യമൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം ശക്തമാക്കി; റിയാദ് കരാർ ഉടൻ നടപ്പാക്കാൻ ധാരണ
റിയാദ്: യുദ്ധം തുടരുന്ന യമനിൽ പുതിയ ഭരണകൂടത്തെ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാൻ ശ്രമം ശക്തമാക്കി. ഇതിന്റെ ഭാഗമായി റിയാദിൽ രൂപം കൊടുത്ത റിയാദ് കരാർ പദ്ധതികൾ ഉടൻ നടപ്പാക്കി തുടങ്ങുമെന്ന് യമനിൽ യുദ്ധം നയിക്കുന്ന അറബ് സഖ്യ സേന അറിയിച്ചു. സതേൺ ട്രാൻസിഷണൽ കൗൺസിലും യെമൻ സർക്കാരും തമ്മിൽ തുല്യ പങ്കാളിത്തത്തോടെയുള്ള സർക്കാ രൂപീകരിച്ചാണ് പ്രശ്‌ന പരിഹാരം കാണുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും പുതിയ മന്ത്രി സഭ ഉടൻ പ്രഖ്യാപിക്കുമെന്നും സഖ്യ സേന വ്യക്തമാക്കി. നിലവിൽ ഗവൺമെന്റിൽ അംഗങ്ങളായിരുന്ന മന്ത്രിമാർ അടക്കം 24 പേരെ ഉൾക്കൊള്ളിച്ച് പുതിയ മന്ത്രി സഭ ഉടൻ അധികാരമേൽക്കുമെന്നും സഖ്യ സേനയെ ഉദ്ധരിച്ച് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ആദ്യ ഘട്ടത്തിൽ സൈന്യത്തെയായിരിക്കും പ്രഖ്യാപിക്കുക. ശേഷമായിരിക്കും ഗവൺമെന്റ് രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക.
അതേസമയം, അബ്‌യാൻ മേഖലാ വിഭജനത്തിനും സൈനിക പുനർവിന്യാസത്തിനും തുടർന്നും മേൽനോട്ടം വഹിക്കുമെന്നും സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സുസ്ഥിരവും സുരക്ഷിതത്വം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തീവ്രവാദ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും ഭരണകൂടത്തെ സഹായിക്കാൻ സഖ്യസേന യെമനിൽ തുടരുമെന്നും അറബ് സഖ്യ സേന അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ചിരുന്ന റിയാദ് കരാർ, തെക്കൻ വിഘടനവാദികളായ സതേൺ ട്രാൻസിഷണൽ കൗൺസിൽ നിസഹകരണം പ്രഖ്യാപതിച്ചതിനാൽ ഓഗസ്‌റ്റിൽ സ്‌തംഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ യെമനിൽ റിയാദ് കരാർ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതിനാൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് എസ് പി എ റിപ്പോർട്ടിൽ വ്യക്തമാക്കി. കരാറിന്റെ സൈനിക, സുരക്ഷാ ഘടകങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ എല്ലാ പദ്ധതികളും പൂർത്തീകരിച്ചതായും പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് എസ് പി എ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ വർഷം നവംബറിലാണ് യമനിലെ രണ്ടു വിഭാഗങ്ങളെയും ഒന്നിപ്പിച്ച് യുദ്ധം അവസാനിപ്പിക്കുന്നതിനായി സഊദിയുടെ നേതൃത്വത്തിൽ റിയാദ് കരാർ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."