ശമ്പളം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കി
നിലമ്പൂര്‍: സര്‍ക്കാര്‍, സര്‍ക്കാരിതര സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ആക്കിയതിനു പിന്നാലെ ജൂലൈ പത്തിന് ശേഷം ട്രഷറികളില്‍ സമര്‍പ്പിക്കുന്ന ശമ്പളമുള്‍പ്പെടെ മുഴുവന്‍ ബില്ലുകള്‍ക്കും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കി. റവന്യൂ വകുപ്പില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നേരത്തെ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളത്തിന് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കുന്നത് ഇതാദ്യമാണ്.
ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജൂണ്‍ 24നാണ് ധനകാര്യ വകുപ്പ് അന്തിമ ഉത്തരവ് ഇറക്കിയത്.
സ്പാര്‍ക്ക് മുഖേന സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ ബില്ലുകള്‍ക്കാണ് ജൂലൈ പത്ത് മുതല്‍ ഇത് നിര്‍ബന്ധമാക്കുന്നതെങ്കിലും സ്പാര്‍ക്ക് മുഖേനയല്ലാത്ത കണ്ടിജന്റ് ബില്ലുകള്‍ ഓഗസ്റ്റ് 10ന് ശേഷം ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലാതെ സമര്‍പ്പിക്കാനാവില്ല. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ സ്ഥാപന മേധാവികളായ ഡി.ഡി.ഒമാര്‍ക്കാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കുന്നത്. സ്വന്തം ബില്‍ എഴുതിയെടുക്കുന്ന ഗസ്റ്റഡ് ഉദ്യോഗസ്ഥരും ഡിജിറ്റലിലേക്ക് മാറണം. നിരവധി തവണ ധനകാര്യ വകുപ്പ് സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നുവെങ്കിലും ഇതുവരെ പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല.
ഉത്തരവിറങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍, കരാറുകാരുടെ ബില്ലുകള്‍, സംസ്ഥാന ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ എന്നിവ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലാതെ സമര്‍പ്പിച്ചാല്‍ നിരസിക്കുമെന്നുറപ്പായി. കഴിഞ്ഞ വര്‍ഷം മുതല്‍ സെക്രട്ടേറിയറ്റിലും ചില വകുപ്പുകളിലും സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പരിഷ്‌കാരം വരുത്തിയിരുന്നു. ഇത് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും ഈ സംവിധാനം നടപ്പില്‍ വരുത്തുന്നത്. അതത് ഓഫിസുകളിലെ വകുപ്പ് മേധാവികള്‍, ഗസറ്റഡ് ജീവനക്കാര്‍ എന്നിവരാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.
ഇതിനായി കെല്‍ട്രോണിനാണ് ചുമതല നല്‍കിയിരിക്കുന്നത്. കെല്‍ട്രോണ്‍ യാതൊരു തുകയും ഈടാക്കാതെയാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നല്‍കുന്നത്.
ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, സ്പാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പുകള്‍, ഒരു ഫോട്ടോ, പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോറം എന്നിവ സഹിതം അതത് ജില്ലാ ട്രഷറികളിലെ കെല്‍ട്രോണ്‍ ഹെല്‍പ് ഡസ്‌കില്‍ നേരിട്ട് എത്തി ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സ്വന്തമാക്കാം. 2017ല്‍ തന്നെ ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നിര്‍ബന്ധമായി നടപ്പാക്കാനായില്ല.
എന്നാല്‍ ട്രഷറി ഇടപാടുകള്‍ ബിംസ് മുഖേനയാക്കിയതും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകള്‍ സംയോജിത സാമ്പത്തിക മാനേജ്‌മെന്റ് സംവിധാനത്തിലൂടെ (ഐ.എഫ്.എം.എസ്)യാക്കിയതും മൂലം ട്രഷറിയില്‍ എത്തുന്ന എല്ലാ ബില്ലുകളിലും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ നിര്‍ബന്ധമാക്കേണ്ടിവന്നിരിക്കുകയാണ്. അതേസമയം ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എടുത്തുകൊടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ 800 മുതല്‍ 1200 രൂപവരെ തുക ഈടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."