നട്ടുച്ചയ്ക്കും ഇരുട്ടുമൂടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്
കോഴിക്കോട്: നട്ടുച്ചയ്ക്കു പോലും ഈ ബസ് സ്റ്റാന്‍ഡില്‍ വെളിച്ചമില്ല. ബസിനുള്ളിലാണെങ്കില്‍ ശരീരം വിയര്‍ക്കുകയും ചെയ്യും. പാതി ഇരുട്ടാണിവിടെ എല്ലായ്‌പ്പോഴും. കോടികള്‍ മുടക്കി നിര്‍മിച്ച കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ ദുരിതപ്പാടുകളാണിത്.
65 കോടി ചെലവില്‍ നിര്‍മിച്ച ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്ക് സൈനിക ബങ്കര്‍ പോലെയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ കണ്ണായ സ്ഥലത്തു കോടികള്‍ മുടക്കിയ കെട്ടിടത്തിന്റെ അശാസ്ത്രീയ നിര്‍മാണമാണു യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്. വേനല്‍ക്കാലത്ത് ബസ് സ്റ്റാന്‍ഡില്‍പെടുന്ന യാത്രക്കാര്‍ അധികാരികളെ ശപിക്കുന്ന കാഴ്ചയാണുള്ളത്.
സ്റ്റാന്‍ഡിലെ ചില തൂണുകളില്‍ ഫാനുകള്‍ ഉണ്ടെങ്കിലും നാമമാത്രമായവയാണ് ചൂടകറ്റാനുള്ള ഏക സംവിധാനം. പലപ്പോഴും യാത്രക്കാര്‍ ഈ ഫാനുകള്‍ക്കു മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നത് കാണാം. ദീര്‍ഘദൂരത്തെ യാത്ര കഴിഞ്ഞെത്തുന്ന യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ഒരു ചായ കുടിക്കാനുള്ള സൗകര്യവും ടെര്‍മിനലിലില്ല.
നേരത്തെ ബസ് സര്‍വിസ് കേന്ദ്രത്തിനു സമീപത്തായി ലഘുപാനീയങ്ങളും ചായയും ചെറുകടികളും കിട്ടുന്ന രണ്ട് താല്‍ക്കാലിക ചായക്കടകള്‍ ഉണ്ടായിരുന്നു. കെട്ടിടംതന്നെ അനധികൃതമായതിനാല്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അവ രണ്ടും അടച്ചുപൂട്ടി. ഇതോടെ ടെര്‍മിനലില്‍ ആകെയുണ്ടായിരുന്ന റീഫ്രഷ്‌മെന്റ് സംവിധാനവും ഇല്ലാതായി.
അതേസമയം, നമ്പര്‍ ലഭിക്കാത്തതിനാല്‍ കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷനും അനുവദിച്ചില്ല. താല്‍ക്കാലിക കണക്ഷനായതിനാല്‍ വൈദ്യുതിക്ക് വലിയ വിലകൊടുത്താണ് ഉപയോഗിക്കുന്നത്. കെട്ടിട നമ്പറില്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളില്‍ നിന്നാണ് വെള്ളം വാങ്ങുന്നത്. കെട്ടിട നമ്പര്‍ ലഭിച്ചതോടെ വൈദ്യുതി കണക്ഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കോടതി നടപടി ക്രമങ്ങളുടെയും സാങ്കേതിക നിയമ കുരുക്കിന്റെയും ഊരാക്കുടുക്കില്‍നിന്ന് ബസ് ടെര്‍മിനലിന് ഇപ്പോഴും തീര്‍ത്തും മോചനമായിട്ടില്ല. 2009ലായിരുന്നു മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്തു ബസ് ടെര്‍മിനലിന്റെ നിര്‍മാണാരംഭം. 65 കോടി രൂപാ ചെലവില്‍ മൂന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച 14 നിലകളുള്ള രണ്ടു ബഹുനില മന്ദിരങ്ങളായിരുന്നു ആറു വര്‍ഷങ്ങള്‍ക്കൊണ്ട് പണികഴിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം 2015 ജൂണ്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുമാറ്റിയാണു പുതിയതിന്റെ നിര്‍മാണം ആരംഭിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തില്‍ കെ.ടി.ഡി.എഫ്.സിക്കാണ് കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല. വാടക പിരിച്ചെടുത്തു തിരിച്ചടവായി നിശ്ചിത പണം പിടിച്ചുവച്ച ശേഷം ബാക്കിതുക പ്രതിമാസം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്നാണു വ്യവസ്ഥ. കെ.എസ്.ആര്‍.ടി.സിയുടെ ഓഫിസ് കഴിച്ച് ബാക്കിയുള്ള ഭാഗം വാടകയ്ക്കു നല്‍കി വരുമാനമുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിലവില്‍ പലിശയടക്കാനുള്ള തുകപോലും കിട്ടാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."