വിവാഹ വാഗ്ദാനം നല്‍കി ദീര്‍ഘകാലമുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ദീര്‍ഘകാലമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദീര്‍ഘകാലം ഒന്നിച്ചു ജീവിക്കുകയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സ്ത്രീ പങ്കാളി പരാതിപ്പെടുന്നതില്‍ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബഖ്രു നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നല്‍കി ഒന്നിച്ചു ജീവിക്കുകയും ഉഭയസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരേ ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ബലാത്സംഗ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
ബലാത്സംഗക്കേസ് റദ്ദാക്കിയ കോടതി, മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസം കാരണം പിരിയുന്നവര്‍ക്കെതിരേ ബലാത്സംഗക്കുറ്റം ആരോപിക്കുന്ന പ്രവണത വ്യാപകമാവുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത് നിയമത്തിന്റെ ദുരുപയോഗമാണ്. ചില സാഹചര്യങ്ങളില്‍, വിവാഹ വാഗ്ദാനം ഒരു കക്ഷിയെ ലൈംഗിക ബന്ധത്തിനു സമ്മതിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ബന്ധപ്പെട്ട കക്ഷി വേണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു പ്രത്യേക നിമിഷത്തില്‍ സമ്മതം കൊടുത്തെന്നും വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമേ മറുകക്ഷിയെ ചൂഷണം ചെയ്യാമെന്ന ഉദ്ദേശ്യത്തോടെ വ്യാജ വിവാഹവാഗ്ദാനം ചെയ്‌തെന്ന ഐ.പി.സി സെക്ഷന്‍ 375 പ്രകാരം ബലാത്സംഗ കുറ്റമായി കണക്കാക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."