അമ്പെയ്ത്ത് ലോകകപ്പ് ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍
ഷാങ്ഹായ്: സീസണിലെ ആദ്യ അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ കോംപൗണ്ട് ടീമിനത്തില്‍ ഫൈനലിലേക്ക് മുന്നേറി. അഭിഷേക് വര്‍മ, ചിന്ന രാജു ശ്രീധര്‍, അമന്‍ജീത് സിങ് എന്നിവരടങ്ങിയ സംഘമാണ് അമേരിക്കന്‍ ടീമിനെ പരാജയപ്പെടുത്തി അവസാന കിരീട പോരാട്ടത്തിലേക്ക് മുന്നേറിയത്.
റിയോ വില്‍ഡെ, സ്റ്റീവ് ആന്‍ഡേഴ്‌സന്‍, ബ്രഡന്‍ ഗെല്ലെന്‍തിയന്‍ എന്നിവരടങ്ങിയ സംഘത്തെയാണ് ഇന്ത്യയുടെ പുരുഷ ടീം സെമിയില്‍ വീഴ്ത്തിയത്. കടുത്ത പോരാട്ടം കണ്ടപ്പോള്‍ 232-230 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. 116-117 എന്ന സ്‌കോറിന് പിന്നില്‍ നിന്ന ശേഷം 60-57 എന്ന സ്‌കോറിന് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു.ഇതില്‍ പത്ത് ശ്രമങ്ങള്‍ പെര്‍ഫക്ടാക്കി മാറ്റി പോയിന്റുകള്‍ സ്വന്തമാക്കാനും ഇന്ത്യന്‍ സംഘത്തിനായി. ഇന്ന് നടക്കുന്ന ഫൈനലില്‍ നാലാം സീഡായ ഇന്ത്യ പത്താം സീഡായ കൊളംബിയയുമായി ഏറ്റുമുട്ടും.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മയും ജ്യോതിയും ചേര്‍ന്ന സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തില്‍ അമേരിക്കന്‍ സഖ്യവുമായി ഏറ്റുമുട്ടും. സെമിയില്‍ രണ്ടാം സീഡായ കൊറിയന്‍ ടീമുമായി 152-158 എന്ന സ്‌കോറിന് പൊരുതി വീണതോടെയാണ് വര്‍മ- ജ്യോതി സഖ്യം വെങ്കല പോരാട്ടത്തിലൊതുങ്ങിയത്.
അതേസമയം ഒളിംപ്യന്‍മാരായ അതനു ദാസ്, ദീപിക കുമാരി എന്നിവര്‍ റികര്‍വ് വിഭാഗത്തില്‍ പുറത്തേക്കുള്ള വഴി കണ്ടത് ഇന്ത്യക്ക് തിരിച്ചടിയായി. അതനുവും ദീപികയും ക്വാര്‍ട്ടറില്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു.
അതനു ഹോളണ്ട് താരം സ്റ്റീവ് ജിലറിനോട് പരാജയപ്പെട്ടപ്പോള്‍ ദീപികയെ ജപ്പാന്‍ താരം ഹയകവ റെന്‍ പരാജയപ്പെടുത്തി. റികര്‍വ് മിക്‌സഡ് ടീമിനത്തിലും ഇരുവരും ചേര്‍ന്ന സഖ്യം തോല്‍വി വഴങ്ങി. റഷ്യന്‍ സഖ്യത്തോട് 3-5 എന്ന സ്‌കോറിനാണ് അതനു- ദീപിക സഖ്യം പരാജയപ്പെട്ടത്. റികര്‍വ് പുരുഷ, വനിതാ ഡബിള്‍സ് വിഭാഗത്തിലും ഇന്ത്യക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പുരുഷന്മാരെ ക്വാര്‍ട്ടറില്‍ ജപ്പാന്‍ 0-3നും വനിതകളെ ആദ്യ റൗണ്ടില്‍ തന്നെ അമേരിക്ക 2-6 എന്ന സ്‌കോറിനും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."