കാണാതായ സഊദി മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്ന് തുര്‍ക്കി
അങ്കാറ: കാണാതായ പ്രമുഖ സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗ്ഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി. സഊദി കോണ്‍സുലേറ്റിലാണ് മാധ്യമപ്രവര്‍ത്തകനെ കണ്ടെത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് വ്യക്തമാകുന്നതെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു. സഊദി ഭരണകൂടത്തിന്റെ വിമര്‍ശകനായ ഇദ്ദേഹത്തെ ചൊവ്വാഴ്ച മുതലാണ് കാണാതായത്.
മാധ്യമപ്രവര്‍ത്തകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സഊദിയില്‍നിന്ന് 15 അംഗങ്ങള്‍ തുര്‍ക്കിയിലേക്ക് എത്തിയെന്നാണ് അന്വേഷണസംഘം കരുതുന്നത്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സഊദി പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പതിവ് രേഖകള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍സുലേറ്റില്‍ പ്രവേശിച്ചത്. കൊലപാതകം നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അലി ഇഹ്‌സാന്‍ യൂവുസ് പറഞ്ഞു.
എന്നാല്‍, മാധ്യമപ്രവര്‍ത്തകനില്ലെന്ന് തെളിയിക്കാനായി റോയിട്ടോഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോണ്‍സുലേറ്റില്‍ പ്രവേശിക്കാനായി സഊദി കോണ്‍സുല്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. ജമാല്‍ സഊദിയിലോ കോണ്‍സുലേറ്റിലോ ഇല്ലെന്നും അദ്ദേഹത്തെ കണ്ടെത്താനായി എംബസി തിരച്ചില്‍ നടത്തുകയാണെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതാബി പറഞ്ഞു.
ജമാലിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പൈശാചികവും ഗുരുതരവുമായ പ്രവര്‍ത്തിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ പേജ് ഡയരക്ടര്‍ ഫ്രഡ് ഹിയാത്തി പറഞ്ഞു. തന്റെ രാജ്യത്തെ മുഷ്യത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആത്മാര്‍ഥതയോടെ എഴുതിയ വ്യക്തിയായിരുന്നു ജമാല്‍. അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഊദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ ജമാല്‍ എഴുതിയിരുന്നു. കോണ്‍സുലേറ്റില്‍ പ്രവേശിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജമാല്‍ പുറത്തുവന്നില്ല. 11 മണിക്കൂര്‍ കോണ്‍സുലറ്റിന്റെ പുറത്ത് കാത്തിരുന്നെങ്കിലും അദ്ദേഹം തിരിച്ചുവന്നില്ല. ജമാല്‍ മരിച്ചിട്ടില്ലെന്നും അങ്ങനെ വിശ്വസിക്കാന്‍ തനിക്കാവുന്നില്ലെന്നും അദ്ദേഹത്തിന്റെ വധു ഹാറ്റിസ് സെങ്കിസ് ട്വിറ്ററിലൂടെ പറഞ്ഞു.
തുര്‍ക്കിയും സഊദിയും തമ്മിലുള്ള നയതന്ത്ര ബന്ധം മികച്ച രീതിയിലല്ല. ഗള്‍ഫ് ഉപരോധം ഉള്‍പ്പെടെയുള്ളവയില്‍ സഊദിയുടെ എതിര്‍ ചേരിയിലാണ് തുര്‍ക്കി. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത് ബന്ധങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ കൊലപാതകത്തിനുള്ള വ്യക്തമായ തെളുകള്‍ നല്‍കാന്‍ തുര്‍ക്കിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."