കൊച്ചി വാട്ടര്‍ മെട്രോ; കണ്‍സള്‍ട്ടന്‍സി കരാറിന് അംഗീകാരമായി
കൊച്ചി: വാട്ടര്‍ മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്‍സി കരാറിന് അംഗീകാരമായി. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് മൂന്ന് കമ്പനികള്‍ ചേര്‍ന്ന എഇ കോം കണ്‍സോര്‍ഷ്യത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്.
38.14 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.747 കോടി മുടക്കിയാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുക. 16 റൂട്ടുകളിലായി 78 ബോട്ടുകളാണ് കൊച്ചിയുടെ വിവിധ മേഖലകളെ ജലഗതാഗതം വഴി ബന്ധിപ്പിക്കുക. ഇതിനായി 38 ആധുനിക ബോട്ട് ജെട്ടികളും നിര്‍മിക്കും.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഒന്നാംഘട്ടത്തിലെ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാങ്കേതിക ഉപദേശക ജോലികള്‍ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് 42.1 കോടി രൂപ അധിക പ്രതിഫലം നല്‍കുന്നതിനുള്ള ശുപാര്‍ശക്കും ഡയരക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
ഡി.എം.ആര്‍.സിയും കെ.എം.ആര്‍.എല്ലും തമ്മിലുള്ള കരാര്‍ മുന്‍ധാരണ അനുസരിച്ച് മെയ് 31 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമുള്ള കാലതാമസം കാരണം നിര്‍മാണജോലികള്‍ മുന്‍ നിശ്ചയിച്ചതിലും 48 മാസം വൈകിയിരുന്നു.
നേരത്തെ 241.83 കോടി രൂപയായിരുന്നു ഡി.എം.ആര്‍സി സാങ്കേതിക ഉപദേശത്തിനുള്ള പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. നിര്‍മാണപ്രവര്‍ത്തനം നീണ്ടത് കാരണമുള്ള അധിക ജോലിക്ക് 42.1 കോടി രൂപ അധികം നല്‍കണമെന്ന് ഡി.എം.ആര്‍.സി ആവശ്യപ്പെട്ടിരുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനിശ്ചിതത്വം കാരണം രണ്ടരക്കൊല്ലമാണ് പാഴായത്. പ്രവര്‍ത്തനത്തിലെ മോശം പ്രകടനംകാരണം കോണ്‍ട്രാക്ടറെ മാറ്റി വീണ്ടും ടെന്‍ഡര്‍ വിളിക്കേണ്ടിവന്നതും റെയില്‍വേ ലൈനിന് മുകളിലൂടെയുള്ള മെട്രോ പാതയുടെ അലൈന്‍മെന്റ് മാറ്റിവരക്കേണ്ടിവന്നതും കാലതാമസം വരുത്തി.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, ശരത് ശര്‍മ എന്നിവരെ പുതുതായി ഡയരക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് , ജിതേന്ദ്ര ത്യാഗി എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."