എന്‍.എസ്.ജിയില്‍ ഇന്ത്യ അംഗമാവുന്നതിനെ എതിര്‍ത്ത് ചൈന
നൂര്‍ സുല്‍ത്താന്‍ (കസാഖിസ്താന്‍): ആണവ വിതരണ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ ഇന്ത്യ അംഗമാവുന്നതിന് ചൈനയുടെ എതിര്‍പ്പ്. ആണവ നിര്‍വ്യാപന കരാറില്‍(എന്‍.പി.ടി) ഒപ്പുവച്ച രാജ്യങ്ങളെ മാത്രമേ 48 രാഷ്ട്രങ്ങള്‍ അംഗമായ എന്‍.എസ്.ജിയില്‍ ഉള്പ്പെടുത്താവൂവെന്ന പ്രഖ്യാപിത നിലപാട് ആവര്‍ത്തിക്കുകയാണ് ചൈന ചെയ്തത്. കസാഖിസ്താനിലെ അസ്താനയില്‍ സമാപിച്ച എന്‍.എസ്.ജി രാജ്യങ്ങളുടെ പ്ലീനറി സമ്മേളനത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്.
2016 മെയില്‍ ഇന്ത്യ എന്‍.എസ്.ജി അംഗത്വത്തിന് അപേക്ഷിച്ചതു മുതല്‍ ഈ നിലപാടാണ് ചൈന സ്വീകരിക്കുന്നത്. ഇന്ത്യയെ പിന്തുടര്ന്ന് 2016ല്‍ തന്നെ പാകിസ്താനും എന്‍.എസ്.ജി അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയിലെ ആണവ വ്യാപാരത്തെ നിയന്ത്രിക്കുന്നത് എന്‍.എസ്.ജിയാണ്. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ പ്രവേശനം ചര്‍ച്ച ചെയ്യുകയില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ചും ചര്‍ച്ചയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് പറഞ്ഞു. ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുകയല്ല ചൈന ചെയ്തതെന്നും എന്‍.എസ്.ജിയുടെ ചട്ടങ്ങളെ മാനിക്കുക മാത്രമാണെന്നും വക്താവ് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."