ആരാധനയാക്കാം വിശ്വാസിയുടെ രാഷ്ട്രീയ ഇടപെടലുകള്‍
വിശ്വാസിക്ക് ലഭിച്ച കര്‍മശേഷിയും വിഭവശേഷിയും സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കല്‍ അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്, അതു മുഖേന ദൈവസാമീപ്യം വര്‍ധിപ്പിക്കുവാനും സ്വര്‍ഗ ലബ്ധിക്കും വഴിയൊരുക്കുകയും ചെയ്യും. കാരണം സഹജീവികളെ ആത്മാര്‍ഥമായി സേവിക്കല്‍ വിശ്വാസിയുടെ ആരാധനാ കര്‍മങ്ങളുടെ പരിധിക്കുള്ളില്‍ വരുന്നതാണ്. നിസ്‌കാരവും നോമ്പും മാത്രമല്ല ആരാധനാ കര്‍മങ്ങളായിട്ടുള്ളത്. ജീവിതത്തിലെ എല്ലാ ചലനങ്ങളും അല്ലാഹുവിനുള്ള ആരാധനയാക്കലാണ് വിശ്വാസിയുടെ കടമ. ജനസേവനത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും പരോപകാര പ്രവര്‍ത്തനങ്ങള്‍ക്കും താല്‍പര്യപ്പെടുന്ന ഏതൊരാള്‍ക്കും മതം അനുശാസിക്കുന്ന മാര്‍ഗത്തിലൂടെയും സാമൂഹ്യ സേവനം നടത്താം. സംഘടിതമായോ ഒറ്റയാനായോ നടത്താം. നന്മയില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക, അധര്‍മത്തിലും ശത്രുതയിലും നിങ്ങള്‍ നിസ്സഹകരണം കാണിക്കുക എന്ന ഖുര്‍ആന്‍ വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈയൊരു കാര്യത്തെ മനസിലാക്കേണ്ടത്.
കരുത്ത് (നിയ്യത്ത്) നന്നാക്കിയാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവര്‍ത്തന മേഖല സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിനുള്ള മികച്ച പൊതുപ്ലാറ്റ്‌ഫോമാണ്. രാഷ്ട്രീയത്തിലെ അധികാരങ്ങളും സ്ഥാനമാനങ്ങളും ആലങ്കാരികതയായി കാണുന്നതിലപ്പുറം ഈ മേഖലയിലിരുന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരാധനയാക്കി മാറ്റിയെടുക്കാന്‍ സാധിക്കും. അതുവഴി അളവറ്റ പ്രതിഫലവും ദൈവ കൃപയും അവനെ പിന്തുടരുകയും ചെയ്യും. ജനങ്ങളുടെ പ്രതിനിധിയായി സഹജീവികള്‍ക്കും നാടിനായും ചെയ്യുന്ന സേവനങ്ങളിലൂടെ അവന്റെ പ്രയാസങ്ങളെ രക്ഷിതാവ് ദൂരീകരിച്ച് കൊടുക്കുകയും ചെയ്യും. രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യരുടെ ഐക്യപൂര്‍ണമായ നിര്‍മിതിക്കും കെട്ടുറപ്പിനും പ്രയോജനപ്പെടുന്നതായിരിക്കണം. അതല്ലാതെ സഹജീവി സൗഹൃദങ്ങളെ ഇല്ലായ്മ ചെയ്യാനാവരുത്. പകയുടെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകി പരസ്പരം കടിച്ചു കീറാനുള്ള രക്തക്കളങ്ങളായി മാറരുത്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ രാഷ്ട്രീയബോധം ഈയൊരു ചിന്തയിലൂടെ മാത്രമേ കടന്നുപോകാന്‍ പാടുള്ളൂ. ഇത്തരം ചിന്തയുള്ള വ്യക്തിക്കേ സര്‍വരാലും അംഗീകരിക്കപ്പെട്ട ജനസേവകനാവാന്‍ കഴിയൂ. 'മനുഷ്യരില്‍ അല്ലാഹു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആരെയാണ് എന്ന പ്രവാചകനോടുള്ള ചോദ്യത്തിന് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്ന വ്യക്തിയെയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവന്‍' എന്നുള്ള മറുപടി ഇവിടെ കൂട്ടിവായിക്കേണ്ടതാണ്.
കഴിവും യോഗ്യതയും ഉത്തരവാദിത്വബോധവുമുള്ളവരെ ജനങ്ങളുടെ പ്രതിനിധിയായി കണ്ടെത്തുവാനും അവരെ ഭരണ ചുമതലയേല്‍പ്പിക്കാനും രാഷ്ട്രീയത്തിലെ സത്യസന്ധരായ നേതൃത്വത്തിന് ബാധ്യതയുണ്ട്. തന്റെ ഭരണത്തിനു കീഴിലെ കാര്യങ്ങളെ മുന്‍കൂട്ടി മനസിലാക്കി, അവശതയനുഭവിക്കുന്നവരെയും അശരണരേയും തിരിച്ചറിഞ്ഞ് അവരോടൊപ്പം നില്‍ക്കാന്‍ കഴിയുന്നവനെ ഭരണ ചുമതല ഏല്‍പ്പിക്കുമ്പോള്‍ തങ്ങളുടെ പാര്‍ട്ടികളില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള അനുയായികള്‍ക്ക് അത് ആശ്വാസം പകരും.
സീനിയോറിറ്റി, പാരമ്പര്യം, സമ്പന്നത, തറവാടിത്വം എന്നതിലല്ല കാര്യം, സ്വാര്‍ഥലാഭ മോഹങ്ങളില്ലാതെ സേവന മനസ്‌കനായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയുന്നവരായിരിക്കണം ജനങ്ങളെ പ്രതിനിധീകരിക്കേണ്ടത്. അധികാരങ്ങളും സ്ഥാനമാനങ്ങളും വാശിപിടിച്ചും ഭീഷണിപ്പെടുത്തിയും ചോദിച്ചുവാങ്ങേണ്ട ഒന്നല്ല. അങ്ങനെ ലഭിക്കുന്ന പദവികള്‍ വേണ്ടത് പോലെ നിര്‍വഹിക്കാന്‍, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കും. മാത്രമല്ല, അത് അവനും നിലകൊള്ളുന്ന പ്രസ്ഥാനത്തിനും വലിയ ഭാരമായി മാറും. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്തരം ചോദിച്ചു വാങ്ങിയ പദവികളിലിരുന്നുള്ള കൃത്യനിര്‍വഹണങ്ങളില്‍ ദൈവിക സഹായം കുറയും.
അബ്ദുറഹ്മാന്‍ ബ്‌നു സമുറ(റ)ന്ന് തിരുമേനി നല്‍കിയ ഉപദേശം ഏറെ പ്രസക്തമാണ് -'അബ്ദുര്‍ റഹ്മാന്‍ നീ അധികാരം ചോദിച്ചു വാങ്ങരുത്. അത് നിനക്ക് ഭാരമായി തീരും. ചോദിച്ചുവാങ്ങാതെ ലഭിക്കുന്ന സ്ഥാനങ്ങളിലെ ദൗത്യനിര്‍വഹണത്തിനു അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും'. തനിക്കുള്ള കഴിവും യോഗ്യതയും കണ്ടറിഞ്ഞ് ജനങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുമ്പോള്‍ അതില്‍നിന്ന് അകന്നുനില്‍ക്കുന്നതും വിശ്വാസിക്ക് ഗുണമല്ല. പരോപകാരപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനത്തിനും രക്ഷിതാവ് അവസരം നല്‍കിയതാണെന്നുള്ള തിരിച്ചറിവോടെ നമ്മെ വിശ്വസിച്ച ജനവിഭാഗത്തിന്റെ നാനോന്മുഖ നന്മയ്ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ദൈവീക സഹായവും കൂടെയുണ്ടാകുമെന്ന് പ്രവാചകന്റെ ഈ ഉപദേശം നമ്മെ പഠിപ്പിക്കുന്നു.
സൗഹൃദത്തിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും സകല പരിധികളും തകര്‍ത്ത്, ആഗ്രഹിച്ച വ്യക്തിയെ അധികാരക്കസേരയിലിരുത്താന്‍ അപവാദം, കളവ്, പരിഹാസങ്ങള്‍, ആക്ഷേപങ്ങള്‍, വ്യക്തിഹത്യകള്‍ തുടങ്ങിയവ പ്രചാരണ മാര്‍ഗമാക്കി നാടും നഗരവും മലീമസമാക്കുന്ന ദുഷ്‌കര്‍മങ്ങളില്‍ വിശ്വാസി അകലം പാലിക്കണം. തെരഞ്ഞെടുപ്പിനും പ്രചാരണ പ്രവര്‍ത്തനത്തിനും ദിവസങ്ങളുടെ ആയുസേയുള്ളൂ. മനുഷ്യ സൗഹൃദങ്ങള്‍ എന്നെന്നും നിലനില്‍ക്കേണ്ടതുമാണ്. സ്‌നേഹ ബന്ധങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടത് ജീവിത വഴികളില്‍ സൂക്ഷ്മതപുലര്‍ത്തുന്ന വിശ്വാസിയായ ഏതൊരു രാഷ്ട്രീയക്കാരന്റെയും ബാധ്യതയാണ്. തന്റെ വാക്ക്, പ്രവൃത്തി, ചലനം എന്നിവ കൊണ്ട് മറ്റൊരു സഹോദരന് അഭിമാനക്ഷതവും പ്രയാസവുമുണ്ടാക്കാത്തവനാണ് ഏറ്റവും വലിയ നന്മയുള്ളവന്‍ എന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയാണുള്ളത്.
ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം വലിയ ബാധ്യതകളും കടപ്പാടുകളും തന്റെ ചുമലില്‍ വന്നുചേര്‍ന്നിട്ടുണ്ടെന്നുള്ള ഉത്തമ ബോധമായിരിക്കണം വിശ്വാസിക്കുണ്ടാവേണ്ടത്. വിജയശ്രീലാളിതനായി, തന്നെ വിജയിപ്പിച്ചവരെ കൈയുയര്‍ത്തി അഭിവാദ്യം ചെയ്ത് 'എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു' എന്നുള്ള കേവല പ്രകടനത്തില്‍ ഒതുങ്ങുന്നതല്ല അവന്റെ ദൗത്യ നിര്‍വഹണം. ജനവിധി തേടുന്ന സമയത്തു ചെയ്ത വാഗ്ദാനങ്ങള്‍, പ്രഖ്യാപിച്ച പദ്ധതികള്‍ തുടങ്ങിയവ സത്യസന്ധമായി നിറവേറ്റിക്കൊടുക്കണം. നാട്ടില്‍ നടക്കുന്ന നീതി നിഷേധങ്ങള്‍ക്കെതിരേ ശബ്ദിക്കുകയും വേണം. ചുരുക്കത്തില്‍ ഭരണ നിര്‍വഹണത്തിന്റെ അടിസ്ഥാന തത്വമായ നീതിയുടെ നിലനില്‍പ്പിനായി ഏതൊക്കെ രീതിയിലുള്ള പരിശ്രമങ്ങള്‍ ആവിശ്യമാണോ അതെല്ലാം കൃത്യതയോടെ കൈകാര്യം ചെയ്യണം. ഒരുപക്ഷേ കാര്യങ്ങളെ ഇവ്വിധം നടപ്പാക്കുമ്പോള്‍ വ്യത്യസ്ത കോണുകളില്‍ നിന്നും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ പക്വതയോടെ നേരിടാനുള്ള ത്രാണിയും ക്ഷമയും വിട്ടുവീഴ്ചാ മനോഭാവവും രൂപപ്പെടുത്തിയെടുക്കുക എന്നുള്ളതും പ്രധാനമാണ്. ഈ ഗുണങ്ങളെല്ലാം ചേര്‍ന്നുവന്നപ്പോഴാണ് ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ നീതിമാനായ ഭരണാധികാരിയായി മാറിയത്. അധികാര പദവികള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും ഇക്കാലത്ത് ഉമറിന്റെ ഭരണ നിര്‍വഹണത്തിലെ സൂക്ഷ്മതയ്ക്ക് ഏറെ പ്രസക്തിയുണ്ട്. നീതി എന്ന മൂല്യത്തിന്റെ പൂര്‍ത്തീകരണത്തിലൂടെ മാത്രമേ വിശ്വാസിക്ക് രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകൂ. ആ രീതിയിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ മാത്രമേ തന്റെ സ്രഷ്ടാവിനുള്ള ആരാധനയായി മാറൂ. അതിലൂടെ രക്ഷിതാവിന്റെ പ്രീതിയും സ്വര്‍ഗ ലബ്ധിയും പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."