മുന്നണികള്‍ക്ക് ഭീഷണിയായി പ്രാദേശിക കൂട്ടായ്മകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചരിത്രത്താളുകളില്‍ വേറിട്ട് ഇടംപിടിക്കും. വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത, പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് മുഖവില കൊടുക്കാത്ത ഒരു മുന്നണിയും വേണ്ടെന്നു ശപഥമെടുത്ത പ്രാദേശിക കൂട്ടായ്മകളാണ് ഈ തെരഞ്ഞെടുപ്പിനെ വേറിട്ടുനിര്‍ത്താന്‍ പോകുന്നത്.
പലയിടങ്ങളിലും പ്രാദേശിക കൂട്ടായ്മകള്‍ മത്സരരംഗത്തിറങ്ങിക്കഴിഞ്ഞു. പ്രാദേശികതലത്തിലെ വിഷയങ്ങളും വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പാളിച്ചകളും മുന്നണി രാഷ്ട്രീയത്തോടുള്ള വിയോജിപ്പുകളുമാണ് മിക്ക പ്രദേശങ്ങളിലും പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടാന്‍ കാരണം. ജനങ്ങളുടെ 'പള്‍സ്' മനസിലാക്കി 2015ല്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച 'ട്വന്റി ട്വന്റി' മോഡല്‍ ഇക്കുറി പടരുന്ന പ്രവണതയാണ് കാണുന്നത്. പ്രാദേശിക കൂട്ടായ്മകള്‍ മുന്നണികളുടെ 'പിച്ച്' കവര്‍ന്നെടുക്കുമോ എന്നും കണ്ടറിയണം. തലസ്ഥാന ജില്ലയിലുള്‍പ്പെടെ ഒരുപിടി ജനകീയ കൂട്ടായ്മകള്‍ സ്ഥാനാര്‍ഥികളുമായി ഇത്തവണയും രംഗത്തിറങ്ങിയിട്ടുണ്ട്.
കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാര്‍ഥികള്‍ 93 പേരാണ്. കിഴക്കമ്പലത്തിനു പുറമെ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലും അവര്‍ കളംപിടിക്കാനിറങ്ങിക്കഴിഞ്ഞു. കിഴക്കമ്പലത്തിന്റെ ആവേശം കൊച്ചി നഗരത്തിലേക്കും പടര്‍ന്നപ്പോള്‍ 'വി 4 കൊച്ചി' ഉദയം ചെയ്തു. 'അധികാരം ജനങ്ങളിലേക്ക്' എന്നതാണ് മുദ്രാവാക്യം.
അവര്‍ 39 ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉദയംപേരൂരില്‍ ടീം ട്വന്റിയും ചെല്ലാനം പഞ്ചായത്തില്‍ മറ്റൊരു ട്വന്റി ട്വന്റിയും മുന്നണികള്‍ക്കു വെല്ലുവിളിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറയില്‍ 'വി ഫോര്‍ തൃപ്പൂണിത്തുറ'യും മത്സരിക്കുന്നു.സി.പി.എം ശക്തികേന്ദ്രമായ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് കഴിഞ്ഞതവണ കൈനകരി വികസന സമിതിയുണ്ടാക്കിയവര്‍ മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചിരുന്നു. അവര്‍ ഇത്തവണയും മൂന്നു സീറ്റുകളില്‍ മത്സരിക്കുന്നു. ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി. വിജയരാഘവന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വികസന മുന്നേറ്റം (ടി.വി.എം) തിരുവനന്തപുരം കോര്‍പറേഷനില്‍ 12 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന രീതിയാണ് ജനകീയ സമിതികളില്‍ പലതും സ്വീകരിച്ചത്. കിഴക്കമ്പലത്ത് ഓരോ വാര്‍ഡിലും സര്‍വേ നടത്തി വനിതകള്‍ക്കു മുന്‍തൂക്കമുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ചെല്ലാനത്ത് വാട്‌സാപ്പ് കൂട്ടായ്മകള്‍ സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."