ജെ.ഡി.എസില്‍ മന്ത്രി സ്ഥാനത്തിനുള്ള പോര് ശക്തം; മാത്യു ടി. തോമസിനെതിരേ കൃഷ്ണന്‍കുട്ടി വിഭാഗം
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തിനായി ജനതാദളില്‍(സെക്യുലര്‍) ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു.
മന്ത്രി മാത്യു ടി.തോമസിനെതിരേ കെ.കൃഷ്ണന്‍കുട്ടിയുടെ വിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ കാണാനും മാത്യു ടി.തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സമ്മര്‍ദം ചെലുത്താനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന ധാരണ മാത്യു ടി. തോമസ് പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ജൂലൈയില്‍ ദേശീയ സെക്രട്ടറി ഡാനിഷ് അലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മാത്യു ടി.തോമസിനെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാത്യു ടി. തോമസ് മന്ത്രിയായതുകൊണ്ട് പാര്‍ട്ടിക്കു യാതൊരു ഗുണവുമില്ലെന്നായിരുന്നു ആരോപണം.
നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യുന്നില്ല. ബോര്‍ഡ്, കോര്പറേഷന് വീതംവയ്പ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഇതിന് മന്ത്രി ഉത്സാഹിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പൊതുവികാരം പരിഗണിക്കുമെന്നു ഡാനിഷ് അലി യോഗത്തിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗം ആവശ്യം വീണ്ടും ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."