മാലിന്യത്തില്‍ മുങ്ങി മാരാരിക്കുളം; മുഖംതിരിച്ച് അധികൃതര്‍
ടി.പി ഷാജി
മണ്ണഞ്ചേരി: പ്രദേശമാകെ മാലിന്യത്താല്‍ പൊതുമുട്ടി നാട്ടുക്കാര്‍. മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലെ താമസക്കാരാണ് മാലിന്യത്തിന്റെ കെടുതിയില്‍ നട്ടംതിരിയുന്നത്. പരാതിയുമായി മണ്ണഞ്ചേരി പൊലിസ് സ്റ്റേഷനില്‍ എത്തുന്നവരെ കാണാന്‍പോലും നിയമപാലകര്‍ സന്നദ്ധരാകുന്നില്ല. തദ്ദേശഭരണസമിതിയും മുഖംതിരിക്കുന്ന നിലപാടിലാണ്.
പാതിരപ്പള്ളി മുതല്‍ വളവനാട് വരെയുള്ള ദേശീയപാതയ്ക്കരുകിലും പുളിച്ചുവട് വലുങ്ക്, അടിവാരം, കാവുങ്കല്‍ ക്ഷേത്രത്തിന് തെക്കുഭാഗം, കേരളാ സ്പിന്നേഴ്‌സിന് സമീപം, മടയാംതോട്, എ.എസ് കനാല്‍ തീരം, മറ്റത്തില്‍ കലുങ്ക്, ഓടാപ്പോഴി, വാഴക്കൂട്ടംപ്പൊഴി, പാതിരപ്പള്ളി ബണ്ട് എന്നിവിടങ്ങളിലാണ് മാലിന്യത്താല്‍ ജനജീവിതം ദുസഹമാകുന്നത്.
കക്കൂസ് മാലിന്യവും അറവുമാലിന്യവുമാണ് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് വിതയ്ക്കുന്നത്. പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയുടെ മുന്നില്‍ മാസങ്ങളായി ദിവസേനയെന്നോണം മാലിന്യടാങ്കറുകള്‍ കക്കൂസ് മാലിന്യം തള്ളി വരുകയാണ്. ഈ ഭാഗത്ത് ഇത്തരം മാലിന്യം നിറഞ്ഞതോടെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തേയ്ക്ക് മാലിന്യം തള്ളല്‍ തുടങ്ങി. വീടുകളുടെ മുന്നില്‍ ഇത്തരക്കാര്‍ മാലിന്യം തള്ളല്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ മണ്ണഞ്ചേരി പൊലിസിനേയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് അധികൃതരോടും പരാതി അറിയിച്ചത്. നിങ്ങള്‍ ജാഗ്രതാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് മാലിന്യം തള്ളുന്നവരെ നേരിടാനാണ് പൊലിസും പഞ്ചായത്ത് അധികൃതരും മറുപടി നല്‍കുന്നത്.
സര്‍വസന്നാഹത്തോടെ എത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ എങ്ങനെ നേരിടാനാണെന്ന ഭീതീയോടെയുള്ള മറുചോദ്യത്തിന് ചിരി മാത്രമാണ് പൊലിസിന്റെ മറുപടിയെന്ന് പരാതിക്കാര്‍ പറയുന്നു. പൊലിസിന്റെ നിരീക്ഷണമുള്ള ആലപ്പുഴ റേഡിയോ നിലയത്തിന്റെ മുന്നിലും ദിവസവും മാലിന്യനിക്ഷേപം നടക്കുന്നുണ്ട്. മാലിന്യത്താല്‍ ഗത്യന്തരമില്ലാതെ ഈ ഭാഗത്തെ വഴിയോര കച്ചവടക്കാര്‍ നേരത്തെ തന്നെ പുതിയ സ്ഥലത്തേക്ക് കച്ചവട കേന്ദ്രം മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം എക്‌സല്‍ ഗ്ലാസിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ലോറിയിലേക്ക് നാട്ടുകാര്‍ ടോര്‍ച്ച് പ്രകാശിപ്പിച്ചപ്പോള്‍ ഈ വാഹനം വേഗത്തില്‍ ഓടിച്ചുപോയിരുന്നു. ഈ ടാങ്കര്‍ പാതിരപ്പള്ളിയിലെ ഒരു ഫ്രൂട്ട്‌സ് കടയിലേക്ക് നിയന്ത്രണം തെറ്റി ഓടിക്കയറുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ പൊലിസിനോട് ഈ കാര്യം പറഞ്ഞെങ്കിലും ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സംഭവം ജനങ്ങളുടെ പ്രദേശവാസികളുടെ ഇടയില്‍ വലിയ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു.
മാലിന്യം തള്ളുന്നവരെ സംരക്ഷിക്കുകയും പരാതിക്കാരോട് മുഖം തിരിക്കുകയും ചെയ്യുന്ന പ്രാദേശിക ഭരണകൂടത്തോടും നിയപാലകരോടും രോഷാകുലരാണ് ദുരിതം അനുഭവിക്കുന്നവര്‍. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നുനടിക്കുന്ന അധികൃതര്‍ക്കെതിരേ ശക്തമായ പ്രതിഷേധസമരത്തിനൊരുങ്ങാനാണ് നാട്ടുകാരുടെ അടുത്ത നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."