സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി പ്രവേശനം ത്രിശങ്കുവില്‍
തിരുവനന്തപുരം: പരസ്പരം പഴിചാരി സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും മുന്നോട്ടു നീങ്ങുമ്പോള്‍ സ്വാശ്രയ കോളജുകളിലെ പി.ജി പ്രവേശനം അനിശ്ചിതത്വത്തില്‍.സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചതിനെതിരേ മാനേജ്‌മെന്റും എന്‍ട്രന്‍സ് കമ്മിഷണറും തമ്മിലുള്ള തര്‍ക്കം കാരണമാണ് നടപടികള്‍ തുടങ്ങാന്‍ കഴിയാത്ത നിലയിലാക്കിയത്.
രണ്ടാം ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്നാണ്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ്, എം.ഇ.എസ് അടക്കമുള്ള ഏഴു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സീറ്റുകളുടെ വിവരം ഇതുവരെയും നല്‍കിയിട്ടില്ല. കാറ്റഗറി തിരിച്ചുള്ള സീറ്റുകളുടെ വിവരം മെഡിക്കല്‍ കോളജുകള്‍ മെഡിക്കല്‍ ഡയറക്ടറേറ്റില്‍ അറിയിക്കുകയും വിശദ പരിശോധനയ്ക്ക് ശേഷം പരീക്ഷാ കമ്മീഷണര്‍ക്ക് കൈമാറുകയുമാണ് ചെയ്യേണ്ടത്.
എന്നാല്‍ മാനേജ്‌മെന്റുകള്‍ വിവരം കൈമാറാത്തതിനാല്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ അനുവദിച്ചിട്ടുള്ള നൂറ്റിയമ്പതോളം സീറ്റുകളിലെ പ്രവേശനമാണ് അനിശ്ചിതത്വത്തിലായത്.
സീറ്റുകളുടെ കാറ്റഗറി അനുസരിച്ച് ലഭിച്ചാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ അനുസരിച്ച് അലോട്ട് മെന്റ് നടത്താന്‍ കഴിയൂ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അമൃതയിലും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ കോളജുകളിലും മാത്രമാണ് പ്രവേശനം തുടങ്ങിയത്. ബാക്കി കോളജുകളിലാണ് തര്‍ക്കം.
സര്‍ക്കാര്‍ പി.ജി പ്രവേശനത്തിന് ഫീസ് നിശ്ചയിച്ചതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചത്. ക്ലിനിക്കല്‍ പി.ജിയ്ക്ക് 14 ലക്ഷവും, നോണ്‍ ക്ലിനിക്കിന് 8,50,000 രൂപയും, പി.ജി ഡിപ്ലോമ ക്ലിനിക്കല്‍ വിഭാഗത്തിന് 10,50,000രൂപയും, സൂപ്പര്‍ സ്‌പെഷാലിറ്റിയ്ക്ക് 18,50,000വും എന്‍.ആര്‍.ഐ സീറ്റില്‍ 35,00,000 ലക്ഷവുമാണ് സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചത്.
ഈ മാസം 31നുള്ളില്‍ പി.ജി പ്രവേശന നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചതനുസരിച്ച് കഴിഞ്ഞ 15നാണ് പരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചത്. 19നാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കേണ്ടത്. 22ന് കൗണ്‍സിലിങ് നടത്തണം. 23ന് പ്രവേശനം നടത്തും. 25ന് വിദ്യാര്‍ഥികള്‍ പ്രവേശിക്കാത്ത സീറ്റുകളുടെ വിവരം പരീക്ഷാ കമ്മിഷണറേറ്റില്‍ അറിയിക്കണം. ഈ സീറ്റിലേയ്ക്ക് 27ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കണം. എന്നാല്‍ സ്വാശ്രയ കോളജുകള്‍ സഹകരിക്കില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേ സമയം, പി.ജി ഏകീകൃത ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയതിനാല്‍ സര്‍ക്കാര്‍ ഇനി മാനേജുമെന്റുകളുടെ ഭീഷണിക്ക് വഴങ്ങില്ല. പി.ജി പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ സ്വന്തം നിലക്ക് മുന്‍ വര്‍ഷത്തെ കാറ്റഗറി പരിശോധിച്ച് സര്‍ക്കാര്‍ നേരിട്ട് പ്രവേശന നടപടി തുടങ്ങും.
അതിനിടെ, പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പ്രവേശന കമ്മിഷണര്‍ ഡേ.എം.ടി റജു പറഞ്ഞു.
യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകില്ല. മാനേജ്‌മെന്റുകള്‍ വിവരം നല്‍കാത്തതിലാണ് പ്രതിസന്ധിക്ക് കാരണമെന്നും ഈ മാസം 31നു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രവേശനം നടത്തേണ്ടത് കമ്മിഷണറുടെ ചുമതലയാണെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."