പരീക്ഷണ ടാറിങ്; രണ്ടാഴ്ചക്കിടെ ഒരേ സ്ഥലത്ത് തെന്നി മറിഞ്ഞത് രണ്ട് വാഹനങ്ങള്‍
പുതുക്കാട്: പരീക്ഷണ ടാറിംഗ് നടന്ന കുറുമാലി ക്ഷേത്രത്തിന് സമീപം രണ്ടാഴ്ചക്കിടെ തെന്നി മറിഞ്ഞത് രണ്ട് വാഹനങ്ങള്‍. മണ്ണാര്‍ക്കാട് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്ന ട്രാക്‌സ് ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 8.30ന് ആയിരുന്നു അപകടം.
മഴയത്ത് മുന്‍പില്‍ പോയിരുന്ന കാര്‍ ബ്രേയ്ക്ക് ചെയ്തതിനെ തുടര്‍ന്ന് കാറില്‍ ഇടിക്കാതിരിക്കാന്‍ ജീപ്പ് ബ്രേക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ബ്രേക്ക് ചെയ്തപ്പോള്‍ ജീപ്പ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം ഒമ്പത് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. കഴിഞ്ഞ 13ന് തമിഴ്‌നാടില്‍ നിന്നും പച്ചക്കറി കയറ്റി വന്ന ലോറി മഴയത്ത് തെന്നി തലകീഴായി മറിഞ്ഞിരുന്നു. ഇതുമൂലം അഞ്ച് മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടിരുന്നു. ദേശീയപാതയിലെ റോഡിന്റെ പ്രതലം മിനുസപ്പെടുത്തുന്ന ജോലികള്‍ തുടങ്ങിയതു മുതല്‍ വാഹനങ്ങള്‍ തെന്നി മറിയുന്നത് സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ മാസം പരീക്ഷണ ടാറിംഗ് നടത്തിയിരുന്ന പാലിയേക്കരയില്‍ പത്ത് മിനിറ്റിനുള്ളില്‍ മൂന്ന് അപകടങ്ങള്‍ ഉണ്ടായത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടുത്ത ദിവസം തന്നെ അപകടം നടന്ന സ്ഥലം ടോള്‍ കമ്പനി മിനുസം മാറ്റി അറ്റക്കുറ്റപ്പണി ചെയ്യുകയുമുണ്ടായി. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ടോള്‍ അധികൃതര്‍ പ്രശ്‌നത്തിന്റെ ഗൗരവം കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹൈവേയിലെ പുതിയതായി നടത്തിയ ടാറിംഗ് അശാസ്ത്രീയമാണെന്നും മഴക്കാലമാകുന്നതോടെ അപകട സാധ്യത വര്‍ധിക്കുമെന്നും എത്രയും പെട്ടെന്ന് ടാറിംഗിലെ അപാകതകള്‍ പരിഹരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."