എണ്ണ ടാങ്കറുകളെ ആക്രമിച്ചത് ഇറാനെന്ന് സഊദി
റിയാദ്: ഒമാന്‍ ഉള്‍ക്കടലില്‍ ജപ്പാന്റെയും നോര്‍വെയുടെയും എണ്ണക്കപ്പലുകളെ ആക്രമിച്ചതിനു പിന്നില്‍ ഇറാനെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. മേഖലയില്‍ ഒരു യുദ്ധം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
എന്നാല്‍ രാജ്യത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ മടിച്ചുനില്‍ക്കില്ലെന്നും അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അതിഥിയായെത്തിയ ജപ്പാന്‍ പ്രധാനമന്ത്രിയെ ഇറാന്‍ ആദരിച്ചില്ല. പകരം അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഉള്‍പ്പെടെ എണ്ണക്കപ്പലുകളെ ആക്രമിക്കുകയാണ് ചെയ്തത്.
മെയ് 12ന് ഫുജൈറ തുറമുഖത്തിനു സമീപം നാല് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലും ഇറാനും അവരുടെ ആളുകളുമായിരുന്നെന്ന് സല്‍മാന്‍ ആരോപിച്ചു.
ജപ്പാന്റെ കോകുക കരേജ്യസ്, നോര്‍വെയുടെ ഫ്രണ്ട് ആള്‍ട്ടയര്‍ എന്നീ ഇന്ധനക്കപ്പലുകളാണ് വ്യാഴാഴ്ച ആക്രമണത്തിനിരയായത്. യു.എസും ഇറാനെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ആരോപണം നിഷേധിച്ച ഇറാന്‍ കപ്പലില്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് കടലില്‍ ചാടിയ നാവികരെ രക്ഷപ്പെടുത്തിയത് ഇറാന്‍ നാവികസേനയാണെന്ന് പറഞ്ഞിരുന്നു.
രണ്ട് പറക്കുന്നവസ്തുക്കളാണ് കപ്പലില്‍ സ്‌ഫോടനമുണ്ടാക്കിയതെന്നാണ് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ ജലബോംബ് വഴി ഇറാന്റെ വിപ്ലവ ഗാര്‍ഡ് ആക്രമണം നടത്തുകയായിരുന്നെന്നാണ് യു.എസ് വാദം.
ഇതിനായി വിഡിയോ ദൃശ്യങ്ങളും യു.എസ് പുറത്തുവിട്ടിരുന്നു. അതേസമയം ഇറാനാണ് ആക്രമണം നടത്തിയതെന്ന വാദത്തെ കോകുക കരേജ്യസ് കപ്പല്‍ അധികൃതരും തള്ളിയിരുന്നു.
അതിനിടെ ഫ്രണ്ട് ആള്‍ട്ടയര്‍ ഇറാന്‍ ജലാതിര്‍ത്തി വിട്ട് ദുബൈയിലെത്തിയതായി നോര്‍വെ അറിയിച്ചു. കോകുക കരേജ്യസ് യു.എ.ഇ തുറമുഖത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."