എന്റെ പേര് അക്തര്‍ അലി; ഞാനിപ്പോള്‍ ധരം സിങ്, ഇനി എനിക്ക് നീതികിട്ടും
ന്യൂഡല്‍ഹി: മുസ്‌ലിമായി ജീവിക്കുന്ന കാലത്തോളം കൊല്ലപ്പെട്ട മകനു നീതികിട്ടില്ലെന്നും അതിനാല്‍ മതം മാറുന്നുവെന്നും പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍ മധ്യവസയ്കന്‍ കുടുംബസമേതം ഹിന്ദുമതം സ്വീകരിച്ചു. ബഘ്പത് സ്വദേശിയായ അക്തര്‍ അലിയാണ് 20 അംഗ കുടുംബത്തോടൊപ്പം മതംമാറിയത്. മതംമാറിയ അക്തര്‍, ധരം സിങ് എന്ന പേരുസ്വീകരിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിണി പ്രവര്‍ത്തകരമാണ് മതംമാറ്റ ചടങ്ങുകള്‍ക്കു നേതൃത്വം കൊടുത്തത്. ഭാര്യ നഫീസ മക്കളായ ദില്‍ഷാദ്, നൗഷാദ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മതം മാറിയത്. ഇവര്‍ പിന്നീട് പുതിയ പേരും സ്വീകരിച്ചു.
ജൂണ്‍ 22നാണ് അക്തറിന്റെ മകന്‍ ഗുല്‍സാര്‍ അലി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വീടിന്റെ മേല്‍കൂരയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബം പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അക്തര്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ പൊലിസ് ഉല്‍സാഹം കാണിച്ചില്ല. ആവര്‍ത്തിച്ചുള്ള പരാതിക്കൊടുവില്‍ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലിസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഹിന്ദുമതത്തിലേക്കു മാറി വീണ്ടും മകന്റെ കേസില്‍ പരാതി നല്‍കാന്‍ അക്തര്‍ തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരം മതംമാറാനുള്ള തീരുമാനം അറിയിച്ച് ഈ മാസം ഒന്നിന് ജില്ലാ കലക്ടര്‍ക്ക് സത്യവാങ്മൂലം നല്‍കി. ചൊവ്വാഴ്ച ബദര്‍ക ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഹിന്ദുമതം സ്വീകരിക്കുകയും പേരുമാറ്റുകയുമായിരുന്നുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
മുസ്‌ലിമായിരിക്കുന്ന കാലത്തോളം തനിക്കു നീതിലഭിക്കില്ലെന്ന് അക്തര്‍ അലി പറഞ്ഞു. നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ നീതിപൂര്‍വം പരിഗണിക്കപെടില്ലെന്നും അദ്ദേഹം പറഞ്ഞു. മതംമാറിയ സാഹചര്യത്തില്‍ നീതികിട്ടുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."