ആരോണ്‍ ഹ്യൂഗ്‌സ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കും
ആലപ്പുഴ: പ്രതിരോധത്തിലെ കരുത്തുമായി വടക്കന്‍ അയര്‍ലന്‍ഡിന്റെ മുന്‍ ദേശീയ നായകന്‍ ആരോണ്‍ ഹ്യൂഗ്‌സ് ഇനി കൊമ്പന്‍മാരെ നയിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ (ഐ.എസ്.എല്‍) കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീതാരമായി ആരോണ്‍ ഹ്യൂഗ്‌സിനെ പ്രഖ്യാപിച്ചു. ആരോണ്‍ ഹ്യൂഗ്‌സും ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റും തമ്മില്‍ ഇതുസംബന്ധിച്ച കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി ഏറ്റവു കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ഹ്യൂഗ്‌സ്. അടുത്തിടെ സമാപിച്ച യൂറോ കപ്പ് ഉള്‍പ്പെടെ 103 മത്സരങ്ങളിലാണ് ഹ്യൂഗ്‌സ് ദേശീയ ടീമിന്റെ കുപ്പായത്തിലിറങ്ങിയത്.
രണ്ടാം സീസണില്‍ ടീം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഈ പോരായ്മകള്‍ പരിഹരിച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ആദ്യം തന്നെ മാര്‍ക്വീതാരത്തെ പ്രഖ്യാപിച്ചു. 1997ല്‍ തന്റെ 18 ാം വയസില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുനൈറ്റഡിലൂടെയാണ് ഹ്യൂഗ്‌സ് ഫുട്‌ബോള്‍ പടയോട്ടത്തിന് തുടക്കമിട്ടത്.
തുടര്‍ന്ന് ആസ്റ്റണ്‍ വില്ലയുടെയും ഫുള്‍ഹാമിന്റെയും ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിന്റെയും ബ്രൈറ്റണിന്റെയും താരമായി. മെലബണ്‍ സിറ്റിക്ക് വേണ്ടി 2015-16 സീസണില്‍ പന്തു തട്ടിയ ശേഷമാണ് ആരോണ്‍ ഹ്യൂഗ്‌സിന്റെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള വരവ്.
2004-05 സീസണ്‍ വരെ ന്യൂകാസില്‍ താരമായിരുന്നു ഹ്യൂഗ്‌സ്. പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പടെ ന്യൂകാസിലിനു വേണ്ടി 278 മത്സരങ്ങളില്‍ ഹ്യൂഗ്‌സ് കാവല്‍ഭടനായി കാല്‍പന്തു കളിയില്‍ തിളങ്ങി. ആസ്റ്റണ്‍ വില്ലയിലേക്ക് ചുവടു മാറ്റിയ ഹ്യൂഗ്‌സ് 2005-07 സീസണില്‍ 64 മത്സരങ്ങളില്‍ പന്തുതട്ടി. 2007 ജൂണില്‍ ഹ്യൂഗ്‌സ് ആസ്റ്റണ്‍ വില്ലയില്‍ നിന്നും ഫുള്‍ഹാമിലേക്ക് കുടിയേറി. 2014 വരെ 250 മത്സരങ്ങളിലാണ് ഫുള്‍ഹാമിന്റെ പ്രതിരോധ കോട്ട കാത്തത്. 622 മത്സരങ്ങളില്‍ പ്രതിരോധ നിരയില്‍ കളിക്കാനിറങ്ങിയ ഹ്യൂഗ്‌സ് 11 ഗോളുകളും നേടി. 1998 മാര്‍ച്ച് 25 ന് സ്ലോവാക്യക്കെതിരേയാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചത്. സ്‌പെയിനിനെതിരേ ക്യാപ്റ്റനായി 2002 ല്‍ തുടക്കമിട്ടു. 2003 ല്‍ ടീമിന്റെ സ്ഥിരം നായകനായി. 2011 ല്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നതുവരെ ആരോണ്‍ ഹ്യൂഗ്‌സ് ടീമിന്റെ നായകനായി തുടര്‍ന്നു. ഹ്യൂഗ്‌സിന്റെ നായകത്വത്തില്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, സ്വീഡന്‍ ടീമുകള്‍ക്കെതിരേ വടക്കന്‍ അയര്‍ലന്‍ഡ് വിജയം നേടി.
പരുക്ക് വിട്ടു മാറാതെ വന്നതോടെയാണ് 2011 സെപ്തംമ്പറില്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. 2012 ഫെബ്രുവരി 19 ന് ഹ്യൂഗ്‌സ് തിരിച്ചു വരവ് പ്രഖ്യാപിച്ചു. കഴിഞ്ഞ യൂറോ കപ്പില്‍ ഉക്രയ്‌നിനെതിരേ വടക്കന്‍ അയര്‍ലന്‍ഡ് 2-0 ന് ജയിച്ച മത്സരത്തിലും പ്രതിരോധ നിരയില്‍ ആരോണ്‍ ഹ്യൂഗ്‌സ് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."