കുറ്റക്കാരായ ജനപ്രതിനിധികളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആറുശതമാനം മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള ജനപ്രതിനിധികളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആറുശതമാനം മാത്രം. ജനപ്രതിനിധികള്‍ പ്രതിചേര്‍ക്കപ്പെട്ട 3,884 കേസുകളാണ് ആകെയുള്ളത്. ഇതില്‍ 38 കേസുകളിലാണ് ജനപ്രതിനിധികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്.
എന്നാല്‍, 560 കേസുകളിലും പ്രതികള്‍ കുറ്റമുക്തരാക്കപ്പെടുകയായിരുന്നു. ഈ മാസം 11ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ജനപ്രതിനിധികള്‍ പ്രതികളാവുന്ന കേസ് സംബന്ധിച്ച വിചാരണക്കിടെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ കണക്ക് അവതരിപ്പിച്ചത്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ഹരജിയാണ് സുപ്രിം കോടതി മുന്‍പാകെയുള്ളത്.
കേരളത്തിലാണ് കൂടുതല്‍ പേര്‍ ശിക്ഷ ഏറ്റുവാങ്ങിയതും കുറ്റവിമുക്തരാക്കപ്പെട്ടതും. 147 പേരെയാണ് വെറുതെവിട്ടത്. തമിഴ്‌നാട് (68), ബിഹാര്‍ (48), ഗുജറാത്ത് (42), ഉത്തര്‍പ്രദേശ് (29), മധ്യപ്രദേശ്, കര്‍ണാടക (28 വീതം), ജാര്‍ഖണ്ഡ് (25), രാജസ്ഥാന്‍ (23), ബംഗാള്‍ (18) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്.
അതേസമയം, ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടത്തില്‍ ഒഡിഷ ഒന്നാംസ്ഥാനത്തും കേരളം രണ്ടാംസ്ഥാനത്തുമാണ്. ഒഡിഷയില്‍ 10 പേരും കേരളത്തില്‍ എട്ടുപേരുമാണ് ശിക്ഷിക്കപ്പെട്ടത്. ഉത്തര്‍പ്രദേശ് (5), ആന്ധ്ര(4), തമിഴ്‌നാട് (3), ബംഗാള്‍, മഹാരാഷ്ട്ര (2 വീതം), സിക്കിം, മധ്യപ്രദേശ് (ഒന്ന് വീതം) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്.
വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 470ഓളം ജനപ്രതിനിധികളുള്ള യു.പിയില്‍ 565 കേസുകളാണ് ഉള്ളത്. അതേസമയം, രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന 140 എം.എല്‍.എമാരും 20 ലോക്‌സഭാംഗങ്ങളും ഉള്ള കേരളത്തില്‍ ജനപ്രതിനിധികള്‍ക്കെതിരേ 533 കേസുകളാണുള്ളത്. തമിഴ്‌നാട് (402), ബിഹാര്‍ (373), ബംഗാള്‍ (335), ആന്ധ്ര(249), ഒഡിഷ (225) എന്നീ സംസ്ഥാനങ്ങളിലാണ് പിന്നീട് കൂടുതല്‍ കേസുകളുള്ളത്.
ജമ്മുകശ്മിര്‍, ഉത്തരാഖണ്ഡ്, മിസോറം, മണിപ്പൂര്‍, ഛത്തിസ്ഗഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ആരും കുറ്റമുക്തരാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഉണ്ടായില്ല. ഇത്തരത്തില്‍ 233 കേസുകളാണ് കേരളത്തിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ബിഹാറില്‍ 249ഉം ഡല്‍ഹിയില്‍ 124ഉം കര്‍ണാടകയില്‍ 123ഉം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.
കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരേ കൂടുതല്‍ കേസുകളും സമരങ്ങളുമായി ബന്ധപ്പെട്ട പൊതുമുതല്‍ നശിപ്പിക്കല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയവയാണ്. മറ്റു സംസ്ഥാനങ്ങളിലുള്ളതു പോലെ വര്‍ഗീയകലാപം, തട്ടിക്കൊണ്ടുപോകല്‍, പ്രകോപനപരമായ പ്രസംഗം ഉള്‍പ്പെടെയുള്ള ഗൗരവമുള്ള കേസുകള്‍ കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."