ബ്രൂവറി, ഡിസ്റ്റിലറി അനുമതി: സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ രഹസ്യമായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സമ്പൂര്‍ണ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രൂവറി അനുമതി സംബന്ധിച്ചു മന്ത്രി ടി.പി രാമകൃഷ്ണന്റെ വാര്‍ത്താസമ്മേളനം കുറ്റസമ്മതമാണ്. പത്രത്തില്‍ പരസ്യപ്പെടുത്തിയാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രി ചോദിക്കുന്നത്. അതുതന്നെയാണ് താനും പറഞ്ഞത്. അപേക്ഷ ക്ഷണിക്കാതെയും താല്‍പര്യപത്രം സ്വീകരിക്കാതെയും ഇഷ്ടക്കാര്‍ക്കു രഹസ്യമായി നല്‍കിയെന്നാണ് ആരോപണം. മന്ത്രി അതു സമ്മതിച്ചിരിക്കുന്നു. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയും എക്‌സൈസ് മന്ത്രി രണ്ടാം പ്രതിയുമാണെന്നും ചെന്നിത്തല പറഞ്ഞു.
1996 ല്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നെന്ന കാര്യം മന്ത്രി മറന്നുപോയോയെന്നു ചോദിച്ച ചെന്നിത്തല, അന്ന് അപേക്ഷകളുടെ എണ്ണം കൂടിയതു കാരണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനായി സെക്രട്ടറിതല കമ്മിറ്റിയെ രൂപീകരിച്ചത് ഓര്‍മയില്ലേയെന്നും ചോദിച്ചു. ഈ കമ്മിറ്റിയാണ് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയത്.
സര്‍ക്കാരിനു ലഭിച്ച അപേക്ഷകളിലാണ് തീരുമാനമെടുത്തതെന്നു മന്ത്രി പറയുന്നു. ഈ നാലു പേര്‍ മാത്രം ഇവ അനുവദിക്കാന്‍ പോകുകയാണെന്ന് എങ്ങനെ അറിഞ്ഞു? ഇഷ്ടക്കാരില്‍നിന്ന് അപേക്ഷ എഴുതിവാങ്ങി അനുവദിക്കുകയല്ലേ ചെയ്തത്. പുതിയ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും തത്വത്തില്‍ അംഗീകാരം നല്‍കുകയാണ് ചെയ്തതെന്ന മന്ത്രിയുടെ നിലപാട് പരാമര്‍ശിച്ച അദ്ദേഹം, ഇവര്‍ക്കു ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ എക്‌സൈസ് കമ്മിഷണര്‍ക്കു സ്വന്തമായി ലൈസന്‍സ് നല്‍കാന്‍ കഴിയുമോ, ലൈസന്‍സ് നല്‍കുന്നതു സാങ്കേതിക കാര്യം മാത്രമാണ്. മദ്യനയത്തിന് അനുസൃതമായാണ് അനുമതി നല്‍കിയതെങ്കില്‍ പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാന്‍ അനുമതി നല്‍കുമെന്നു മദ്യനയത്തില്‍ എവിടെയാണ് പറയുന്നതെന്നും എങ്കില്‍ ആ മദ്യനയം പരസ്യമാക്കാമോയെന്നും ചെന്നിത്തല ചോദിച്ചു. തീരുമാനം എന്തുകൊണ്ട് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്നതിനും എന്തുകൊണ്ടു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന ചോദ്യത്തിനും മന്ത്രിക്കു മറുപടിയില്ല. ഇതിന്റെ ആവശ്യമില്ലെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നു. ഈ മറുപടി സി.പി.ഐക്കും മറ്റു ഘടകകക്ഷികള്‍ക്കും സ്വീകാര്യമാണോയെന്നറിയാന്‍ ആഗ്രഹമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."