മുണ്ടയ്ക്കല്‍ അഗതിമന്ദിരത്തിന്റെ ശോചനീയാവസ്ഥ ദുഃസ്ഥിതി അവസാനിപ്പിക്കും: മേയര്‍
കൊല്ലം: മുണ്ടയ്ക്കലില്‍ നഗരസഭയുടെ കീഴിലുള്ള പുവര്‍ഹോമിന്റെ ദുഃസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാനുള്ള എല്ലാ പരിശ്രമവും നടത്തുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു. കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് അംഗങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേയര്‍. പുവര്‍ഹോമിലെ പ്രശ്‌നങ്ങള്‍ അതീവഗൗരവം അര്‍ഹിക്കുന്നതാണ്. മനോരോഗികളായ ആളുകളാണ് ഏറെയും അവര്‍ക്ക് പരിചാരകരായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെയുള്ളൂ. പരമാവധി 60 പേരെ ഉള്‍ക്കൊള്ളാവുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ 175 പേരുണ്ട്. പുവര്‍ഹോം നവീകരണം കോര്‍പ്പറേഷന്റെ ആലോചനയിലുള്ളതാണ്. നല്ല രീതിയില്‍ നടത്താന്‍ രണ്ടേക്കര്‍ സ്ഥലമെങ്കിലും വേണം. ഇപ്പോഴത്തെ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ലുലുഗ്രൂപ്പ്, കെ.എം.എം.എല്‍, വിദേശമലയാളികള്‍ എന്നിവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം ശേഖരിച്ച് പുവര്‍ഹോമിന് ഫണ്ടുണ്ടാക്കണം-മേയര്‍ പറഞ്ഞു. നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ജീവമാണ്. അത് പിരിച്ചുവിട്ട് പുതിയ കമ്മിറ്റി ജൂണ്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ രൂപം നല്‍കും. ജീവകാരുണ്യ തല്‍പ്പരരായ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും കമ്മിറ്റിയെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷനിലെ മഴക്കാലപൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ച പ്രതിപക്ഷനേതാവ് എ.കെ ഹഫീസ് ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ശ്രദ്ധിക്കുമെന്നും പകര്‍ച്ചവ്യാധിക്കെതിരേ കൗണ്‍സില്‍ അംഗങ്ങള്‍ സ്വന്തം ഡിവിഷനുകളില്‍ സജീവമായിരിക്കണമെന്നും മേയര്‍ പറഞ്ഞു.
തങ്ങളുടെ ഡിവിഷനിലെ തെരുവുവിളക്കുകള്‍ എല്‍.ഇ.ഡിയാക്കിയിട്ടും പ്രകാശിപ്പിക്കാത്തതിലുള്ള രോഷം പ്രതിപക്ഷനിരയിലെ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രകടിപ്പിച്ചു. ഉത്തമരെന്ന് ബോധ്യപ്പെടുന്ന പുതിയ കരാറുകാരെ തെരഞ്ഞെടുക്കുന്നത് വരെ തെരുവ് വിളക്ക് പരിപാലനത്തിന്റെ ചുമതല ആഡ്മീഡിയക്ക് തന്നെ നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഏറ്റവും സുതാര്യവും വിശ്വസ്തവുമായ കമ്പനിയെ കരാര്‍ എല്‍പ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവഴി എപ്പോഴുമുള്ള പരാതികള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തേവള്ളിയിലെ ചേരിനിവാസികള്‍ക്ക് ഭവനപുനരുദ്ധാരണ ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ബി.ഷൈലജ അഭ്യര്‍ഥിച്ചു. കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതില്‍ അഴിമതി നടക്കുന്നതായി മീനാകുമാരി ആരോപിച്ചു. ഇത് ഭരണപക്ഷത്തെ ചൊടിപ്പിച്ചത് ഏറെ നേരം ബഹളത്തിന് കാരണമായി. ശക്തികുളങ്ങര കമ്യൂണിറ്റി ഹാള്‍ വാടകയ്ക്ക് കൊടുക്കാതെ ആവശ്യക്കാരെ നിസാരകാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണെന്നും മീനാകുമാരി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."