പോയ് വരുമ്പോള്‍ എന്തു കൊണ്ടുവരും
ജലപ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തെ പുനരുദ്ധരിക്കാനുള്ള ഫണ്ട് ശേഖരണയജ്ഞവുമായി ഇവിടത്തെ മന്ത്രിമാരൊക്കെയും വിദേശപര്യടനത്തിനു പുറപ്പെടാന്‍ ഒരുങ്ങിയതായിരുന്നു. അതിപ്പോള്‍ കേന്ദ്രം തടഞ്ഞിരിക്കുകയാണ്. ആ തടസ്സം മാറ്റിയെടുത്തു വിദേശപ്പറക്കല്‍ യാഥാര്‍ഥ്യമാക്കുമോ എന്നറിയില്ല.
തടസ്സങ്ങളെല്ലാം മാറ്റി പോകുമെന്നു തന്നെ കരുതാം. വിദേശപ്പിരിവ് ഒരു ദൗത്യമാണല്ലോ. പോയാലുമില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ച കാര്യങ്ങള്‍ വച്ചു ചില പരിചിന്തനങ്ങളാണ് ഈ കുറിപ്പില്‍. ദൗത്യസംഘം തയാറാക്കിയ പട്ടികയില്‍ അമേരിക്കയും ബ്രിട്ടനുമൊക്കെയുണ്ട്. എങ്കിലും എന്നും നമ്മോടൊപ്പമെന്നു പറഞ്ഞു നിന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയോ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയോ പേരു പട്ടികയില്‍ കാണാനില്ല.
അഭൂതപൂര്‍വമായ ജലപ്രളയം കൊച്ചുകേരളത്തിന് 25,000 കോടിയില്‍പ്പരം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നു ലോകബാങ്ക് വിദഗ്ധര്‍ ഇവിടെ വന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാപാരരംഗത്തെ നഷ്ടം കണക്കാക്കിയിട്ടില്ല. ലോകബാങ്ക് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പുതിയ പാക്കേജിനായി കേന്ദ്രസര്‍ക്കാരിലേക്കു പുതിയ നിവേദനം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രളയക്കെടുതിയിലായ കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമാക്കി പ്രവാസി മലയാളികളുടെ സഹായസഹകരണങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലേക്ക് മന്ത്രിസംഘയാത്ര നടത്താനാണു തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം പതിനേഴു മന്ത്രിമാര്‍ വിദേശപ്പിരിവിനു പറക്കാനായിരുന്നു തീരുമാനം. മൂന്നു മന്ത്രിമാരെങ്കിലും നാട്ടിലിരിക്കട്ടെ എന്നു ചിന്തിച്ചതു ഭാഗ്യം. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണു മുഖ്യമന്ത്രിയുടെ യാത്രാപരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടി ഡോ. ഇളങ്കോവന്‍ തുണക്കാരനായിരിക്കും.
നിയമസെക്രട്ടറി ഹരീന്ദ്രനാഥിനൊപ്പം സഊദി അറേബ്യയിലെ ജിദ്ദയിലേക്കും ദമാമിലേക്കും പോകാനായിരുന്നു മന്ത്രി എ.കെ ബാലന്റെ പരിപാടി. മാത്യു ടി. തോമസ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ബാബുവിനൊപ്പം റിയാദിലേക്കും പെട്ടിയൊരുക്കി. ഒമാനില്‍ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലേക്ക് എ.സി മൊയ്തീനും ഖത്തറിലേക്കു ഡോ. കെ.ടി ജലീലും ബഹ്‌റൈനിലേക്ക് എം.എം മണിയും കുവൈത്തിലേക്ക് ഇ.പി ജയരാജനും സിംഗപ്പൂര്‍ ചുറ്റാന്‍ ഇ. ചന്ദ്രശേഖരനും പദ്ധതികളെല്ലാം തയ്യാറാക്കി വച്ചിരുന്നു.
ഡോ. തോമസ് ഐസക്ക് അമേരിക്കയിലെ ന്യൂയോര്‍ക്ക്, ബൂസ്റ്റണ്‍, ഷിക്കാഗോ നഗരങ്ങള്‍ തെരഞ്ഞെടുത്തു. ജി. സുധാകരന്‍ വാഷിങ്ടണ്‍, ടെക്‌സാസ്, ഫ്‌ളോറിഡ എന്നിവിടങ്ങളും. മലേഷ്യ (പി. തിലോത്തമന്‍), ഓസ്‌ട്രേലിയ (ജെ. മേഴ്‌സിക്കുട്ടിഅമ്മ), ന്യൂസിലന്‍ഡ് (രാമചന്ദ്രന്‍ കടന്നപ്പള്ളി), ഇംഗ്ലണ്ട് (കടകംപള്ളി സുരേന്ദ്രന്‍), ജര്‍മനി (എ.കെ ശശീന്ദ്രന്‍), നെതര്‍ലന്‍ഡ്‌സ് (മാത്യു ടി. തോമസ്), ശ്രീലങ്ക (ടി.പി രാമകൃഷ്ണന്‍), കാനഡ (വി.എസ് സുനില്‍കുമാര്‍) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ യാത്രാപരിപാടി.
അമേരിക്ക പണ്ട് സൗജന്യ ഉപ്പുമാവ് തന്നപ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചവരാണു നമ്മള്‍. 'കെയര്‍' എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി അമേരിക്ക സൗജന്യമായി പാല്‍പൊടി വിതരണം ചെയ്തപ്പോള്‍ അതിനെതിരേ സമരം ചെയ്തു. എന്നാല്‍, ഇന്ന് എവിടെനിന്നു സഹായം കിട്ടിയാലും ഇരുകൈയും നീട്ടി വാങ്ങാന്‍ നാം തയാര്‍.
അതേസമയം, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെന്നും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെന്നും പറഞ്ഞു കാലാകാലങ്ങളായി നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നാടുകളിലൊന്നിനെപ്പോലും സഹായം നല്‍കിയവരുടെയും സഹായമഭ്യര്‍ഥിച്ചു പോകുന്ന ദേശങ്ങളുടെയും പട്ടികയില്‍ കാണാനില്ല. ഉരുണ്ട ഭൂമി ഇത്രമാത്രം പരന്നതാണെന്നു തിരിച്ചറിയാന്‍ നാം എത്രകാലം കാത്തിരിക്കേണ്ടിവരുമോ ആവോ.
'പോയ് വരുമ്പോഴെന്തു കൊണ്ടുവരും' എന്ന സിനിമാഗാനം പാടാന്‍ സമയമായിട്ടില്ല. അവിടങ്ങളില്‍ നിന്നൊക്കെ ഇതിനകം ലക്ഷങ്ങള്‍ തന്നു കഴിഞ്ഞവര്‍ പലരുണ്ടെങ്കിലും വേറെയും പലരും കൈയയച്ചു നല്‍കാന്‍ കഴിവുള്ളവരായി കാണുമല്ലോ. അവിടെയൊക്കെ കൈനീട്ടി പിരിക്കാന്‍ പോകുമ്പോള്‍ ഭാഷ പ്രശ്‌നമാവില്ലേയെന്നു ചോദിച്ചാല്‍, പണ്ട് ഗള്‍ഫിലേക്ക് ആദ്യമായി പോയി വന്ന മലയാളിയുടെ മറുപടി ഉദ്ധരിക്കാം. അതിങ്ങനെയായിരുന്നു: ''അവര്‍ ചിരിക്കുന്നതും കരയുന്നതുമൊക്കെ നമ്മളെപ്പോലെ തന്നെ. സംസാരിക്കുമ്പോള്‍ മാത്രമാണ് അല്‍പ്പം പ്രയാസം. അതിനാല്‍ അവരുടെ ഭാഷ എനിക്കു പ്രശ്‌നമായില്ല. എന്റെ ഭാഷ അവര്‍ക്കു പ്രശ്‌നമായോയെന്ന് ഞാന്‍ അന്വേഷിച്ചതുമില്ല.''
പാവം സി.പി.ഐ മന്ത്രി കെ. രാജുവാണു കുഴപ്പത്തിലായത്. ഭാഷ അറിയാഞ്ഞിട്ടല്ല. കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ജര്‍മന്‍ പര്യടനത്തിനു പോയതിനാലാവണം മന്ത്രി രാജുവിന്റെ പേര് പട്ടികയില്‍ നിന്നു വെട്ടിയിരുന്നു. ഇരുപതംഗ മന്ത്രിസഭയില്‍ ആരും സംസ്ഥാനത്തുണ്ടാവില്ലെന്ന പരാതി കഴുകിക്കളയാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയോടും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനോടും കേരളത്തില്‍ത്തന്നെ നില്‍ക്കാനും കല്‍പ്പിച്ചു. തങ്ങളുടെ ശാപം കൊണ്ടാകും മുഴുവന്‍ പട്ടികയും കേന്ദ്രം വെട്ടിയതെന്ന് ഈ മൂവര്‍ സംഘത്തിന് ആശ്വസിക്കാം.
പിരിക്കാന്‍ പോയെന്നും പിരിച്ചുകൊണ്ടുവന്നുവെന്നും കരുതുക. ആ പണമൊക്കെ ശരിയായ രീതിയില്‍ വിതരണം ചെയ്യുമോ. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഐ.എ.എസുകാര്‍ പോലും മാസവിഹിതം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ ഓഫറിനോടു മുഖം തിരിഞ്ഞു നില്‍ക്കുന്നതായാണു വാര്‍ത്ത. സാലറി ചലഞ്ചിനെ കോടതി പോലും ചോദ്യം ചെയ്തു.
പിരിക്കല്‍ പരിപാടിയെ കേന്ദ്രം പാരവച്ചു. മുഖ്യമന്ത്രിക്കു മാത്രമാണ് ഇളവ്. അങ്ങനെ മുഖ്യമന്ത്രി കോടികള്‍ പിരിച്ചുവെന്നു വയ്ക്കുക. അതു കൊണ്ടുവരാന്‍ കേന്ദ്രം സമ്മതിക്കുമോ. വിശ്വസിക്കാന്‍ വയ്യ. യു.എ.ഇ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ 700 കോടി രൂപയുടെ ധനസഹായം വാങ്ങാന്‍ സമ്മതിക്കാതെ കൊലച്ചിരി ചിരിച്ച മഹാനാണു മോദി. ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണക്കുപ്പായമിട്ടു വിദേശയാത്ര പോകുന്ന മോദിക്കു സി.പി.എമ്മുകാരുടെ പാട്ടപ്പിരിവിനോടു പുച്ഛം തോന്നുന്നതു സ്വാഭാവികം.
പക്ഷേ, മോദിയുടെ പഴയ ചരിത്രം അദ്ദേഹം മറന്നാലും നാട്ടുകാര്‍ മറക്കില്ല. 2001 ജനുവരിയില്‍ ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ അന്നവിടെ മുഖ്യമന്ത്രി ആയിരുന്നല്ലോ മോദി. വിദേശരാജ്യങ്ങളോട് അദ്ദേഹം അന്നു സഹായത്തിനിരന്നു. കാനഡ 20 ലക്ഷം ഡോളര്‍ നല്‍കി. ബെല്‍ജിയം ഒമ്പതേകാല്‍ ലക്ഷവും ചൈന ആറുലക്ഷവും ഓസ്‌ട്രേലിയ അഞ്ചരലക്ഷവും നല്‍കി. ബ്രിട്ടനും കുവൈത്തും ഇസ്രാഈലും മാത്രമല്ല പതിമൂന്നു ടണ്‍ റിലീഫ് സാധനങ്ങളുമായി പാകിസ്താന്‍ പോലും സഹകരിച്ചു.
ഒന്നും മോദി വേണ്ടെന്നു പറഞ്ഞില്ല. വിദേശസഹായം സ്വീകരിക്കരുതെന്നു പറഞ്ഞു ബഹളം കൂട്ടിയത് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റായിരുന്നു. പാര്‍ലമെന്റില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗങ്ങളും പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നതിനെ എതിര്‍ത്തു. വിദേശസഹായത്തിനെതിരേ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി. അതു മറ്റൊരു ചരിത്രം.
ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഗുജറാത്തിനു വിദേശരാജ്യങ്ങള്‍ കൈയയച്ചു നല്‍കിയ സംഭാവനകള്‍ അന്നത്തെ മുഖ്യമന്ത്രിയായ മോദി എന്തു ചെയ്തുവെന്ന് ആരും അന്വേഷിക്കാന്‍ പോയിട്ടില്ല. കേരളത്തിലെ ഒരു പ്രമുഖ മലയാളദിനപത്രം സ്വന്തം കൈകളിലെ കാശിറക്കിയും വായനക്കാരില്‍ നിന്നു ശേഖരിച്ചും ലാത്തൂരില്‍ ലക്ഷങ്ങള്‍ ചെലവാക്കി ഒരു ഗ്രാമം തന്നെ പണിതു നല്‍കിയ ചരിത്രം ചിലര്‍ മാത്രമേ അറിഞ്ഞുള്ളൂ.
എന്നാല്‍, മോദി തന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ഒരു വലിയ കാര്യം ചെയ്തിട്ടുണ്ട്. നര്‍മദാ നദിക്കരികെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനരികെ 3000 കോടി രൂപ ചെലവില്‍ ഒരു കൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നു. 33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ച് 500 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ഈ പ്രതിമ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിന്റേതാണ്. അതേ സംസ്ഥാനക്കാരനായ രാഷ്ട്രപിതാവ് മഹാത്മജിയെപ്പോലും മറികടന്നു പണ്ഡിറ്റ്ജിയുടെ മന്ത്രിസഭയിലെ രണ്ടാമനെ ഇന്ത്യയുടെ ഒന്നാമനാക്കുന്ന വിദ്യ.
അതെന്തോ ആകട്ടെ, കേരളത്തിന്റെ അന്നം മുടക്കാന്‍ കേന്ദ്രം തുനിയുന്നു എന്നു പരാതിപ്പെടുന്നവര്‍ ലോകബാങ്കിന്റെ റിപ്പോര്‍ട്ടുമായാണു വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്. ലോകബാങ്കുകാര്‍ വരുമ്പോഴൊക്കെയും ഗോബായ്ക്ക് വിളിച്ചു നടന്നവരുടെ പാര്‍ട്ടി പഴയ കഥകളൊക്കെ മറന്നു പോയിട്ടുണ്ടാകും. പെട്രോളിനു ഒരു രൂപ കൂട്ടിയാല്‍ ബന്ദും ഹര്‍ത്താലും പ്രഖ്യാപിച്ചു നാടു സ്തംഭിപ്പിച്ചിരുന്നവര്‍ക്ക് ഇന്ധനവില നൂറു രൂപയിലേയ്ക്ക് എത്താന്‍ തുടങ്ങിയപ്പോഴും മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ കുറയ്ക്കുന്ന പോലെയെങ്കിലും അധികനികുതിയില്‍ ഒരു പൈസ പോലും കുറയ്ക്കാനും തയാറായില്ല.
ചരക്കുസേവന നികുതിയില്‍ അഡിഷനല്‍ സെസ് കൊണ്ടുവരാനും കേരളസര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നു. ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെയാണ് ഈ നിര്‍ദേശം വച്ചത്. അതു നടപ്പാക്കിക്കിട്ടാനായി ഏഴംഗ മന്ത്രിതല സമിതിയെക്കൂടി രംഗത്തിറക്കിയിട്ടുണ്ടത്രേ. സ്വത്തു നികുതിയില്‍ അഞ്ചുശതമാനം വര്‍ധനയ്ക്കു ലണ്ടന്‍ ആസ്ഥാനമായ നൈറ്റ് ഡ്രാങ്ക് എന്ന കണ്‍സള്‍ട്ടന്‍സിയെ കൂട്ടുപിടിച്ചു കേരള സര്‍ക്കാര്‍ വിദേശമദ്യത്തിന്റെ നികുതി നാലു ശതമാനം കൂടി വര്‍ധിപ്പിക്കുന്നതും നാം കണ്ടു.
ഈ മദ്യനികുതി വര്‍ധന കേരളത്തിനു 230 കോടി രൂപ നേടിത്തരുമത്രേ. കൂടുതല്‍ കൂടുതല്‍ മദ്യം കഴിച്ചുകൊണ്ടു നാടിനെ സേവിക്കാന്‍ അവസരം നല്‍കുമാറ്, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പുതിയ മദ്യവാറ്റു കേന്ദ്രങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കുന്നു. വെള്ളത്തില്‍ മുങ്ങിച്ചാവാതിരുന്നവര്‍ക്കു മദ്യത്തില്‍ മുങ്ങിച്ചാവാനുള്ള അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."