തെലങ്കാനയില്‍ കാണാതായ യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്, കൃത്യം ഭാര്യയുടെ മുന്നില്‍ വെച്ച്
ഹൈദരാബാദ്: വിവാഹ ശേഷം ദുരൂഹസാഹചര്യത്തില്‍ കാണാതായ തെലങ്കാന സ്വദേശിയായ അംബോജി നരേഷിനെ ഭാര്യാപിതാവ് കൊലപ്പെടുത്തിയതാണെന്ന് പൊലിസ്. ഭാര്യ തുമ്മാല സ്വാതി (20)യുടെ മുന്നില്‍ വെച്ചാണ് നരേഷിനെ കൊലപ്പെടുത്തിയത്.
ഉയര്‍ന്ന ജാതിയില്‍ പെട്ടവളായിരുന്നു സ്വാതി. സ്വാതിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം നരേഷിനെ കാണാതാവുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ.
പിതാവിന്റെ നിര്‍ബന്ധപ്രകാരം മെയ് രണ്ടിന് സ്വാതി നരേഷിനെ വിളിക്കുകയും ഒരു പാടത്തിനരികല് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്വാതി വിളിച്ച പ്രകാരം എത്തിയ നരേഷിനെ ഭാര്യാപിതാവ് ശ്രീനിവാസ റെഡ്ഡി സഹോദര പുത്രന്റെയും മരുമകന്റെയും സഹായത്തോടെ സ്വാതിയുടെ കണ്മുന്നില് തന്നെ കൊലപ്പെടുത്തുകയൈായിരുന്നു. തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ചെ്തു.
കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച സമയത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് സ്വാതി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് അന്വേഷണത്തിന്റെ ചുമതല പൊലിസ് കമ്മീഷണര്‍ മഹേഷ് ഭാഗവതിന് കൈമാറി. അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ നരേഷിനെ കാണാതായതിനു പിന്നില്‍ സ്വാതിയുടെ പിതാവ് ശ്രീനിവാസ റെഡ്ഢിയെ സംശയിച്ചിരുന്നതായി മഹേഷ് ഭാഗവത് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മാസം മുമ്പാണ് നരേഷും ഭാര്യയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഉടന്‍ സ്വാതിയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഭീഷണി മുഴക്കാന്‍ തുടങ്ങി. വഴങ്ങാതിരുന്നപ്പോള്‍ നരേഷിന്റെ പിതൃസഹോദരന് പൊലിസ് കസ്റ്റഡിയിലാണെന്നും വിട്ടയക്കണമെങ്കില്‍ സ്വാതിയെ വീട്ടില്‍ എത്തിക്കണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരിച്ച് വീട്ടിലേക്ക് പോകാന്‍ സ്വാതിയും നരേഷും തീരുമാനിക്കുകയായിരുന്നു.
മുംബൈയില്‍ നിന്ന് ഭോങ്കിറിലേക്കുള്ള യാത്രക്കിടെ സ്വാതിയെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ നരേഷിനെ പിന്നീട് കാണാതായി. നരേഷിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ നല്കിയ പരാതിയിലാണ് കൊലപാതക രഹസ്യം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."