അഭയമാര്‍ ആവര്‍ത്തിക്കാതിരിക്കട്ടെ
ചരിത്രത്തിന്റെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട നിര്‍ണായകമായ ഒന്നാണ് അഭയ കേസ് വിധി. തങ്ങളുടെ പൊന്നുമകള്‍ക്ക് നീതി നടപ്പാക്കപ്പെട്ടപ്പോള്‍ അത് കാണാന്‍ പോലും ഭാഗ്യം സിദ്ധിച്ചില്ല അവളുടെ മാതാപിതാക്കള്‍ക്ക്. സത്യത്തില്‍ ഈ വിധി അഭയക്ക് മാത്രമുള്ള വിധിയല്ല മറിച്ച്, കന്യാസ്ത്രീ മഠങ്ങളില്‍ പറഞ്ഞയക്കുന്ന എല്ലാ പെണ്‍കുട്ടികളുടെയും സുരക്ഷയെ കരുതിയുള്ള വിധിയാണ്. നിയമത്തിന്റെ കണ്ണുകളില്‍ ഇതില്‍ ഒന്നാം പ്രതി കോട്ടൂരും മൂന്നാം പ്രതി സെഫിയുമാണ്. എന്നാല്‍ നീതിയുടെ കാഴ്ചപ്പാടില്‍ ഇതില്‍ ഒന്നാം പ്രതി സഭാനേതൃത്വമാണെന്നത് സംശയലേശമന്യേ പറയാന്‍ കഴിയും. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എന്തുവിലകൊടുത്തും കുറ്റവാളികളെ സംരക്ഷിക്കാനുള്ള സഭാനേതൃത്വത്തിന്റെ വ്യഗ്രത. രണ്ട്, ചെറുപ്രായത്തില്‍ സഭ അടിച്ചേല്‍പ്പിക്കുന്ന ബ്രഹ്മചര്യം. തുടര്‍ന്ന് ഈ ബ്രഹ്മചര്യം പാലിക്കാന്‍ സാധിക്കാത്ത സന്യസ്തര്‍ ഒളിച്ചും പാത്തും തങ്ങളുടെ ലൈംഗിക തൃഷ്ണകളെ ശമിപ്പിക്കുന്നു. അങ്ങനെ ഒരു അവസരത്തില്‍ ക്ഷണിക്കപ്പെടാതെ കയറിച്ചെന്ന അതിഥിയായിരുന്നു നമ്മുടെ പാവം അഭയ. കാണാന്‍ പാടില്ലാത്തത് കണ്ടതിനാല്‍ തങ്ങളുടെ അഭിമാനം സംരക്ഷിക്കുന്നതിനുവേണ്ടി ആ പെണ്‍കുട്ടിയെ അവര്‍ കൊലപ്പെടുത്തി.
ഇന്നത്തെ കാലത്ത് ബ്രഹ്മചര്യം പാലിക്കല്‍ ശ്രമകരമായ കാര്യമാണ്. കത്തോലിക്കാസഭയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളില്ലാത്ത സന്യസ്തര്‍ വിരളമാണ്. അതിനാല്‍ ബ്രഹ്മചര്യം പാലിക്കുകയെന്നത് അവരെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഇത്തരം സാഹചര്യത്തില്‍ വലിയ തെറ്റുകള്‍ ഒഴിവാക്കുന്നതിനായി സഭാനേതൃത്വം തങ്ങളുടെ നിലപാടുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. സന്യസ്തരുടെ വിവാഹ ജീവിതം ഇതില്‍ സ്വീകരിക്കാവുന്ന ഒരു നടപടിയാണ്. അച്ചനോ കന്യാസ്ത്രീയോ വിവാഹം കഴിക്കുന്നതിലൂടെ അവരുടെ പവിത്രതയ്ക്ക് യാതൊരു കുറവും വരില്ല.
അഭയ കേസിലെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ തുടക്കം മുതല്‍ തന്നെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കുവാനും ഉദ്യോഗസ്ഥരെ വീര്‍പ്പുമുട്ടിക്കുവാനും സഭാനേതൃത്വം അക്ഷീണം പരിശ്രമിച്ചിരുന്നെന്ന് വ്യക്തമാകും. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം സ്വാധീനങ്ങള്‍ക്ക് ഉത്തരവാദി. പ്രതികള്‍ക്കുവേണ്ടി കേസ് നടത്തുവാനായി ചെലവഴിക്കുന്ന കോടികള്‍ പാവം കുഞ്ഞാടുകളുടേതാണ്. കുറ്റവാളികളെ സംരക്ഷിക്കുവാനായി സഭാനേതൃത്വം കാശ് വലിച്ചെറിയുമ്പോള്‍ അവര്‍ക്ക് ആരോടും കണക്ക് ബോധിപ്പിക്കേണ്ട .
ദൈവത്തെയും മാമോനെയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ലെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. കണക്കില്ലാത്ത ധനം അധികാരികളെ മത്തു പിടിപ്പിക്കുന്നു. അടയ്ക്കാ രാജുവിനെ കള്ളനെന്ന് അടച്ചാക്ഷേപിക്കുന്ന വിശുദ്ധന്‍മാരോട് ഒരു ചോദ്യം. സഭയുമായി സഹകരിച്ചിരുന്നെങ്കില്‍ അടയ്ക്ക രാജു ഇന്ന് മാന്യദേഹം ശ്രീമാന്‍ രാജു അവര്‍കളാണ്. എന്നാല്‍ ആ പ്രലോഭനങ്ങളില്‍ അയാള്‍ വീണില്ല. അഭയയെ മകളുടെ സ്ഥാനത്ത് കാണുവാന്‍ അയാള്‍ക്ക് കഴിഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണ് നീതിന്യായകോടതി നല്‍കിയിരിക്കുന്നത്. ഇന്ന് ഏതൊരു ക്രിസ്ത്യാനിക്കും ചങ്കില്‍ കൈവച്ച് പറയാം ഞങ്ങളുടെ മകള്‍ക്ക് ഞങ്ങള്‍ നീതി വാങ്ങിക്കൊടുത്തെന്ന്.
ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന വ്യക്തി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അഭയ കേസ് മറ്റു പല കേസുകളെ പോലെ എന്നേ കുഴിച്ചുമൂടപ്പെട്ടേനെ. പ്രതികരണശേഷിയുള്ള സമൂഹം മരിച്ചിട്ടില്ലെന്ന് അറിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ട്. അഭയ കേസില്‍ സജീവ സാന്നിധ്യമായ ടീച്ചര്‍ ഉള്‍പ്പെടെയുള്ള എല്ലാ സാക്ഷികളെയും ഈ അവസരത്തില്‍ അനുമോദിക്കുകയാണ്. ഈ കേസ് തെളിയിക്കപ്പെട്ടതിനു പിന്നില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഒരിക്കലും പൊതുസമൂഹത്തിന് മറക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത് വഴി സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞെന്നത് മാധ്യമങ്ങളുടെ വിജയമാണ്.
അഭയാ കേസിലെ ഏറ്റവും വലിയ തെളിവായി കാണുന്നത് തെളിവ് ഒളിപ്പിക്കാനുള്ള പ്രതികളുടെയും കൂട്ടാളികളുടെയും വ്യഗ്രതയാണ്. ഈ കുറ്റവാളികള്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍, അവര്‍ക്ക് ഒളിക്കാനും മറക്കാനും ഒന്നും തന്നെയില്ലെങ്കില്‍ എന്തിനാണ് അവര്‍ ഈ തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിക്കുവാനും നടക്കുന്നത്. സഭയിലുള്ള എല്ലാ വൈദികരും കന്യാസ്ത്രീകളും തെറ്റുകാരാണെന്ന വാദം ഒരിക്കലും ഞാന്‍ ഉന്നയിച്ചിട്ടില്ല. പക്ഷേ ആയിരം തേന്‍ തുള്ളിയില്‍ ഒരു മീന്‍ തുള്ളി കടന്നുകൂടിയാല്‍ ആ മീന്‍ തുള്ളി ഒഴിവാക്കി അഗ്‌നിശുദ്ധി വരുത്തി സഭയെ സംരക്ഷിക്കുവാന്‍ സഭാധികാരികള്‍ക്ക് കടമയുണ്ട്.
സഭയില്‍ ഇന്ന് നിലവിലുള്ള ഞങ്ങള്‍, നിങ്ങള്‍ സംസ്‌കാരം വിശ്വാസികളെ സഭയുടെ ഭാഗമല്ലാതെ കാണുന്നു എന്നത് നഗ്‌നമായ സത്യമാണ്. സഭാ സ്വത്ത് വിശ്വാസികളുടേതാണ്. അവര്‍ക്കു മുന്നില്‍ കണക്ക് അവതരിപ്പിക്കേണ്ടിവരുമ്പോള്‍ കുറ്റവാളികള്‍ക്കുവേണ്ടി കോടികള്‍ ചെലവഴിക്കുന്ന സഭയുടെ ഈ നിലപാട് മാറ്റേണ്ടിവരും എന്നതില്‍ തര്‍ക്കമില്ല. അതിനുവേണ്ടി ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ചര്‍ച്ച് ആക്ട് നിലവില്‍ വന്നേ തീരൂ. അവസാനമായി സഭാധികാരികളോട് പറയാനുള്ളത്, കുറ്റവാളികളായി കോടതി കണ്ടെത്തിയ ഈ വ്യക്തികളെ എത്രയും വേഗം അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണമെന്നാണ്. തിരുവസ്ത്രത്തിന്റെ കവചകുണ്ഡലങ്ങള്‍ അണിഞ്ഞുകൊണ്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ അവരെ ഇനി അനുവദിക്കരുത്. അത് ബഹുഭൂരിപക്ഷം വരുന്ന മറ്റു സന്യസ്തരെ അപമാനിക്കുന്നതിനു തുല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."