നീന്തല്‍ താരങ്ങളെ 'ടോപ്' പദ്ധതിയിലേക്ക് ശുപാര്‍ശ ചെയ്യും
തിരുവനന്തപുരം: ലോകചാംപ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന നീന്തല്‍ താരങ്ങളെ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം (ടോപ്) പദ്ധതിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ സിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തീരുമാനം. പിരപ്പന്‍കോട് അക്വാട്ടിക് സെന്ററില്‍ ചേര്‍ന്ന ഫെഡറേഷന് എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനം എടുത്തത്.
നിലവില്‍ സാജന് പ്രകാശ്, ശ്രീഹരി നടരാജന്, വീര്‍ധവാല്‍ ഖാഡേ, സന്ദീപ് സേജ്വാള് എന്നിവരാണ് ടോപ് പദ്ധതിയില്‍ ഉള്‍പ്പെട്ട നീന്തല്‍ താരങ്ങള്‍. അടുത്ത വര്‍ഷം ഏഷ്യന്‍ ഏജ് ഗ്രൂപ്പ് ചാംപ്യന്‍ഷിപ്പിന് ഇന്ത്യ ആതിഥ്യമരുളും. ഹൈദരബാദില്‍ ആണ് ചാംപ്യന്‍ഷിപ്പ് നടക്കുക. ഷോട്ട് കോഴ്സ് ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഹ്രസ്വദൂര ഇനങ്ങള്‍ക്ക് മാത്രമായി ദേശീയ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
സംസ്ഥാന ടീമുകള്‍ക്ക് മാത്രമായി അന്തര്‍ സംസ്ഥാന ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കും. റെയില്‍വേ, പൊലിസ്, സര്‍വിസസ് ഉള്‍പ്പെടെ ടീമുകള്‍ക്ക് അന്തര്‍ സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. പഞ്ചാബിലെ ലുധിയാനയിലാണ് പ്രഥമ ചാംപ്യന്‍ഷിപ്പ് നടക്കുക.
ഏജ് ഗ്രൂപ്പുകളെ മൂന്നായി വിഭജിക്കാനും തീരുമാനമായി. 15 17, 12 14, 9 11 ഗ്രൂപ്പുകളായാണ് വിഭജിച്ചത്. ഗ്രൂപ്പ് രണ്ടില്‍ 800, 1500 ഫ്രീസ്റ്റൈല്‍, 4200 ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളെ ഒഴിവാക്കി. ഗ്രൂപ്പ് മൂന്നില്‍ 17 ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്താനും തീരുമാനമായതായി സിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യ ജന. സെക്രട്ടറി കമലേഷ് നാനാവതി സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."