പാലക്കാട് സ്വദേശിയെ ട്രെയിനില്‍ ബിസ്കറ്റ് നല്കി മയക്കി കൊള്ളയടിച്ചു
കാസര്‍കോട്: പാലക്കാട് സ്വദേശിയായ യുവാവിനെ ട്രെയിനില്‍ ബിസ്കറ്റ് നല്കി മയക്കി കൊള്ളയടിച്ചു. പാലക്കാട് അകത്തേത്തറയിലെ കെ. അരുണ്‍ ആണ് ട്രെയിനില്‍ കവര്‍ച്ചയ്ക്കിരയായത്. മുംബൈയില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന അരുണിനെ ബിസ്കറ്റ് നല്കി മയക്കി സ്വര്‍ണവും പണവും വിലപ്പെട്ട രേഖകളും കവരുകയായിരുന്നു. ഗോവയ്ക്കും കാസര്‍കോടിനും ഇടയിലായിരുന്നു സംഭവം.
ഏതാനും ദിവസം മുന്‍പ് ജോലി തേടി മുംബൈയിലേക്ക് പോയതായിരുന്നു അരുണ്‍. ജോലി ശരിയാകാത്തതിനെ തുടര്‍ന്ന് ഹാപ്പാ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങും വഴിയാണ് കൊള്ളയ്ക്കിരയായത്. ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യവേ ഗോവയില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് ഹിന്ദി സംസാരിച്ചുകൊണ്ടിരുന്ന ഒരാള്‍ പരിചയപ്പെടുകയും കഴിക്കാന്‍ ബിസ്കറ്റ് നല്‍കുകയുമായിരുന്നു.
ബിസ്കറ്റ് കഴിച്ചതിന് ശേഷം ബോധം നഷ്ടപ്പെട്ട അരുണിന് ഇന്നലെ രാവിലെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ബോധം തിരിച്ച് കിട്ടിയത്. തുടര്‍ന്ന് അരുണ്‍ ട്രെയിനിറങ്ങി ആര്.പി.എഫിന് പരാതി നല്‍കുകയായിരുന്നു. അവശനിലയിലായ അരുണ്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിരലിലുണ്ടായിരുന്ന ഒന്നരപവന്‍ മോതിരം, വാച്ച്, 2,000 രൂപയും എ.ടി.എം കാര്‍ഡും അടങ്ങിയ പേഴ്സ് എന്നിവ നഷ്ടമായി. കാസര്‍കോട് റെയില്‍വേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."