കണ്ടത്തുവയല്‍ ഇരട്ടക്കൊല; കൊലപാതകത്തിന് പിന്നില്‍ മോഷണശ്രമമെന്ന് പൊലിസ്
മാനന്തവാടി: കണ്ടത്തുവയലില്‍ യുവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി രണ്ട് മാസങ്ങള്‍ക്ക് ശേഷം പൊലിസ് അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം കമലാട്ടുമ്മല് മരുതോരുമ്മല്‍ വിശ്വന് എന്ന വിശ്വനാഥനാ(42)ന് അറസ്റ്റിലായത്. ജില്ലാ പൊലിസ് ചീഫ് കറുപ്പ സ്വാമിയാണ് പ്രതിയുടെ അറസ്റ്റ് വിവരം മാധ്യങ്ങളെ അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമം മാത്രമാണെന്നാണ് പൊലിസ് പറയുന്നത്.
കണ്ടത്തുവയല്‍ പന്ത്രണ്ടാംമൈല് പൂരിഞ്ഞി വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന് ഉമ്മര്‍(27) ഭാര്യ ഫാത്തിമ(19) എന്നിവരെയാണ് ജൂലൈ ആറിന് വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസം.
രാവിലെ എട്ട് മണിയോടെ ആയിഷ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന കിടക്കുകയായിരുന്നു. രക്തം കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. നാട്ടുകാരും പൊലിസും സ്ഥലത്തെത്തി. മൂന്ന് മാസം മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ. അന്വേഷണത്തിന് പുരോഗതിയില്ലന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് സമരം നടത്തിയിരുന്നു. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മുപ്പതംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."