അഭിമാനമായി കൈറ്റ്, നീതി ആയോഗിന്റെ മികച്ച മാതൃകകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൈറ്റും
ദില്ലി: നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയില്‍ കേരളത്തില്‍ നിന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഇടം പിടിച്ചു. രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് 2020 നവംബര്‍ 17-ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേര്‍ണന്‍സ് എന്നീ മേഖലയിലെ കൈറ്റിന്റെ ഇടപെടല്‍ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
ഒക്ടോബര്‍ ഒമ്പതിന് കൊവിഡ് കാലത്ത് എഡ്യൂക്കേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് കേരളത്തില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് മാത്രമായി അമേരിക്കയിലെ കൊളംബിയ സര്‍വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തിയിരുന്നു.
ഓഗസ്റ്റില്‍ 'ദ പീല്‍ ഓഫ് ഫസ്റ്റ് ബെല്‍ അറ്റ് സ്‌കൂള്‍' എന്ന പേരില്‍ യുനിസെഫും കൈറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കൊണ്ടുള്ള വിശദമായ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹൈടെക് സ്‌കൂള്‍ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16027 സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ യൂണിറ്റുകളില്‍ 374274 ഉപകരണങ്ങളുടെ വിന്യാസം, 12678 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, 183440 അധ്യാപകര്‍ക്ക് പ്രത്യേക ഐടി പരിശീലനം, സമഗ്ര വിഭവ പോര്‍ട്ടല്‍, ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ തുടങ്ങിയ പദ്ധതികള്‍ കൈറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തു വരുന്നത്.
കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഒക്ടോബര്‍ 12-ന് പ്രഖ്യാപിക്കാനുമായി. നേരത്തേത്തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, പശ്ചിമബംഗാള്‍, പഞ്ചാബ്, ന്യൂഡല്‍ഹി, ഒറീസ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്നും കൈറ്റ് മാതൃക നടപ്പാക്കുന്നതിനായി അന്വേഷണങ്ങള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."