പാലത്തായി പീഡനക്കേസ്; പുതിയ അന്വേഷണസംഘം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി
തലശേരി: പാനൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷണസംഘത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. സയന്റിഫിക് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫര്‍, വിഡിയോഗ്രാഫര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നിവരുള്‍പ്പെടുന്ന വിദഗ്ധസംഘമാണ് തെളിവെടുപ്പ് നടത്തിയത്. പീഡനം നടന്നുവെന്നുപറയുന്ന ശുചിമുറിക്ക് സമീപത്തെ ക്ലാസ് മുറിയില്‍ കുറച്ച് കുട്ടികളെ ഇരുത്തി വിദഗ്ധസംഘം കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ശുചിമുറിയിലും തൊട്ടടുത്ത ക്ലാസ് മുറിയിലും പീഡനം നടന്നാല്‍ അത് എല്ലാവരും കാണുമെന്നാണ് നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍, പീഡനം നടന്ന സ്ഥലം പ്രത്യേക ശ്രദ്ധയോടെ വീക്ഷിച്ചാല്‍ മാത്രമേ കാണുകയുള്ളൂവെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. പുതിയ അന്വേഷണസംഘത്തിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായാണ് സ്‌കൂളിലെത്തി തെളിവെടുപ്പ് നടന്നത്.
തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള അന്വേഷണം നിര്‍ണായകമാകുമെന്നാണ് സൂചന. പഴുതടച്ചുള്ള അന്വേഷണമാണ് പുതിയ സംഘത്തിന്റെ മുന്നിലെ വെല്ലുവിളി. കേസന്വേഷണത്തില്‍ അട്ടിമറി നീക്കമാണു നടന്നതെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബവും വിവിധ രാഷ്ട്രീയപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. തുടര്‍ന്നു പഴയ അന്വേഷണസംഘത്തെ മാറ്റുകയായിരുന്നു. കേസന്വേഷിച്ച ലോക്കല്‍ പൊലിസിനെതിരേയും ക്രൈംബ്രാഞ്ചിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ.ഡി.ജി.പി ജയരാജിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് സി.ഐ ബിനു മോഹനന്‍, മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിലെ എസ്.ഐ എന്‍.കെ ഗിരീഷ്, സീനിയര്‍ സി.ഒ.പിമാരായ ശരണ്യ, ലതിക എന്നിവരാണ് പുതിയ അന്വേഷണസംഘത്തിലുള്ളത്.
തുടര്‍ന്നുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായകമാകുകയെന്നും ഇന്നലെ നടന്നത് അന്വേഷണത്തിന്റെ തുടക്കമാണെന്നും ഡിവൈ.എസ്.പി ടി.കെ രത്‌നകുമാര്‍ പ്രതികരിച്ചു. അധ്യാപകനും പ്രാദേശിക ബി.ജെ.പി നേതാവുമായ കടവത്തൂരിലെ കുനിയില്‍ പത്മരാജന്‍ സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിചേര്‍ക്കപ്പെട്ട പത്മരാജന് നേരത്തെ തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."