പ്രവൃത്തി പൂര്‍ത്തിയാക്കാതെ തരുവണ-നിരവില്‍പ്പുഴ റോഡ്
മാനന്തവാടി: സര്‍ക്കാര്‍ ഫണ്ടനുവദിച്ച് മൂന്ന് വര്‍ഷമായിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാതെ തകര്‍ന്നു കിടക്കുന്ന തരുവണ-നിരവില്‍പ്പുഴ റോഡിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു.
റോഡ് പണി പൂര്‍ത്തായക്കുന്നതില്‍ കൃത്യവിലോപം കാണിച്ചതായാരോപിച്ച് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് സ്ഥലം എം.എല്‍.എയുടെ ഒളിച്ചോട്ടമാണെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് റോഡിന് പത്ത് കോടി രൂപാ ഫണ്ടനുവദിച്ചത്. എന്നാല്‍ ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് 2017 നവംബറില്‍ മാത്രമാണ്.
അതാവട്ടെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ വിമര്‍ശനം ശക്തമായതോടെ നേരത്തെ കാരാറെടുത്ത് മാറിയ കരാറുകാരന് പകരം രണ്ടാം നമ്പറായി ക്വട്ടേഷന്‍ നല്‍കിയ നിലവിലെ കരാറുകാരനെ കണ്ടെത്തി കരാര്‍ നല്‍കുകയായിരുന്നു.
ആവശ്യത്തിന് ജോലിക്കാരും ഉപകരണങ്ങളുമില്ലാതെയാണ് തുടക്കം മുതല്‍ തന്നെ കരാറുകാരന്‍ പ്രവൃത്തി തുടങ്ങിയത്. നവംബറില്‍ തുടങ്ങിയ പ്രവൃത്തികള്‍ മെയ് ആയിട്ടും എങ്ങുമെത്തിയിരുന്നില്ല. ഇതിനിടെ മെയ് പകുതിയോടെ കരാറുകാരന്‍ ആദ്യഘട്ട ടാറിങ് പ്രവൃത്തി നടത്താന്‍ ശ്രമിച്ചെങ്കിലും പണിയില്‍ പൂര്‍ണതയില്ലാത്തിനാലും വൈബ്രേറ്റര്‍ റോളര്‍ ഉള്‍പ്പെടെ ആവശ്യത്തിന് യന്ത്രസാമഗ്രികളില്ലാത്തിനാലും ടാറിങ് പ്രവൃത്തി അനുവദിച്ചില്ല.
തുടര്‍ന്ന് മഴകഴിഞ്ഞ് പ്രവൃത്തി തുടങ്ങേണ്ട ഘട്ടമെത്തിയപ്പോള്‍ കരാറുകാരന്‍ നിലവിലെ തുകക്ക് പണിപൂര്‍ത്തിയാക്കാനാവില്ലെന്ന് സ്ഥലം എം.എല്‍.എയെ ഉള്‍പ്പെടെ അറിയിക്കുയായിരുന്നു.
ഇതുപ്രകാരം എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്ത് നല്‍കാന്‍ തത്വത്തില്‍ തീരുമാനിക്കുകയും ഇതിനായി എ.എക്‌സ്.ഇയോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാരിന്റെ നേരത്തെയുള്ള ഉത്തരവ് നിലവിലുള്ളതിനാല്‍ 25 ശതമാനം പോലും പ്രവൃത്തി പൂര്‍ത്തിയാവാത്ത പണിക്ക് എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്തു നല്‍കാന്‍ എ.എക്‌സ്.ഇ തയ്യാറായില്ല.
അത് മാത്രമല്ല പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ വ്യവസ്ഥപ്രകാരം ബാക്കിയിരിക്കെ നിലവില്‍ സാധ്യമല്ലെന്ന നിലപാടിലായിരുന്നു എ.എക്‌സ്.ഇ. ശരിയായ രീതിയലും നിബന്ധനപ്രകാരവുമല്ല കരാറുകാരന്‍ ചെയ്ത പ്രവൃത്തികളെന്നും ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കരാറുകാരന്റെ വീഴ്ചകള്‍ പാടെ മറച്ചുവച്ചു കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബലിയാടാക്കുകയാണുണ്ടായതെന്നാണ് പറയപ്പെടുന്നത്.
കരാറുകാരന്‍ നേരത്തെ പണിപൂര്‍ത്തിയാക്കിയ വാളാട് പൊള്ളമ്പാറ റോഡ് കഴിഞ്ഞ മഴയില്‍ പൂര്‍ണമായും ഒലിച്ചു പോയത് പണിയിലെ അപാകതയാണെന്ന് പരാതിയുണ്ടായിരുന്നു.
ടാറിങ് നടത്തേണ്ട ഭാഗത്ത് നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള പണം പോലും ഇതുവരെയും അടച്ചിട്ടില്ല. നാല്‍പ്പതോളം മരങ്ങള്‍ മുറിക്കാനുള്ള നടപടിയും പൂര്‍ത്തിയായിട്ടില്ല. റോഡില്‍ നിര്‍മിക്കേണ്ട കള്‍വര്‍ട്ടുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടില്ല.
തരുവണ-മക്കിയാട് റോഡ് പണിതുടങ്ങിയത് മുതല്‍ കൃത്യതയില്ലാത്ത പ്രവൃത്തിയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ക്കും വ്യാപകമായി ആരോപണമുണ്ടായിരുന്നു.
മഴമാറി ഒരുമാസം പിന്നിട്ടിട്ടും റോഡില്‍ യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച് കള്‍വര്‍ട്ട് പണി ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."