കൊല്ലത്ത് പള്ളിക്കലാറ് കരകവിഞ്ഞു; ജില്ലയില്‍ നാല് ക്യാംപുകള്‍ തുറന്നു
കൊല്ലം: ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴക്ക് ശമനമുണ്ടായെങ്കിലും പള്ളിക്കലാറ് കരകവിഞ്ഞതോടെ കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളിലെ പുഴയുടെ തീരങ്ങളില്‍ ജലനിരപ്പുയര്‍ന്നു. പള്ളിക്കലാറ് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രദേശത്തുള്ളവരെ നാല് ക്യാംപുകളിലേക്ക് മാറ്റി. കുന്നത്തൂരിലും കരുനാഗപ്പള്ളിയിലുമാണ് ക്യാംപുകള്‍. കരുനാഗപ്പള്ളിയില്‍ പാവുമ്പ, തൊടിയൂര്‍ എന്നീ വില്ലേജുകളിലെ അമൃത യു.പി സ്‌കൂള്‍, വേങ്ങര എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും കുന്നത്തൂരില്‍ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അങ്കണവാടി, അഴകിയകാവ് എല്‍. പി സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് അഭയ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
നാലിടത്തുമായി 308 കുടുംബങ്ങളുണ്ട്. അമൃത യു.പി സ്‌കൂളില്‍ 135, വേങ്ങര എല്‍.പിയില്‍ 61, പടിഞ്ഞാറ്റംമുറി അങ്കണവാടിയില്‍ 28, അഴകിയകാവ് എല്‍.പി. സ്‌കൂളില്‍ 84 കുടുംബങ്ങളുമാണുള്ളത്. 911 പേര്‍ ആണ് ക്യാംപുകളിലായി ആകെയുള്ളത്. ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയുടെ കിഴക്കന്‍ മേഖലകളിലും മഴ പെയ്യുന്നുണ്ടെങ്കിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെന്മല ഡാമില്‍ നീരൊഴുക്കു കുറവായതിനാല്‍ കല്ലടയാറിന്റെ തീരങ്ങളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. 116 അടി സംഭരണ ശേഷിയുള്ള തെന്മല ഡാമില്‍ നിലവിലെ ജലനിരപ്പ് 104 അടിയാണ്. ജില്ലയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ കടലാക്രമണം തുടരുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."