പ്രാര്‍ഥനകളുടെ അവസരങ്ങള്‍ പാഴാക്കരുത്
പുണ്യ റമദാന്‍ മാസം മുഅ്മിനുകളുടെ വിജയത്തിന്റെ മാസമാണ്. സ്വര്‍ഗ പ്രവേശനം നേടാനുള്ള മാസമാണിത്. നരകമോചനം നേടാനും ചെറുതും വലുതുമായ പാപങ്ങള്‍ പൊറുപ്പിക്കുന്നിനും ഈ മാസത്തില്‍ സാധിക്കണം. അതിനാല്‍ ഈ പുണ്യമാസത്തില്‍ നന്‍മയുടെ ചെറിയൊരു അംശംപോലും വിട്ടുകളയരുത്. നാം ചെറുതെന്നു കരുതുന്ന കാര്യം അല്ലാഹുവിന്റെ അടുക്കല്‍ ചിലപ്പോള്‍ വലുതായിരിക്കും.
നോമ്പ് മുഖേന ഖല്‍ബിന്റെ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കണം. അത്തരം രോഗങ്ങളെ നോമ്പിലൂടെ ചികിത്സിക്കാം. മഹാന്‍മാരുമായുള്ള ബന്ധം നോമ്പിനു നല്ലതാണ്. ഖല്‍ബ് ശുദ്ധീകരണം ചെയ്യാനുള്ള മാര്‍ഗവും കൂടിയാണത്. വിശുദ്ധ റമദാനില്‍ നോമ്പ് തുറപ്പിക്കുന്നതിനു അങ്ങേയറ്റം പ്രതിഫലാര്‍ഹമാണ്. നമ്മുടെ വീടുകളില്‍ എല്ലാദിനവും നോമ്പുതുറ നടക്കണം. അയല്‍വാസികള്‍, കുടുംബങ്ങള്‍, കൂട്ടുകാര്‍, ഉസ്താദുമാര്‍ തുടങ്ങി ഒന്നോ രണ്ടോ പേരെങ്കിലും എല്ലാദിവസവും നോമ്പുതുറപ്പിക്കാന്‍ ശ്രദ്ധിച്ചാല്‍മതി. ഇതു ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവും. സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്ത് ഒന്നോ രണ്ടോ സ്ത്രീകളെ നോമ്പുതുറപ്പിക്കാനും ശ്രദ്ധിക്കട്ടെ. നമ്മുടെ സമീപത്ത് താമസിക്കുന്ന ഇതര സമുദായങ്ങളിലെ സഹോദരങ്ങളേയും നോമ്പുതുറയില്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കണം. നോമ്പിനെ അവര്‍ അടുത്തറിയട്ടെ.
നോമ്പ്കാരനു വയര്‍ നിറച്ചു ഭക്ഷണം നല്‍കിയാല്‍ എന്റെ ഹൗളില്‍നിന്ന് അല്ലാഹു അവനെ കുടിപ്പിക്കുമെന്ന തിരുനബി (സ) പറഞ്ഞിട്ടുണ്ട്. ഒരു നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നത് അവന്റെ ദോഷം പൊറുപ്പിക്കും. നരകത്തില്‍നിന്നു മോചനത്തിനു കാരണമാകും. നോമ്പനുഷ്ഠിച്ചവന്റെ പ്രതിഫലം കുറഞ്ഞുപോകാതെതന്നെ നോമ്പ് തുറന്നവനും ലഭിക്കും. പുണ്യനബി (സ) യുടെ വചനങ്ങള്‍ ഗൗരവത്തിലെടുത്ത് അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം ലഭിക്കണമെന്ന ആഗ്രഹത്തോടെ നോമ്പുതുറ നടത്തുക. ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍, അവരുടെ കൂടെയുള്ളവര്‍ എന്നിവര്‍ക്കു നോമ്പുതുറക്കുന്നിതിനു വിവിധ സ്ഥലങ്ങളില്‍ സൗകര്യം ചെയ്തുകൊടുക്കുന്നതു സന്തോഷമുള്ള കാര്യമാണ്. ഇത്തരം സംരംഭങ്ങളെ സഹായിക്കുന്നതു പ്രതിഫലാര്‍ഹമാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നവര്‍ക്കു നാഥന്‍ പ്രതിഫലം നല്‍കട്ടെ.
നോമ്പുതുറക്കായി കാത്തുനില്‍ക്കുന്ന സമയം പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സന്ദര്‍ഭമാണ്. ആവശ്യമില്ലാത്ത സംസാരങ്ങള്‍ ആ സമയത്ത് ഒഴിവാക്കണം. പ്രാര്‍ഥനയിലും ദിക്‌റിലുമായി മുഴുകണം.
നോമ്പുതുറയുടെ ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കുകളില്‍ മുഴുകുമ്പോഴും സ്ത്രീകളുള്‍പ്പെട മനസിലും ചുണ്ടിലും അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകുകയാണ് വേണ്ടത്. ഇത്തരം പരിപാടികളില്‍ മഗ്‌രിബ് നിസ്‌കാരം ഖളാഅ് ആകുന്ന സാഹചര്യവും ഉണ്ടാകാതെ, വീഴ്ചകളില്ലാതെ നിസ്‌കാരം നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ വിജയത്തിനായി അല്ലാഹു നല്‍കിയ അവസരങ്ങള്‍ ഒന്നും പാഴാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."