ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് വര്‍ധിപ്പിച്ചു, പ്രതിവാരം 80 സര്‍വിസുകള്‍
മദീന: മക്ക മദീന പുണ്യ നാഗരികളെ തമ്മില്‍ ബന്ധിപ്പിച്ച് ഓടുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് പ്രതിവാര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവിലെ 64 സര്‍വീസുകളില്‍ നിന്നും 80 സര്‍വ്വീസായാണ് ഉയര്‍ത്തിയത് . ഹജ്ജ് സീസണ്‍ ആയതിനാല്‍ യാത്രക്കാരുടെ ബാഹുലയം കണക്കിലെടുത്താണ് സര്‍വീസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 റെയില്‍വേ സര്‍വീസുകളില്‍ ഒന്നായാണ് മക്കയില്‍നിന്ന് മദീനയിലേക്കും തിരിച്ചുമുള്ള ഹറമൈന്‍ ട്രെയിന്‍ സര്‍വീസിനെ പരിഗണിക്കുന്നത്.
450 കിലോമീറ്റര്‍ നീളത്തില്‍ മക്ക- ജിദ്ദ- ജിദ്ദ കിംഗ് അബ്ദുല്‍അസീസ് എയര്‍പോര്‍ട്ട്- കിംഗ് അബ്ദുല്ല ഇകണോമിക് സിറ്റി (റാബഗ്) മദീന എന്നീ സ്റ്റേഷനുകളെ ഇലക്ട്രിക്ക് സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ച് 35 ട്രെയിനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ്. മണിക്കൂറില്‍ 300 കി.മീ വരെ വേഗതയില്‍ സഞ്ചരിക്കുന്ന 13 ബോഗികളുള്ള ഓരോ ട്രെയിനിലും 417 സീറ്റുകള്‍ വീതമുണ്ടാകും.
നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാന്‍ട്രി കാറും അടങ്ങിയതാണ് ട്രെയിനുകള്‍. ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് വഴി ഏകദേശം രണ്ട് മണിക്കൂറും 15 മിനിറ്റും കൊണ്ട് മക്കയില്‍നിന്ന് മദീനയിലെത്തിച്ചേരാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 നാണു സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് മദീനയിലേക്ക് സഞ്ചരിച്ച് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പദ്ധതി ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."