത്തു! 'ഇളനീരിനിപ്പോഴും വേലായുധേട്ടന്റെ മണമാണ്...!!'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."