അനാഥരുടെ നഗരം; സിറിയന്‍ കുരുന്നുകള്‍ക്ക് തുര്‍ക്കിയുടെ അഭയകേന്ദ്രം
ഇസ്താംബൂള്‍: സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ബാക്കിപത്രങ്ങളായ അനാഥകുരുന്നുകള്‍ക്ക് അഭയമൊരുക്കി തുര്‍ക്കി. സിറിയന്‍ യുദ്ധത്തില്‍ മാതാപിതാക്കളെയും കുടുംബത്തെയും നഷ്ടപ്പെട്ട കുട്ടികളെ പുനരധിവസിപ്പിക്കാനായി പ്രത്യേക നഗരം തുര്‍ക്കി സര്‍ക്കാര്‍ തുറന്നുകൊടുത്തു. 'അനാഥരുടെ നഗരം' എന്നാണ് ഇതിനു പേര്‍ നല്‍കിയിരിക്കുന്നത്.
55 വീടുകളിലായി ആയിരത്തോളം കുട്ടികളെയാണ് നഗരത്തില്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റെയ്ഹാന്‍ലിയിലെ കിഴക്കന്‍ ഹതായ് നഗരത്തിനടുത്ത് 68,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് നഗരം പണികഴിപ്പിച്ചത്. നഗരത്തിലുള്ള 'ചില്‍ഡ്രന്‍സ് ലിവിങ് സെന്ററി'ല്‍ വീടുകള്‍ക്ക് സമാനമായ ജീവിതസാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ദൈനംദിന ജീവിത ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ക്കു പുറമെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള പഠനകേന്ദ്രങ്ങളും ഇതിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55 വില്ലകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേര്‍ന്ന് നാല് സ്‌കൂളുകളും ഒരു പള്ളിയും ഒരു പ്ലേഗ്രൗണ്ടും കായിക ആവശ്യങ്ങള്‍ക്കായുള്ള മറ്റൊരു ഹാളും സജ്ജമാക്കിയിട്ടുണ്ട്.
കടുത്ത ആഭ്യന്തര യുദ്ധം സൃഷ്ടിച്ച മാനസികപ്രശ്‌നങ്ങളില്‍ നിന്ന് കുട്ടികളെ കരകയറ്റാന്‍ വേണ്ട മാനസിക പുനരധിവാസ സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ട്.
തുര്‍ക്കി സര്‍ക്കാരും ഐ.എച്ച്.എച്ച് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍, ഖത്തര്‍ രാജാവിന്റെ ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വിസസ് (ആര്‍.എ.എഫ്) എന്നീ എന്‍.ജി.ഒകളും സംയുക്തമായി രണ്ടുവര്‍ഷം കൊണ്ടാണ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
നിലവില്‍ തുര്‍ക്കിയില്‍ സ്‌കൂള്‍ പ്രായമായ എട്ടു ലക്ഷത്തോളം സിറിയന്‍ കുട്ടികള്‍ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗികമായ കണക്ക്.
ഇവരില്‍ 60 ശതമാനം പേര്‍ ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."