ശാപമോക്ഷം ലഭിക്കാതെ മന്ത്രി വസതിക്കു മുന്നിലെ തകര്‍ന്ന റോഡ്
അന്തിക്കാട്: വീടിനു മുന്നിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മന്ത്രിയും കനിഞ്ഞില്ല. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അന്തിക്കാട്ടെ വസതിക്കു മുന്നിലെ അഞ്ചങ്ങാടി വിളക്കും കാല്‍ റോഡിനാണ് ഈ ദുരവസ്ഥ.
തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി കളും നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
തകര്‍ന്ന റോഡില്‍ നിറയെ കുഴികളാണ്. കല്ലുകള്‍ ഇളകി റോഡില്‍ പരന്നു കിടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ തെന്നിമറിയുന്നത് പതിവായി. രാത്രിയില്‍ അപകട സാധ്യത ഏറെയാണ്. പ്രശ്‌ന പരിഹാരത്തിന് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ വിചാരിച്ചെങ്കിലും അതുണ്ടായില്ല.
മന്ത്രി വീട്ടിലുള്ള ദിവസങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തെ കാണാന്‍ നൂറു കണക്കിനാളുകള്‍ എത്തുന്നത് ഈ തകര്‍ന്ന റോഡിലൂടെയാണ്. ജില്ലാ പഞ്ചായത്തിനു കീഴിലാണ് ഈ റോഡെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്. മന്ത്രിയുടെ വീടിനു മുന്നിലാണ് റോഡ് കൂടുതല്‍ തകര്‍ന്നിട്ടുള്ളത്.
ഇതു വഴി ഓട്ടം പോകാന്‍ ഓട്ടോ ഡ്രൈവര്‍മാരും വിസമ്മതിക്കുകയാണ്.
തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."