പെയ്‌തൊഴിയാത്ത മഴനൂല്‍ പോലെ
സദാ ഊര്‍ജം ചുരത്തുന്ന സൂര്യനെപ്പോലെയായിരുന്നു ബാലുവും. സ്‌നേഹിതര്‍ക്കായാലും അനുവാചകര്‍ക്കായാലും സാധാരണക്കാര്‍ക്കായാലും എപ്പോഴും അനുഭവപ്പെടുന്ന പ്രസരിപ്പ്.. ചുറുചുറുക്ക്.
ബാലുവിനെ ആദ്യമായി കണ്ടപ്പോള്‍ മനസില്‍ വന്നതു തന്നെ മഹാകവി കുമാരനാശാന്റെ പ്രയോഗമായിരുന്നു: 'ഉല്‍ഫുല്ല ബാലരവി പോലെ കാന്തിമാന്‍.' കാലം ചെല്ലുന്തോറും തേജസും പ്രതിഭയും കൂടിക്കൊണ്ടിരിക്കുകയായിരുന്നു ബാലുവിന്. ഏറ്റെടുക്കുന്ന പരിപാടികളിലും ഈ മാറ്റം അനിവാര്യമായി കടന്നുവന്നിട്ടുണ്ട്. വേദികളില്‍ നൂറുവട്ടം അവതരിപ്പിച്ചു വിസ്മയിപ്പിച്ച ഒരു കംപോസിഷനായാലും അടുത്ത വേദിയ്ക്കുമുന്‍പായി വീണ്ടും കഠിനപരിശ്രമം, വിട്ടുവീഴ്ചയില്ലാത്ത പൂര്‍ണതാ ശ്രമം ഒക്കെയുണ്ടായിരുന്നു. വേദികള്‍ കീഴടക്കിയ ആ മാന്ത്രികതയും മാസ്മരികതയും ഒന്നും വെറുതേ കടന്നുവന്നതല്ല തന്നെ.
സ്‌നേഹവസന്തമായിരുന്നു ബാല ഭാസ്‌കര്‍. നാല്‍പതു വസന്തവര്‍ഷങ്ങള്‍ വിരിയിച്ച ബാലു കൂടുമായി പറന്ന പക്ഷിയാണ്, കൂട്ടുകാര്‍ക്കായി. അതിജീവനത്തിലേക്കും പിന്നെ പ്രശസ്തിയിലേക്കുമെല്ലാം ചിറകടിച്ചപ്പോഴും കൂടുപേക്ഷിച്ചു പറന്നയാളല്ല അദ്ദേഹം. യൂനിവേഴ്‌സിറ്റി കാംപസിന്റെ തണലുകളില്‍ ഒപ്പം നിന്ന കലാസുഹൃത്തുക്കളെയെല്ലാം കൂടെച്ചേര്‍ത്തു സൗഹൃദക്കൂടുമായാണ് ബാലു സംഗീതലോകത്തേക്കു പാറിപ്പറന്നത്. സൗഹൃദം ഒരു ലഹരിയും പ്രചോദനവുമായിരുന്നു ബാലുവിന്.
പ്രണയമഴയായിരുന്നു ബാലഭാസ്‌കര്‍. അതിമനോഹരമായി പുഞ്ചിരിക്കുമ്പോഴും മഴപോലെ പെയ്തിറങ്ങുന്ന സ്വകാര്യ ദുഖങ്ങളും ഉണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്. പുറമേ മനുഷ്യര്‍ക്കു നിസാരമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങള്‍ പോലും വൈകാരികമായി ഏറ്റെടുത്തു വേദനിക്കുന്നുണ്ടോ എന്നു തോന്നിപ്പോകും. ഒരു യഥാര്‍ഥ കലാകാരന്റെ എല്ലാവിധ വികാര ഭാവതലങ്ങളും മാറിമറിയുന്ന പ്രകൃതി മനസ്. വയലിനിലും സംഗീതത്തിലും എപ്പോഴും പെയ്തിറങ്ങുന്ന പ്രണയമഴനൂലുകള്‍...
ഈസ്റ്റ് കോസ്റ്റിനു വേണ്ടി പ്രണയഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതിലെ വരികളാണു തന്നെ അടുപ്പിച്ചതെന്ന് ബാലു പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'നിനക്കായി തോഴീ പുനര്‍ജനിക്കാം' എന്ന ഗാനത്തെക്കുറിച്ച് ഈ വേളയില്‍ എല്ലാവരും പറയുമ്പോള്‍ അതിനു കാലികമായ പ്രവചനസ്വഭാവം കൂടി വന്നിരിക്കുന്നു.
ബാലു എപ്പോഴും പറയുന്ന മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം.
''പലരും പറയാറുണ്ട് താന്‍ ഈ നിലയിലെത്താന്‍ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. നടന്മാര്‍, ഗായകര്‍ അങ്ങനെ പലരും. പക്ഷേ ഈ കഷ്ടപ്പാടുകള്‍ കൂടുതലും അവസരം തേടിയുള്ള അലച്ചിലുകളാണ്. ഞാന്‍ അതു ചെയ്തിട്ടില്ല. എന്നില്‍ പൂര്‍ണവിശ്വാസമെടുത്ത് എന്റെ കഴിവ് മെച്ചപ്പെടുത്താന്‍ ആ സമയം കൂടി വിനിയോഗിച്ചു. കഴിവ് തിരിച്ചറിഞ്ഞവര്‍ എന്നെത്തേടിയെത്തി.''
എത്ര പ്രചോദനപരമായ വാക്കുകള്‍...
പ്രിയപ്പെട്ട കൂട്ടുകാരാ, അത്ഭുത പ്രതിഭയുള്ളവര്‍ കാലമെത്തുംമുന്‍പേ മടങ്ങിപ്പോകുമെന്ന് ഉദാഹരണങ്ങളോടെ ഞാന്‍ കേട്ടിട്ടുണ്ട്. കീറ്റ്‌സും ഷെല്ലിയും ലോര്‍ഡ് ബൈറനും തുടങ്ങി ഇടപ്പള്ളിയും ചങ്ങമ്പുഴയും വയലാറും വരെ എത്രയെങ്കിലും മഹാപ്രതിഭകള്‍.. ആശ്വസിക്കാന്‍ അങ്ങനെ കരുതാമെങ്കിലും വ്യക്തിപരമായി ആയുഷ്‌കാല നഷ്ടമാണ് ബാലു എനിക്കും. ലോകമെമ്പാടുമുള്ള നൂറോളം വേദികളില്‍ ഒപ്പം കൂടാനായത് ജീവിതത്തിന്റെ പുണ്യമായിത്തന്നെ കരുതട്ടെ. ഭാഷകളെയും ദേശങ്ങളെയും മറികടന്ന ആ വേദികളിലെ ആരവങ്ങള്‍ ഇപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നു.
ഋതുഭേദങ്ങള്‍ പോലെ വീണ്ടും വീണ്ടും സംഭവിക്കുന്നു... ചെയ്തുവച്ച സംഗീതശകലങ്ങളിലൂടെ അമരനായി വാഴുന്നു. ഭൗതികമായി മാത്രം വിട...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."