ഗുരുവും സൂഫികളും: ഒരു അനുബന്ധം
കഴിഞ്ഞ 'ഞായര്‍ പ്രഭാത'ത്തില്‍(ലക്കം 210) ഞാന്‍ എഴുതിയ 'ഗുരുവും സൂഫികളും' എന്ന ലേഖനത്തില്‍ ഉന്നയിക്കുന്ന വാദങ്ങളുടെ സ്രോതസുകളും അവലംബങ്ങളും ആവശ്യപ്പെട്ടു നിരവധിപേര്‍ ഫോണ്‍ ചെയ്ത് അന്വേഷിക്കുകയുണ്ടായി. 2000 മുതല്‍ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട പഠനങ്ങളിലും അന്വേഷണങ്ങളിലും വ്യാപൃതനാണ് ഞാന്‍. ഗുരുവുമായി ബന്ധപ്പെട്ടുമാത്രം ആയിരത്തിലധികം ലേഖനങ്ങള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'ഞായര്‍ പ്രഭാത'ത്തിലെ കുറിപ്പിന്റെ ഉള്ളടക്കം എന്നെ സംബന്ധിച്ച് ഒട്ടും പുതുമ തോന്നിയിട്ടില്ലാത്തതാണ്. 1950കള്‍ക്കു മുന്‍പ് ഇത്തരത്തില്‍ നിരവധി ലേഖനങ്ങള്‍ പലരും എഴുതിയിട്ടുണ്ട്. കെ. ബാലകൃഷ്ണന്‍, സി.വി കുഞ്ഞുരാമന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളിലും ഇത്തരം വിവരങ്ങള്‍ എമ്പാടും വന്നിട്ടുണ്ട്. 'ഞായര്‍ പ്രഭാതം' കുറിപ്പിലെ വിവരങ്ങള്‍ക്ക് അവലംബമായി നൂറുകണക്കിനുരേഖകളുണ്ട്. അന്വേഷകരുടെ അറിവിലേക്കായി അവയില്‍ ചിലതുമാത്രം ഇവിടെ സൂചിപ്പിക്കുന്നു.
കേരളത്തിനകത്തെയും പുറത്തെയും മുസ്‌ലിം പണ്ഡിതരുമായും ജ്ഞാനികളുമായും ഗുരുവിനു ബന്ധമുണ്ടായിരുന്നതായി പ്രതിപാദിക്കുന്ന 1950നു മുന്‍പു പുറത്തിറങ്ങിയ ചില കൃതികളാണ് അതില്‍ പ്രധാനം. ഇതില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍, വക്കം മൗലവി, ഇച്ച മസ്താന്‍, മക്തി തങ്ങള്‍ തുടങ്ങിയവരും ഉത്തരേന്ത്യയിലെ സൂഫികളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1. നാണു സാമിയും ഇസ്‌ലാംമത ജ്ഞാനികളും, വിദ്വാന്‍ അബൂബക്കര്‍, ഇടവാ മുസ്‌ലിം സമാജം, 1938. 2. ശ്രീനാരായണ ഗുരുവും മുസ്‌ലിംകളും, പറവൂര്‍ ടി. മുഹമ്മദ് സാഹിബ്, അല്‍ ഇസ്‌ലാം അച്ചുകൂടം, ആലപ്പുഴ, 1939. 3. നാരായണ ഗുരുസാമിയും മലയാള മുസ്‌ലിംകളും, വക്കം അബ്ദുല്‍ ഖാദര്‍, മുസ്‌ലിം പ്രബോധക സംഘം, കൊല്ലം, 1936.
സൂഫിസത്തിനും മതാന്തര ആത്മീയ ചിന്തകള്‍ക്കും ഊന്നല്‍നല്‍കി പ്രസിദ്ധീകരിച്ചിരുന്ന രണ്ടു തമിഴ് മാസികകളാണ് 'മനമലര്‍', 'വാണി' എന്നിവ. മദിരാശി സ്പിരിച്വല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായിരുന്നു 'മനമലര്‍'. തമിഴ് ബ്രഹ്മവിദ്യാ സംഘത്തിന്റെ ആനുകാലികമായിരുന്നു 'വാണി'. ഗുരുവും തമിഴ്‌നാട്ടിലെ സൂഫികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇവയില്‍ പലതവണയായി നിരവധി ലേഖനങ്ങള്‍ വന്നിട്ടുണ്ട്. 1931 ജനുവരി ലക്കം 'മനമലറി'ല്‍ നാരായണ ഗുരുവും തമിഴ്‌നാട്ടിലെ സൂഫികളും തമ്മില്‍ നിലനിന്നിരുന്ന ബന്ധത്തെ കുറിച്ച് വിശദമായ ലേഖനമുണ്ട്. ഇതേവിഷയം തന്നെ തൊട്ടടുത്ത മാസം 1931 ഫെബ്രുവരിയില്‍ 'വാണി' മാസികയിലും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗുരുവും ഉറുദു-പേര്‍ഷ്യന്‍ പണ്ഡിതന്മാരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് 'ഇര്‍ഫാന്‍', 'തഅ്‌ലീം' തുടങ്ങിയ ഉറുദു മാസികകള്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യാ വിഭജനത്തിനുമുന്‍പ് അമൃത്‌സറില്‍നിന്നു പുറത്തിറങ്ങിയിരുന്ന ഉറുദു അധ്യാത്മിക മാസികയാണ് 'ഇര്‍ഫാന്‍'. 1920 മുതല്‍ 1945 വരെ പല ഘട്ടങ്ങളിലായി ഇറങ്ങിയും നിന്നുമായി 'ഇര്‍ഫാന്‍' മാസിക ജീവിച്ചു. ലഖ്‌നൗവില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ആത്മീയ-സൂഫി മാസികയാണ് 'തഅ്‌ലീം'. 1926 മുതല്‍ 1939 വരെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇവ കൂടാതെ മറ്റുപല ഉറുദു ആനുകാലികങ്ങളിലും ഗുരുവിനെക്കുറിച്ച് അക്കാലത്തും പിന്നീടുമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ പണ്ഡിതന്മാരെ നാരായണ ഗുരുവുമായി ബന്ധിപ്പിക്കുന്ന വിശദപഠനങ്ങള്‍, വിശേഷാല്‍പതിപ്പു തന്നെയായി ഇറങ്ങിയ രണ്ടു ലക്കങ്ങളാണ് 1929 മെയിലെ 'ഇര്‍ഫാനും' 1932 ഫെബ്രുവരിയുടെ 'തഅ്‌ലീമും'.
'പ്രബോധോദയം' മാസിക 1938 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച സി.വി കുഞ്ഞുരാമന്റെ 'ഗുരുസ്വാമിയും മതവിശ്വാസരീതികളും' എന്ന ലേഖനത്തില്‍ ഗുരുവിന്റെ ഇതരമതസ്ഥരുമായുള്ള സൗഹൃദം വിവരിക്കുന്നു. 1944 മെയ്, ജൂണ്‍, ജൂലൈ ലക്കങ്ങളില്‍ മിതവാദി കൃഷ്ണന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'മിതവാദി' സ്‌പെഷല്‍ പതിപ്പിലെ ലേഖനങ്ങളും ഇത്തരത്തിലുള്ളതു തന്നെയാണ്. കേശവന്‍ വൈദ്യര്‍ ഏറ്റെടുത്തു പുനപ്രസിദ്ധീകരിച്ച ഘട്ടത്തില്‍ 'വിവേകോദയം' മാസികയില്‍ വന്ന ചില ലേഖനങ്ങളും ഇത്തരം സ്വഭാവങ്ങള്‍ ഉള്ളവയായിരുന്നു.
പ്രമുഖ ചരിത്രകാരനായിരുന്ന പൊന്‍കുന്ന പി.എ സെയ്തു മുഹമ്മദ് എഴുതുകയും, തൃശൂരിലെ ആമിന ബുക്സ്റ്റാള്‍ പുറത്തിറക്കിയിരുന്ന 'വിജയദീപം' മാസികയുടെ 1974 മാര്‍ച്ച്-ഏപ്രില്‍ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത 'ശ്രീനാരായണ ഗുരുവും കേരളത്തിലെ മുസ്‌ലിംകളും' എന്ന ലേഖനവും സമാന ഉള്ളടക്കങ്ങളുള്ളതാണ്. ഇനിയും ഒട്ടേറെ സൂചനകള്‍ ഈ വിഷയത്തില്‍ നല്‍കാന്‍ കഴിയും. ഇച്ചമസ്താനും ഗുരുവും തമ്മിലുണ്ടായിരുന്ന ബന്ധം പരക്കെ അറിയപ്പെട്ടതാണല്ലോ. സ്ഥലപരിമിധിമൂലം നിര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."