ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്
തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സാജന്റെ ഭാര്യ ബീന കെ.പി.സി.സി പ്രസിഡന്റിന് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മുഖ്യന്ത്രിക്ക് കത്ത് നല്‍കിയത്.
ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയും ജീവനക്കാരും പ്രതികാര മനോഭാവത്തോടെ മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ജീവിത സമ്പാദ്യവും അധ്വാനവും അധ്യക്ഷയുടെയും ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന് മുന്നില്‍പ്പെട്ട് നഷ്ടപ്പെടുന്നതിലുള്ള മനോവിഷമമാണ് സാജനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതിനെല്ലാം കാരണക്കാരിയായ നഗരസഭ അധ്യക്ഷയെ സര്‍ക്കാരും സി.പി.എമ്മും സംരക്ഷിക്കുന്നതും വെള്ളപൂശുന്നതും സാജന്റെ കുടുംബത്തോട് കാണിക്കുന്ന അനീതിയാണെന്നും മുല്ലപ്പള്ളി കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."