ഹൈടെക് തട്ടിപ്പുമായി മണിചെയിന്‍ കമ്പനികള്‍
പയ്യാവൂര്‍: മലയോരത്തെ ജനങ്ങളില്‍ നിന്നു കോടിക്കണക്കിന് രൂപ തട്ടിച്ച് ഒടുവില്‍ കോടതിയുടെ പിടിവീണ മണിചെയിന്‍ കമ്പനികള്‍ ഹൈടെക്ക് തട്ടിപ്പുമായി വീണ്ടും രംഗത്ത്. ഇത്തവണ ഓണ്‍ലൈന്‍ ബിസിനസിന്റെ മറവിലാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങെന്ന ഓമനപ്പേരില്‍ മണിചെയിന്‍ കമ്പനികളുടെ രംഗപ്രവേശം.
അടുത്ത കാലത്ത് കേസില്‍പെട്ട പ്രധാന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികളുടെ പേരിനോട് സമാനമായ പേരുമായാണ് തട്ടിപ്പ് കമ്പനികള്‍ വീണ്ടും പിടിമുറുക്കുന്നത്. മലയോരമേഖലയിലുള്‍പ്പെടെ നിരവധി പേരാണ് ഇതിന്റെ പ്രമോട്ടര്‍മാരായി രംഗത്തുള്ളത്.
കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതാണ് കമ്പനിയില്‍ ഡിസ്ട്രിബ്യൂട്ടര്‍ പദവി നേടാനുള്ള മാര്‍ഗം. പിന്നീട് ഓരോ ഡിസ്ട്രിബ്യൂട്ടറും ഇടത്തും വലത്തുമായി ഓരോരുത്തരെ ചേര്‍ത്ത് ബിസിനസ്സ് വിപുലപ്പെടുത്തണം. അങ്ങനെ മണിചെയിനിന്റെ സമാന മാതൃകയില്‍ ഇരട്ടപ്പെരുക്കത്തിന്റെ കണക്കിലാണ് കമ്പനിയുടെ ലാഭം. എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി മാത്രമാണെന്നതാണ് പുതുമ.
പണമിടപാടുകളെല്ലാം ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് പരിപോഷിപ്പിക്കുന്നതിനായി ചേരുന്നവര്‍ക്ക് പരിശീലന ക്ലാസുകളും ബിസിനസ് ടൂളുകളും നല്‍കും. ജില്ലയില്‍ ഇതിനകം കമ്പനി വന്‍ ബിസിനസ് നേടിക്കഴിഞ്ഞതായാണ് പ്രമോട്ടര്‍മാരില്‍ ചിലര്‍ വ്യക്തമാക്കുന്നത്. ബിസിനസിന്റെ വളര്‍ച്ചക്ക് ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും മറ്റ് സോഷ്യല്‍ മീഡിയയെയും വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഫീല്‍ഡ് വര്‍ക്ക് നടത്തുന്നത് കുറവാണ്.
മുന്‍കാലങ്ങളില്‍ മണിചെയിന്‍ കമ്പനികളുടെ തലപ്പത്തുണ്ടായിരുന്നവര്‍ തന്നെയാണ് പുതിയ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കിനും നേതൃത്വം നല്‍കുന്നതെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."