HOME
DETAILS

പൊതുവിദ്യാഭ്യാസമല്ല; മാതൃഭാഷാമാധ്യമ പൊതുവിദ്യാഭ്യാസം

  
backup
June 02 2017 | 23:06 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%be%e0%b4%a4

മാതൃഭാഷയെന്ന നിലയില്‍ മലയാളം അതിജീവനത്തിന്റെ അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചുനില്‍ക്കുന്ന കാലമാണിത്. ഒരു ദശകം മുന്‍പ് 'മലയാളത്തിന്റെ ആസന്നമരണം' സാംസ്‌കാരികവിചാരങ്ങളില്‍ സജീവമായ ശീര്‍ഷകമായിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരിമിതമെങ്കിലും ക്രിയാത്മകമായ നിലപാടുകളും ചേര്‍ന്നാണു പരിതാപകരമായ അവസ്ഥയില്‍നിന്നു ഭാവിയുള്ള വിതാനത്തിലേയ്ക്കു മലയാളത്തെ എത്തിച്ചത്.

ഒന്നാംഭാഷാ ഉത്തരവ്, ശ്രേഷ്ഠഭാഷാ പദവി, മലയാളം സര്‍വകലാശാല, സമഗ്രമാതൃഭാഷാ നിയമം, ഇപ്പോള്‍ നിയമസഭ പാസാക്കിയെടുത്ത മലയാളബില്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇക്കാലയളവില്‍ മലയാളം നേടിയെടുത്തു. ഇപ്പോഴത്തെ സര്‍ക്കാരിനു പൊതുവിലും മുഖ്യമന്ത്രിക്കു വിശേഷിച്ചും മലയാളത്തിന്റെ കാര്യത്തിലുള്ള താല്‍പ്പര്യം ശ്രദ്ധേയമാണ്.
കേരളത്തിന്റെ ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കോടതിയുടെയും വികസനത്തിന്റെയും ഭാഷയായി മലയാളത്തെ (അതിര്‍ത്തിജില്ലകളിലെ ന്യൂനപക്ഷഭാഷകളെയും) ഉറപ്പിച്ചെടുക്കാന്‍ കഴിയുമ്പോള്‍ മാത്രമേ പൂര്‍ണാര്‍ഥത്തില്‍ മലയാളം നമ്മുടെ മാതൃഭാഷയാവുകയുള്ളൂ.

ഇതരഘടകങ്ങള്‍ മാറ്റിവച്ചു കേരളത്തിന്റെ സ്‌കൂള്‍വിദ്യാഭ്യാസവുമായി മാത്രം ബന്ധമുള്ള ചില ഭാഷാവിചാരങ്ങളാണ്  ഇവിടെ പങ്കുവയ്ക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ അടങ്ങുന്ന പൊതുവിദ്യാഭ്യാസമേഖല മലയാളം മീഡിയവും സ്വകാര്യവിദ്യാലയങ്ങള്‍ ഇംഗ്ലീഷ് മീഡിയവുമായിരുന്നു. എണ്‍പതുകളില്‍തന്നെ നഗരകേന്ദ്രീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുണ്ടെങ്കിലും അവ ഗ്രാമങ്ങളില്‍പോലും വ്യാപിക്കുന്നതു തൊണ്ണൂറുകളിലാണ്. ആഗോളീകരണമടക്കമുള്ള പ്രതിഭാസങ്ങളും പരിണാമങ്ങളും അതിനു വളംവച്ചുകൊണ്ട് ഇക്കാലത്തു കേരളീയസമൂഹത്തിലുണ്ടായി.
പൊതുവിദ്യാഭ്യാസമേഖല ക്ഷയോന്മുഖമായി. സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ തഴച്ചുവളര്‍ന്നു. എന്തെല്ലാം പരിമിതികള്‍ പറഞ്ഞാലും നാനാജാതിമതസ്ഥരെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങള്‍ നമ്മുടെ മതേതര പൊതുമണ്ഡലത്തിന്റെ നട്ടെല്ലായിരുന്നു. അതു തകര്‍ന്നു.

അയ്യങ്കാളി അടക്കമുള്ള വിപ്ലവകാരികള്‍ പോരാടിയാണ് എല്ലാ വിഭാഗത്തിനും വിദ്യാലയപ്രവേശനം സാധ്യമാക്കിയത്. അങ്ങനെയാണവ പൊതുവിദ്യാലയങ്ങളായത്. ഇംഗ്ലീഷ് മീഡിയത്തിന്റെ പേരില്‍ സ്വകാര്യവിദ്യാലയങ്ങളിലേയ്ക്കു കൂടുമാറുമ്പോള്‍ നഷ്ടപ്പെടുന്നത് മതേതരത്വം വളര്‍ത്താനുള്ള സാധ്യതയാണ്. സാമുദായിക വേര്‍തിരിവുകളില്ലാതെ ബാല്യങ്ങള്‍ ഇടപഴകുമ്പോഴാണ് മതേതരചിന്ത വളരൂ. അതല്ലാതെയുള്ള സംവിധാനം ബഹുമതസമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ വലുതാണ്.
സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ എന്നിവ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെക്കന്‍ഡറി പരീക്ഷാബോര്‍ഡുകളാണ്.  പ്രാഥമികവിദ്യാഭ്യാസം അവയുടെ പരിഗണനയില്‍ വരേണ്ടതല്ല. എന്നിട്ടും കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ ഏഴാംതരംവരെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസ് എന്നു ബോര്‍ഡ് വച്ച ധാരാളം വിദ്യാലയങ്ങള്‍ നാട്ടിലുണ്ട്. അതു കബളിപ്പിക്കലാണ്. അഭ്യസ്തവിദ്യരായ പല രക്ഷിതാക്കള്‍ക്കുപോലും അതറിയില്ല.

ഇംഗ്ലീഷിനെക്കുറിച്ചും ഇംഗ്ലീഷ് മീഡിയത്തെക്കുറിച്ചും പുലര്‍ത്തുന്ന അടിമമനോഭാവമാണ് സ്വകാര്യവിദ്യാലയങ്ങളിലേയ്ക്കുള്ള കുത്തൊഴുക്ക് സൃഷ്ടിച്ചത്. ഇതിനോട് എതിരിട്ടു പിടിച്ചുനില്‍ക്കാന്‍ കഴിയാതായപ്പോഴാണു പൊതുവിദ്യാലയങ്ങള്‍ ഇംഗ്ലീഷ് മീഡിയത്തിന്റെ പാത സ്വീകരിച്ചത്. വിദ്യാഭ്യാസവകുപ്പിന്റെ കര്‍ശന മാര്‍ഗനിര്‍ദേശമുണ്ടെങ്കിലും പൊതുവിദ്യാലയങ്ങളുടെ ഇംഗ്ലീഷ് മീഡിയവല്‍ക്കരണം ശക്തിപ്പെടുകയാണ്.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ഈ സര്‍ക്കാരിന്റെ പ്രധാന കര്‍മങ്ങളില്‍ ഒന്നാണല്ലോ. മുന്‍പുള്ളതിനേക്കാള്‍ ബജറ്റില്‍ തുക വകയിരുത്തിയും ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തും പൊതുവിദ്യാഭ്യാസമേഖലയാകെ പുതിയൊരു ഉണര്‍വ് സൃഷ്ടിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളെന്ന ലക്ഷ്യത്തിനു നല്ല സ്വീകാര്യതയുമുണ്ട്. എന്നാല്‍, അതോടൊപ്പം കാണേണ്ട അപകടമാണു പൊതുവിദ്യാഭ്യാസത്തെ വരിഞ്ഞുമുറുക്കുന്ന ഇംഗ്ലീഷ് മീഡിയം ജ്വരം.

ഇതുപറയുമ്പോള്‍ ചില ചോദ്യങ്ങളുയരാം. 'കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നതിലെന്താണു തെറ്റ്.' 'ഇംഗ്ലീഷ് പഠിക്കാതെ ഇനിയുള്ള കാലം അതിജീവനം സാധ്യമോ.' ഈ ചോദ്യങ്ങള്‍ നൂറുശതമാനം ശരിതന്നെ. പക്ഷേ, ഇംഗ്ലീഷ് പഠിക്കുന്നതും ഇംഗ്ലീഷില്‍ പഠിക്കുന്നതും ഒന്നല്ലല്ലോ. ഇന്നത്തേതിനേക്കാള്‍ ശാസ്ത്രീയമായും നിര്‍ബന്ധമായും ഇംഗ്ലീഷ് പഠിക്കണം. അതിനര്‍ഥം എല്ലാ വിഷയങ്ങളും ഇംഗ്ലീഷിലാണു പഠിക്കേണ്ടതെന്നല്ല. കാര്യങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കാനും ഗ്രഹിച്ചവ സ്വാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു വിപുലീകരിക്കാനും പഠനം മാതൃഭാഷയിലാവുന്നതാണ് ഉത്തമം.
ലോകമെമ്പാടും ഇന്നോളം വികസിച്ചിട്ടുള്ള എല്ലാ വിദ്യാഭ്യാസമനഃശാസ്ത്ര ചിന്തകളും തത്വവിചാരങ്ങളും മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. പഠനമെന്നത് ഒറ്റയൊറ്റ അനുഭവങ്ങളുടെ സ്വാംശീകരണം മാത്രമല്ല. അത്തരം അനുഭവങ്ങള്‍ തമ്മില്‍ ഉള്‍ച്ചേര്‍ന്നും ഏറ്റുമുട്ടിയും നേരത്തെ സ്വാംശീകരിച്ച അറിവുകളുമായി കൂടിച്ചേര്‍ന്നുമുള്ള സങ്കീര്‍ണമായ മാനസികപ്രക്രിയയാണ്. മുന്നറിവെന്നതു പഠനസന്ദര്‍ഭത്തില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ്. കുട്ടി തന്റെ മുന്നറിവുകളെല്ലാം സംഭരിച്ചിരിക്കുന്ന ഭാഷയാണു മാതൃഭാഷ.

ഒന്നാംക്ലാസിലെത്തുന്ന കുഞ്ഞിനു മാതൃഭാഷയില്‍ വലിയ പദശേഖരം സ്വന്തമായുണ്ടാകും. രാപ്പലുകളും മഴയും വെയിലും ഭക്ഷണസാധനങ്ങളും വാഹനങ്ങളുമടക്കം പലതിനെക്കുറിച്ചും ആ കുഞ്ഞിനറിയാം. വിശപ്പും വീഴ്ചയും പൊള്ളലും വാരിയെടുക്കലും ഉമ്മവയ്ക്കലും ഒക്കെയായി എന്തെല്ലാം ശാരീരികാനുഭവങ്ങളുമായി  ഇതിനോടകം കുഞ്ഞ്  കടന്നുവന്നിട്ടുണ്ട്. ഈ അറിവുകളുടെയും അനുഭവങ്ങളുടെയും സര്‍ഗാത്മക തുടര്‍ച്ചയാവണം വിദ്യാഭ്യാസം. അന്യഭാഷ സംസാരിക്കുന്ന ക്ലാസ് മുറിക്കും അധ്യാപകര്‍ക്കും മുന്നില്‍ കുട്ടികളുടെ അനുഭവലോകങ്ങള്‍ തെളിഞ്ഞുവരില്ല. വിദ്യാര്‍ഥിക്കു മടുപ്പുവരും.
മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസം അധ്യയനമാധ്യമത്തിന്റെ മാത്രം പ്രശ്‌നമല്ല. ഒരു സമൂഹത്തിന്റെ സ്വയംപര്യാപ്തതയും ആഭ്യന്തരശാക്തീകരണവുംകൂടി ഉള്‍ചേര്‍ന്ന പ്രശ്‌നമാണ്.

നമ്മുടെ വികസനസങ്കല്‍പ്പങ്ങള്‍ക്കു മാതൃഭാഷയുമായി വലിയ ബന്ധമുണ്ട്. തൊഴിലും സാമൂഹികാംഗീകാരവുമൊക്കെയാണു വ്യക്തികളെ വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കുന്നത്. പക്ഷേ, സമൂഹം എന്തിനാണ് അതിന്റെ വരുമാനത്തില്‍ വലിയൊരു ഭാഗം വരുംതലമുറയെ പഠിപ്പിക്കാന്‍ ചെലവഴിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ സാധ്യമാവുന്ന ജ്ഞാനോല്‍പ്പാദനം ഭാവി വികാസത്തിന് ഉപയുക്തമാക്കാമെന്നു സമൂഹം പ്രതീക്ഷിക്കുന്നു.
നാടിന്റെ ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിയുന്ന വിവിധ മേഖലകളിലെ വിദഗ്ധര്‍ നേതൃനിരയിലുണ്ടാവണമെന്നു സമൂഹം ആഗ്രഹിക്കുന്നു. അന്യഭാഷാധിഷ്ഠിതമാകുമ്പോള്‍ വിദ്യാഭ്യാസം സാമൂഹികവികസനവുമായുള്ള അതിന്റെ പൊക്കിള്‍ക്കൊടി ബന്ധമാണു മുറിച്ചുകളയുന്നത്. ഉന്നതതൊഴില്‍ തേടി പുറംനാടുകളില്‍ ചെന്നുചേരുകയാണു തങ്ങളുടെ ലക്ഷ്യമെന്നു വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിക്കുന്നു.

ഇവിടയുള്ള നിരക്ഷരരുടെ നികുതിപ്പണംകൊണ്ടു പഠിച്ചവര്‍ വിദേശങ്ങളിലേയ്ക്കു കുടിയേറി നാടിനു വലിയ ബൗദ്ധികച്ചോര്‍ച്ച ഉണ്ടാകുന്നു. (വിദേശ മലയാളികളെ കുറച്ചുകാണുകയല്ല. അവര്‍ നേടിത്തരുന്ന വരുമാനം നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ വളരെ പ്രധാനമാണെന്ന കാര്യം മറക്കുകയുമല്ല. ആരും രാജ്യംവിട്ടു പോകരുതെന്ന സങ്കുചിതവാദവുമല്ല. ഇവിടെ നടക്കുന്ന ഗവേഷണങ്ങള്‍ ഏറിയകൂറും ഈ മണ്ണിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതല്ലെന്നു വ്യക്തമാക്കുകയാണ്.)
ആഗോളീകരണത്തിന്റെ മാനദണ്ഡങ്ങളെടുത്താല്‍തന്നെ ലോകത്ത് വികസനശരാശരിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതു ജപ്പാനും ചൈനയുമാണ്. വിദ്യാഭ്യാസവും ഭരണവും വികസനപ്രവര്‍ത്തനങ്ങളും മാതൃഭാഷയില്‍ നടക്കുന്ന രാജ്യങ്ങളാണവ. എന്നാല്‍, ഉന്നതവിദ്യാഭ്യാസത്തില്‍പോലും മാതൃഭാഷാവല്‍ക്കരണത്തിന്റെ സാധ്യത ആരായേണ്ട കാലത്താണു നാം പ്രാഥമികവിദ്യാഭ്യാസം ഇംഗ്ലീഷ്‌വല്‍ക്കരിക്കുന്നത്.

ആശയപ്രചാരണംകൊണ്ടു മാത്രം പ്രതിരോധിക്കാനാവില്ല ഇംഗ്ലീഷ്മീഡിയം ജ്വരത്തെ. കാരണം, നമ്മുടെ തൊഴില്‍കമ്പോളവും അതിലെ മത്സരങ്ങളും യാഥാര്‍ഥ്യമാണ്. മലയാളം മീഡിയത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്കു തൊഴില്‍രംഗത്തു മികച്ച സാധ്യത ഉറപ്പുവരുത്താന്‍ സമൂഹത്തിനു ബാധ്യതയുണ്ട്.
ഐ.എ.എസ്, ഐ.പി.എസ് പരീക്ഷകള്‍ നമുക്കു മാതൃഭാഷയിലെഴുതി വിജയിക്കാം. എന്നാല്‍, സെക്രട്ടേറിയറ്റിലെ  അസിസ്റ്റന്റോ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കോ ആവുന്നയാള്‍ക്ക് ഇംഗ്ലീഷില്ലാതെ പറ്റില്ല.

ഈസ്ഥിതി മാറണം. ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ പ്രൊഫഷനല്‍ തസ്തികകളൊഴികെ മറ്റു പരീക്ഷകളില്‍ ചോദ്യങ്ങളെല്ലാം മലയാളത്തില്‍ നല്‍കുകയും (അതിര്‍ത്തി ജില്ലകളില്‍ ന്യൂനപക്ഷഭാഷകളിലും) നിശ്ചിതശതമാനം ചോദ്യങ്ങള്‍ ഇംഗ്ലീഷ് അഭിരുചി പരിശോധനയ്ക്കു മാറ്റിവയ്ക്കുകയും വേണം.
നീറ്റ് അടക്കമുള്ള ദേശീയ യോഗ്യതാപരീക്ഷകള്‍ മലയാളത്തില്‍ക്കൂടി നടത്തുമെന്നുറപ്പാക്കണം. ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ കേരളത്തിനു വലിയ നഷ്ടമാണുണ്ടായത്. മലയാളത്തില്‍ പ്ലസ്ടുവില്‍ പാഠപുസ്തകങ്ങളില്ലാത്തതിനാല്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ലഭ്യമായില്ല. തമിഴും ഉറുദുവും അടക്കം മിക്കവാറും ഇതരസംസ്ഥാന പരീക്ഷാര്‍ഥികള്‍ മാതൃഭാഷയില്‍ പരീക്ഷയെഴുതിയപ്പോള്‍ മലയാളികുട്ടികള്‍ ഇംഗ്ലീഷിലാണു പരീക്ഷയെഴുതിയത്.

പ്ലസ്ടു പാഠപുസ്തകങ്ങള്‍ ഉടന്‍ മലയാളത്തില്‍ ലഭ്യമാക്കേണ്ടതുണ്ട്.
 ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളേക്കാള്‍ ശോഭനമായ ഭാവി മലയാളംമീഡിയം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ സാധിക്കൂ. 'മാതൃഭാഷാമാധ്യമ പൊതുവിദ്യാഭ്യാസം' എന്നു പറയുംമ്പോഴേ 'പൊതുവിദ്യാഭ്യാസ സംരക്ഷണം' അര്‍ഥപൂര്‍ണമാകുകയുള്ളൂ. പൊതുവിദ്യാഭ്യാസവും അണ്‍എയ്ഡഡ് വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം ഉടമസ്ഥതയുടെയും കച്ചവടലാഭത്തിന്റെയും മാത്രം പ്രശ്‌നമല്ല. ഭാവികേരളത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയസാംസ്‌കാരിക ഘടകങ്ങള്‍ കൂടി അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago