പാപ്പിനിശ്ശേരി മേല്‍പ്പാലം ബസ് ഗതാഗതത്തിനു തുറക്കുന്നു
കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി സംസ്ഥാന പാതയില്‍ നിര്‍ത്തിവച്ച ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ ടി.വി രാജേഷ് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. മടക്കര, ചെറുകുന്ന് തറ ഭാഗത്തേക്ക് ജൂണ്‍ ഒന്ന് മുതല്‍ ബസ് ഗതാഗതം പുനരാരംഭിക്കും. ഇതനുസരിച്ച് മടക്കര, ഇല്ലിപ്പുറം-കച്ചേരിത്തറ-ചെറുകുന്ന് തറ ബസുകള്‍ പുതുതായി നിര്‍മിച്ച പാപ്പിനിശ്ശേരി മേല്‍പ്പാലം വഴി പോകും. പരീക്ഷണ ഓട്ടം നാളെ നടത്തും.
ഇതുവഴി റോഡിന്റെ ഒരുവശത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ നിലവില്‍ പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലം വഴി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോവുന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ബസ് ഗതാഗതം ഇല്ലാത്തത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് നിയന്ത്രണ വിധേയമായി മടക്കര-ചെറുകുന്ന് തറ ഭാഗത്തേക്ക് ഇതുവഴി ബസ് ഗതാഗതം അനുവദിക്കാന്‍ തീരുമാനമായത്. ഒരു സമയത്ത് ഒരു ഭാഗത്തേക്ക് മാത്രം വാഹനം കടത്തിവിടും. ഇതിനായി പൊലിസ് ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ഇതുകാരണം വളപട്ടണം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് വരാത്തരീതിയില്‍ ആവശ്യമായ ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കി.
താവം പബ്ലിക് ലൈബ്രറി റോഡ് വണ്‍വേ ആക്കാനും തീരുമാനമായി. താവം റെയില്‍വേ ഗേറ്റ് റോഡില്‍ പൊലിസിനെ നിയോഗിച്ച് ഗതാഗത തടസം ഒഴിവാക്കും.
പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പണി പൂര്‍ത്തിയാകുന്ന കൃത്യമായ തിയതിയും ഒരോ രണ്ടാഴ്ച കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തിപുരോഗതിയും വ്യക്തമാക്കുന്ന പട്ടിക കെ.എസ്.ടി.പി, കരാറുകാര്‍ തുടങ്ങിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒപ്പ് വച്ച് ജൂണ്‍ ഒന്നിന് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, പി.കെ അസ്സന്‍ കുഞ്ഞി, ഇ.പി ഓമന, സി. റീന, കെ.എം ഷാജി എം.എല്‍.എയുടെ പ്രതിനിധി, കെ.എസ്.ടി.പി, പൊലിസ്, ആര്‍.ടി.ഒ, നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, കരാരുകാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."