മണല്‍ കയറ്റിവന്ന ഒന്‍പത് വലിയ വള്ളങ്ങള്‍ പൊലിസ് പിടിക്കൂടി
കൊടുങ്ങല്ലൂര്‍: അനധികൃതമായി പുഴയില്‍ നിന്നും മണല്‍ കയറ്റി വന്ന ഒമ്പത് വലിയ വള്ളങ്ങള്‍ പൊലിസ് പിടിച്ചെടുത്തു. പൊലിസിനെ കണ്ട് മണല്‍ തൊഴിലാളികള്‍ പുഴയില്‍ ചാടിയും ഓടിയും രക്ഷപ്പെട്ടു.
ബുധനാഴ്ച അഴീക്കോട് തീരദേശത്ത് എസ്.ഐ ജിനേഷിന്റെ നേതൃത്വത്തില്‍ പൊലിസും തീരദേശ പൊലിസും, സ്‌പെഷ്യല്‍ ബ്രാഞ്ച്, കണ്‍ട്രോള്‍ റൂം എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ പരിശോധനയിലാണ് മണല്‍ പിടികൂടിയത്.
എറിയാട് പഞ്ചായത്തിലെ പൂച്ചക്കടവ്, മാര്‍ത്തോമ, കയര്‍ സൊസൈറ്റി, പടന്ന, ആറാട്ടുകടവ് തുടങ്ങിയ സ്ഥലങ്ങളിലെ മണല്‍ ഷെല്‍ട്ടറുകള്‍ വഴിയാണ് മണല്‍കടത്ത് വ്യാപകമാകുന്നത്. മണല്‍ വാരുന്നതിന് ജില്ലാ കലക്ടര്‍ പഞ്ചായത്തിന് അധികാരം നല്‍കുന്നതുവരെ ഈ ഷെല്‍ട്ടറുകള്‍ പൊളിച്ചുനീക്കാനാണ് പൊലിസിന്റെ തീരുമാനം.
മണല്‍ ഷെല്‍ട്ടറുകളില്‍ സംഭരിച്ചിട്ടുള്ള മണല്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് കൈമാറുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മണല്‍ കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ ഗുണ്ടാ ആക്ട് പോലുള്ള കേസുകളില്‍ ഉള്‍പ്പെടുത്താനും പൊലിസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
നാനൂറും അഞ്ഞൂറും അടി വലിപ്പമുള്ള കൂറ്റന്‍ ലോറികളില്‍ മംഗലാപുരം വരെയുള്ള വടക്കന്‍ മേഖലകളിലേക്ക് മണല്‍ കടത്ത് നടക്കുന്നത്. ഉപ്പു കലര്‍ന്നതുമൂലം കൊടുങ്ങല്ലൂര്‍ മണലിന് മാര്‍ക്കറ്റ് കുറവായതുമൂലം മണല്‍ കഴുകി പുത്തന്‍വേലിക്കര മണലെന്ന നിലയിലാണ് വില്‍പന നടന്നുവരുന്നത്.
വലിയ എന്‍ജിനുകളുപയോഗിച്ചാണ് ഇവര്‍ പുഴയില്‍ നിന്നും മണലെടുക്കുന്നത്. പൊലിസ് സംഘത്തില്‍ സി.പി.ഒമാരായ ശ്രീജിത്ത്, നജീബ്, ജോസഫ്, സരസപ്പന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജോബി, ഷിബു ഡാനിയേല്‍, നാസര്‍, ബെന്നി തുടങ്ങിയവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."