തിരിച്ചടി നേരിടാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിത കേസെടുക്കുന്നു: മുസ്‌ലിം ലീഗ്
മലപ്പുറം: സര്‍ക്കാരിനേറ്റ തിരിച്ചടി നേരിടാന്‍ എം.എല്‍.എമാരുടെ പേരില്‍ രാഷ്ട്രീയ പ്രേരിത കേസുകളുണ്ടാക്കി പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് മുസ്‌ലിം ലീഗ്. കെ.എം ഷാജിക്കെതിരേയുള്ള വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണ്. സ്വര്‍ണക്കടത്ത്, കഞ്ചാവ് കേസ്, ഡോളര്‍ കടത്ത് തുടങ്ങിയ കേസുകളെ മറികടക്കാനാണ് ഇത്തരം ശ്രമങ്ങളെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു.
മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഇടതുപക്ഷത്തിന് കേസെടുക്കാന്‍ കുറ്റം ചെയ്യേണ്ടതില്ല. പാര്‍ട്ടി തന്നെ പ്രതിപ്പട്ടിക തയാറാക്കി, കേസ് തീരുമാനിക്കുന്ന രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഡസന്‍ എം.എല്‍.എമാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ പ്രഖ്യാപിക്കുന്നത് ഇതിന്റെ തെളിവാണ്.
എം.സി ഖമറുദ്ദീന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. വിജിലന്‍സ് കേസ് പശ്ചാത്തലത്തില്‍ കെ.എം ഷാജിയേയും ഇന്നലെ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. ഷാജി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."