ഒരു കളങ്കിതവ്യവസായി കൂടി കോടികള്‍ തട്ടി രാജ്യംവിട്ടു
ബാങ്കുകളില്‍ നിന്നു വായ്പയെടുത്തു മുങ്ങിയ വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോസ്‌കി എന്നിവര്‍ക്കു പിന്നാലെ മറ്റൊരു വ്യവസായി കൂടി ബാങ്കുകളെ തട്ടിച്ചു കോടികളുമായി രാജ്യം വിട്ടിരിക്കുന്നു. ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്റ്റെര്‍ലിംഗ് ബയോടെക് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനയുടമ നിതിന്‍സന്ദേശരയാണു കുടുംബത്തോടൊപ്പം രാജ്യം വിട്ടത്. 5300ഓളം കോടി വെട്ടിച്ചാണ് നിതിന്‍സന്ദേശര കടന്നുകളഞ്ഞത്.
ബാങ്കുകളില്‍ നിന്നു വായ്പയെടുത്തു മുങ്ങിയ വിജയ്മല്യയും നീരവ് മോദിയും ലണ്ടനില്‍ സുഖവാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരെ ഇന്ത്യയിലേയ്ക്കു തിരികെ കൊണ്ടുവരുന്നതില്‍ തീര്‍ത്തും ഉദാസീനമായ സമീപനമാണു ബി.ജെ.പി സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. കുറ്റവാളികളെ കൈമാറാനുള്ള ധാരണ ബ്രിട്ടനും ഇന്ത്യയും തമ്മിലുണ്ട്. ഈ കരാര്‍ നിലനിന്നിട്ടു പോലും അവരെ തിരികെ കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാരിനാവുന്നില്ല.
കുറ്റവാളികളെ കൈമാറുന്നതില്‍ ധാരണയൊന്നുമില്ലാത്ത നൈജീരിയയിലേയ്ക്കു നിതിന്‍ സന്ദേശര പോയത് തങ്ങളെ ഒരു കാരണത്താലും ഇന്ത്യയിലേക്ക് കൊണ്ടുവരുവാന്‍ കഴിയില്ല എന്ന ഉറച്ച ബോധ്യത്താലായിരിക്കണം. കുടുംബത്തോടൊപ്പം പോകണമെങ്കില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരോക്ഷസഹായം കിട്ടിയിട്ടുണ്ടാകുമെന്നു കരുതണം. വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോസ്‌കി എന്നിവരെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതു പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഓഫിസറാണെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ പലായനവും.
സി.ബി.ഐയുടെ ലുക്ക്ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തി വിജയ്മല്യയെ രക്ഷപ്പെടാന്‍ അനുവദിച്ചതിനു പിന്നില്‍ സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ എ.കെ ശര്‍മയാണെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണം ഇതുവരെ സി.ബി.ഐ നിഷേധിച്ചിട്ടില്ല. രാജ്യംവിട്ട വിവാദവ്യവസായികള്‍ക്കെല്ലാം സി.ബി.ഐയുടെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായം ലഭിച്ചിട്ടുണ്ട്. അതു നിതിന്‍ സന്ദേശരക്കും കുടുംബത്തിനും കിട്ടിയിട്ടുണ്ടെന്നു കരുതണം. നിതിന്‍സന്ദേശരയും അനിയനും സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറ്ററിന്റേയും അന്വേഷണ പരിധിയിലായിരുന്നു. ഇവര്‍ക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും കേസെടുക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു സി.ബി.ഐ. സി.ബി.ഐ ഡയരക്ടറായി അലോക്‌വര്‍മയെ നരേന്ദ്രമോദി പ്രത്യേക താല്‍പ്പര്യത്തിലാണു നിയമിച്ചത്. സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനും ഗുജറാത്ത് കേഡറില്‍പ്പെട്ട പൊലിസ് ഉദ്യോഗസ്ഥനുമാണ്. രണ്ടുപേരും നരേന്ദ്രമോദിയുടെ സ്വന്തക്കാരാണെങ്കിലും പൊരിഞ്ഞ പോരാട്ടത്തിലാണ് രണ്ട്‌പേരും. സി.ബി.ഐ സ്‌പെഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താന നിതിന്‍ കമ്പനിയില്‍നിന്ന് പണം പറ്റിയിട്ടുണ്ടെന്ന ഡയരക്ടറായ അലോക്‌വര്‍മയുടെ പരസ്യാരോപണം ഏതാനും ദിവസംമുമ്പാണ് വന്നത്.
ഇതിനെതിരെ അസ്താനയോ പ്രധാനമന്ത്രിയോ പ്രതികരിച്ചിട്ടില്ല. രണ്ട് പേരെയും ഉപയോഗപ്പെടുത്തിയാണല്ലോ രാഷ്ട്രീയ പ്രതിയോഗികളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിപ്പോരുന്നത്. തന്നോടു യോജിക്കാത്തവരെ കാലാവധിക്കു മുമ്പു പ്രധാന തസ്തികകളില്‍ നിന്നു നീക്കം ചെയ്യുകയെന്നതാണു നരേന്ദ്രമോദിയുടെ രീതി. വിദേശകാര്യ സെക്രട്ടറി സുജാതസിങ്, ആഭ്യന്തരസെക്രട്ടറി എ.സി ഗോയല്‍ എന്നിവര്‍ ഇങ്ങിനെ തെറിച്ചവരാണ്.
9000 കോടി തട്ടിച്ച മല്യ രാജ്യം വിടുംമുമ്പ് അരുണ്‍ജയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതു സി.ബി.ഐ നോക്കിയിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും 13,400 കോടി വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയെ വിട്ടുകിട്ടാന്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിപ്പാണു സി.ബി.ഐ. ഇപ്പോഴിതാ അയ്യായിരത്തി മുന്നൂറു കോടിയുടെ തട്ടിപ്പ് നടത്തി പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടുകാരനായ നിതിന്‍സന്ദേശരനും കുടുംബവും രാജ്യം വിട്ടിരിക്കുന്നു. ഖജനാവ് കൊള്ളയടിക്കാന്‍ തട്ടിപ്പ് വ്യവസായികള്‍ക്കു സൗകര്യം ചെയ്തുകൊടുക്കുന്ന അഭിശപ്തകാലത്തെയാണ് ഈ ഭരണകൂടം സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."