നയതന്ത്ര ബന്ധം; സഊദിയെ അനുനയിപ്പിക്കാന്‍ കാനഡയുടെ ശ്രമം
റിയാദ്: നയതന്ത്ര ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട സഊദിയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി കാനഡ. നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് അനുനയ ശ്രമങ്ങളുമായി കാനഡ രംഗത്തെത്തിയതെന്നു ഭരണരംഗത്തെ പ്രമുഖരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ മുന്നോടിയായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കും. സഊദിയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ചതിനെ തുടര്‍ന്നു കാനഡയിലെ വിവിധ കമ്പനികളും സര്‍വകലാശാലകളും പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനു കാനഡ ശ്രമം തുടങ്ങിയത്.
പ്രശ്‌നപരിഹാരത്തിന്റെ ആദ്യപടിയെന്നോണം കാനഡ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീനാലാന്റും സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറും ന്യൂയോര്‍ക്കില്‍വച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അടുത്ത സെഷനില്‍ പങ്കെടുക്കുന്നതിന് ഇരുവരും എത്തുന്ന അവസരത്തിലായിരിക്കും കൂടിക്കാഴ്ച നടക്കുക. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ സഊദി പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കാനഡയുമായുള്ള ബന്ധം സഊദി വിച്ഛേദിച്ചത്. കാനഡയിലെ സഊദി അംബാസിഡറെ തിരിച്ചുവിളിക്കുകയും കനേഡിയന്‍ അംബാസിഡറെ പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം കാനഡയിലെ സഊദി വിദ്യാര്‍ഥികളെ മറ്റു രാജ്യങ്ങളിലേക്കു മാറ്റുകയും വിമാന സര്‍വിസ് റദ്ദാക്കുകയും ചെയ്ത സഊദി, കാനഡയുമായുള്ള വ്യാപാര ഇടപാടുകളും മരവിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."